സന്തോഷ് വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം-ബിജെപി

Friday 20 January 2017 11:06 pm IST

കണ്ണൂര്‍: ധര്‍മ്മടം അണ്ടലൂരിലെ സന്തോഷിനെ അര്‍ധരാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. കൊല നടത്തുകയും അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന കണ്ണൂരിലെ സിപിഎമ്മിന്റെ സ്ഥിരം പല്ലവി തന്നെയാണ് ഈ കൊലപാതകത്തിലും അവര്‍ ആവര്‍ത്തിക്കുന്നത്. വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇയാള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് നീതീകരിക്കാനാവില്ല. കൊലപാതകം നടത്തി കേസ് വഴിതിരിച്ചുവിടുന്നതിനായുള്ള സിപിഎമ്മിന്റെ ബുദ്ധിപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍. കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടില്‍ നിന്നും പോലീസ് നായ മണം പിടിച്ചുപോയത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലേക്കാണെന്നാണ് പി.ജയരാജന്റെ കണ്ടുപിടുത്തം. തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോഴും പോലീസ് നായ ഓടിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലേക്കായിരുന്നു. ഫസലിന്റെ മൃതദേഹത്തില്‍ നിന്നും ചോരയില്‍ മുക്കിയെടുത്ത തുണിയെടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ കൊണ്ടിട്ടതായിരുന്നു ഇതിന് കാരണം. കക്കാട് ശ്രീ നാരായണ പ്രതിമ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് നായ മണംപിടിച്ച് ഓടിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പിലേക്കായിരുന്നു. എന്നാല്‍ ഈ കേസുകളിലെല്ലാം സിപിഎം പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. കൊലപാതകം നടത്തിയശേഷം കേസ് തിരിച്ചുവിടുന്നതിനായുള്ള സിപിഎമ്മിന്റെ ബുദ്ധിപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം. സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ക്കെല്ലാം തന്നെ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥരാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കണ്ണൂരില്‍ നടക്കുമ്പോള്‍ പോലും തങ്ങള്‍ കൊലക്കത്തി താഴെവെക്കില്ലെന്ന് സിപിഎം ഒരിക്കല്‍ക്കൂടി സന്തോഷ് വധത്തോടെ തെളിയിച്ചിരിക്കുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഒഴിവാക്കിയിരുന്നു. അതോടൊപ്പം കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുകളെയും പെട്രോള്‍ പമ്പുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ മറിച്ചുള്ള പ്രചാരണം ദുഷ്ടലാക്കോടുകൂടിയുള്ളതാണ്. സമാധാനപരമായി നടന്ന പ്രകടനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചത്. ജില്ലയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രവര്‍ത്തനമാണ് പോലീസ് നടത്തിയത്. മൃതദേഹത്തെ തന്നെ അപമാനിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പിടിവാശി മൂലമാണ് സന്തോഷിന്റെ മൃതദേഹം മണിക്കൂറുകളോളം നടുറോഡില്‍ കിടക്കാന്‍ കാരണമായത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദശാനുസരണമാണ് പോലീസ് ഈ നടപടിക്ക് തുനിഞ്ഞത്. ഇതിന്റെയൊക്കെ പേരില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പേരില്‍ കേസെടുക്കാനാണ് പോലീസ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.