വനവാസികളെ ദേശീയധാരയിലേക്ക് എത്തിക്കും: സുദര്‍ശന്‍ ഭഗത്

Saturday 21 January 2017 7:23 pm IST

പാലക്കാട്: വനവാസികളെ ദേശീയധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര കൃഷി കര്‍ഷകക്ഷേമ സഹമന്ത്രി സുദര്‍ശന്‍ ഭഗത്. കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന സമ്മേളനം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനവാസികള്‍ക്ക് അനുവദിക്കുന്ന പദ്ധതികള്‍ അവരുടെ കൈകളില്‍ തന്നെ എത്തിച്ചേരണം. അവരില്‍ സ്വാഭിമാനം ഉണ്ടാക്കിയെങ്കില്‍ മാത്രമേ രാജ്യത്തിന് മുന്നോട്ടു പോകാനാകു. പ്രകൃതിയുമായി ഇണങ്ങിയുള്ള അവരുടെ ജീവിതത്തിന് കോട്ടംതട്ടാതെ വേണം വികസന പദ്ധതികള്‍ നടപ്പാക്കാന്‍. ഇത്തരം കാര്യങ്ങളില്‍ കേന്ദ്രം ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളില്‍ വനവാസികളെ കൈപിടിച്ച് ഉയര്‍ത്തണം. സാമ്പത്തിക സ്വാശ്രയത്വവും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. സംസ്ഥാനത്ത് വനവാസി വികാസകേന്ദ്രം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. ശ്രീരാം അധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണന്‍, പള്ളിയറ രാമന്‍, വനവാസി വികാസകേന്ദ്രം സംസ്ഥാന ഗ്രാമീണ പഠന പ്രമുഖ് കെ.ജി. തങ്കപ്പന്‍, കോഴിക്കോട് ഏകലവ്യ വിദ്യാര്‍ത്ഥി നികേതന്‍ ബാലസദനത്തിലെ കെ.വി. ദേവീ, വയനാട് എച്ചോം ലക്ഷ്മി സ്മാരക ഗിരിജന്‍ ബാലിക സദനത്തിലെ എന്‍. കുഞ്ഞി എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നല്‍കി. ലേഖന മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്ത. വനസന്ദേശം മാസിക പ്രകാശനം ചെയ്തു. കല്യാണാശ്രമം ദേശീയ സഹസംഘടന കാര്യദര്‍ശി അതുല്‍ജോഗ്, അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ പ്രസിഡന്റ് കെ.ഐ. പരമേശ്വരന്‍, വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രസിഡന്റ് മധുക്കര്‍ വി. ഗോറെ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, സംസ്ഥാന ഹിതരക്ഷസഹപ്രമുഖ് ടി.ഐ. ലീല, വികാസ കേന്ദ്രം ജോയിന്റ് സെക്രട്ടറി സി.കെ. രാജശേഖരന്‍, ജനറല്‍ സെക്രട്ടറി കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഇന്നു സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.