കാരാപ്പുഴ പദ്ധതി ഉപകാരപ്രദമാക്കാന്‍ നടപടി സ്വീകരിക്കണം

Saturday 21 January 2017 8:50 pm IST

കല്‍പ്പറ്റ : കാരാപ്പുഴ കനാല്‍ ഉപകാരപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ജില്ലയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവൃത്തി തുടങ്ങിയ കാരാപ്പുഴ, ബാണാസുര സാഗര്‍ കനാല്‍ പ്രദേശങ്ങളില്‍ നെല്ല് കൃഷി അടക്കമുള്ള വിഭവങ്ങള്‍ നല്ല രീതിയില്‍ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളായിരുന്നു. എന്നാല്‍ കനാലിനായി ഭൂമി ഏറ്റെടുത്തതോടെ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന നീരൊഴുക്കുകളും ക്രമേണ വറ്റിതുടങ്ങുകയായിരുന്നു. പദ്ധതി പൂര്‍ത്തിയായാല്‍ ജില്ലയിലെ ജലക്ഷാമം മുഴുവന്‍ പരിഹരിക്കപ്പെടുമെന്ന് ചിന്തിച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാണുണ്ടായത്. ജില്ലയില്‍ ജലസ്രോതസുകള്‍ എല്ലാം ദിനം പ്രതി ശുഷ്‌കമായി കൊണ്ടിരിക്കുകയാണ്. പ്രധാന ജലസംഭരണികളായ കാരാപ്പുഴയും ബാണാസുര സാഗറും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിരുന്നെങ്കില്‍ വയനാട്ടിലെ ജലക്ഷാമത്തിന്റെ വ്യാപ്തി കുറക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിന്റെ അപാകതയും അഴിമതിയുടെ വ്യാപ്തിയുമാണ് സംരഭങ്ങള്‍ നടപ്പിലാവാതിരിക്കാനുള്ള കാരണം. കാരാപ്പുഴയുടെ ഇടതു വലതു-കനാലിലൂടെ നാമമാത്ര ദൂരത്തില്‍ ജലം ലഭ്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പതിനാറു കിലോമീറ്റര്‍ നീളമുള്ള ഇടതുകര കനാലില്‍ ഏകദേശം ആറു കിലോമീറ്റര്‍ ദൂരം വരെയേ ജലം ലഭ്യമാക്കിയിട്ടുള്ളൂ. വലതുകര കനാലിന്റെ കാര്യവും വ്യത്യസ്ഥമല്ല. നിര്‍മ്മാണത്തിലെ കെടുകാര്യസ്ഥതയാല്‍ പലയിടത്തും ശക്തമായ ചോര്‍ച്ചയാണുള്ളത്. കനാലിനുവേണ്ടി കല്ലിട്ടു വേര്‍തിരിച്ച ഹെക്ടറുകണക്കിന് സ്ഥലങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയോ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുകയോ ചെയ്തിട്ടില്ല. കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ ഭൂമിയില്‍ കുളമോ, ദീര്‍ഘകാല വിളകളോ മറ്റു നിര്‍മ്മാണ പദ്ധതികളോ നടപ്പാക്കാന്‍ സാധിക്കുന്നുമില്ല. വിവരാവകാശപ്രകാരം അപേക്ഷിച്ചാല്‍ എവിടെയും തൊടാത്ത ഉത്തരമാണ് അധികൃതര്‍ നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. വരുംകാലങ്ങളിലെങ്കിലും കനാലിലൂടെ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.