ബിജെപി - ആര്‍എസ്എസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

Friday 20 January 2017 10:43 pm IST

കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവര്‍ ചര്‍ച്ചയില്‍

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകക്കേസില്‍ വിദഗ്ധ അന്വേഷണസംഘം വേണമെന്ന് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെട്ട ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പട്ടികയും കൈമാറി.

തന്റെ മണ്ഡലത്തില്‍ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കണ്ണൂരിലെത്തി സ്ഥിതിഗതികള്‍ മനസിലാക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഓ.രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരടങ്ങിയ സംഘം ആവശ്യപ്പെട്ടു.

പാലക്കാട് സിപിഎമ്മുകാര്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ച കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. നിഷ്പക്ഷമായി അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കേണ്ടിവരുമെന്ന് ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് കുമ്മനം പറഞ്ഞു. കണ്ണൂരില്‍ പോലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറുന്നത്.

അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു പകരം സിപിഎമ്മിനുവേണ്ടി രാഷ്ടീയം കളിക്കുകയാണ്. വിലാപയാത്ര പെരുവഴിയില്‍ തടഞ്ഞത് കേരളത്തിലാദ്യമാണ്. മുഖ്യമന്ത്രി ആവശ്യങ്ങളോട് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നും നടപടിക്കായി ഏതാനും ദിവസം കാത്തിരിക്കുമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.