താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടും

Saturday 21 January 2017 9:13 pm IST

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതി പിരിച്ചു വിടുമെന്ന് സൂചന. ഭരണ സമിതി പിരിച്ചു വിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കുന്നതിനു ബാങ്ക് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും 28നു ജോയിന്റ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ ബാങ്ക് സെക്രട്ടറിക്കു ഇന്നലെ നോട്ടീസ് നല്‍കി. ബാങ്ക് മുന്‍ മാനേജര്‍, രണ്ടു ജീവനക്കാര്‍, സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ പ്രതികളാക്കി കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് എഫ്‌ഐആര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണം െ്രെകംബ്രാഞ്ചിനു കൈമാറുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിപ്പോസിറ്റ് തുകയ്ക്ക് ലഭിച്ചത് വ്യാജ രസീതെന്ന് പരാതി മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ബ്രാഞ്ചില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്ത തുകയ്ക്ക് ലഭിച്ചത് വ്യാജ രസീതെന്ന് പരാതി. വെട്ടിയാര്‍ ഐശ്വര്യത്തില്‍ മുരളീധരന്‍ പിള്ളയാണ് തുക നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ കഴിയുന്നത്. മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് 12.5ശതമാനം പലിശ വാഗ്ദാനത്തില്‍ 16 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചത്. എസ്ബിഐയുടെ ചെക്കുവഴിയാണ് തുക നല്‍കിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ബാങ്കില്‍ എത്തി ഫിക്‌സഡ് ഡിപ്പോസിറ്റ് രേഖകള്‍ ഹാജരാക്കിയപ്പോള്‍ രസീത് വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പണം ബാങ്കില്‍ നിക്ഷേപിച്ചതായും എന്നാല്‍ അടുത്ത ദിവസം ഇതില്‍ നിന്നും സേവിംഗ്‌സ് അക്കൗണ്ട് വഴി ഏഴു ലക്ഷം രൂപ ലോണായി പിന്‍വലിച്ചതായും കണ്ടെത്തി. ഇതു സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് മുരളീധരന്‍പിള്ള പറയുന്നത്. നിക്ഷേപകന്‍ അറിയാതെ 28 കോടി; പരാതി നല്‍കും മാവേലിക്കര: 77 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ 28 കോടി രൂപ എത്തിയതു സംബന്ധിച്ച് ഉടമ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. തഴക്കര കോലോലില്‍ കിഴക്കേതില്‍ അജിമോന്റെ അക്കൗണ്ടിലാണ് 28 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അസി.രജിസ്ട്രാറുടെ നോട്ടീസ് ലഭിച്ചതിന്‍ പ്രകാരം ബാങ്കില്‍ എത്തിയപ്പോഴാണ് അജിമോന്‍ വന്‍ തുകയുടെ ഡിപ്പോസിറ്റിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ തന്റെ അക്കൗണ്ടില്‍ 77 രൂപ മാത്രമെയുള്ളുവെന്ന് അജിമോന്‍ രേഖാമൂലം എഴുതി നല്‍കി. ഇതിന്മേല്‍ മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് അജിമോന്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു മാവേലിക്കര: താലൂക്ക് സഹകരണബാങ്കിലെ തട്ടിപ്പുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതോടെ ബിജെപി വിളിച്ചു ചേര്‍ത്ത നിക്ഷേപകരുടെ യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഭാരവാഹികളായി: വെട്ടിയാര്‍ മണിക്കുട്ടന്‍ (ചെയര്‍മാന്‍), വിജയകുമാര്‍ വിജയശൈലം (കണ്‍വീനര്‍), രംഗരാജ്, ജോണ്‍ വിളനിലത്ത് (വൈസ് പ്രസിഡന്റുമാര്‍), മധുവെട്ടിയാര്‍, മുരളീധരന്‍പിള്ള. എസ് (ജോയിന്റ് കണ്‍വീനറുമാര്‍), ശങ്കരന്‍ നമ്പൂതിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണസെല്‍ ജില്ലാ കണ്‍വീനര്‍ ആര്‍.വിശ്വനാഥന്‍, നഗരസഭാ പ്രതിപക്ഷനേതാവ് എസ്.രാജേഷ്, നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. കെ.വി. അരുണ്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എം.ഒ. ചെറിയാന്‍, മേഖലാ പ്രസിഡന്റുമാരായ ഹരികുമാര്‍, വിജയകുമാര്‍ പരമേശ്വരത്ത്, ജോണ്‍ വിളനിലത്ത്, ബിന്ദു എന്നിവര്‍ സംസാരിച്ചു. പണം പിന്‍വലിക്കുവാന്‍ അവസരം ഒരുക്കണം: ബിജെപി മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ക്രമക്കേടും കണ്ടെത്തിയ സാഹചര്യത്തില്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പരിധിയില്ലാതെ അവരുടെ പണം പിന്‍വലിക്കുവാനുള്ള അവസരം അടിയന്തരമായി ഒരുക്കണമെന്ന് ബിജെപി മാവേലിക്കര മുനിസിപ്പല്‍ ഏരിയാ കമ്മറ്റിയുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. മാവേലിക്കര വടക്ക് ഏരിയാകമ്മറ്റി പ്രസിഡന്റ് കെ.എന്‍. ഹരികുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്ത ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, ഏരിയാകമ്മറ്റി ജനറല്‍ സെക്രട്ടറി എസ്.സന്തോഷ്, ആര്‍.അശോക് കുമാര്‍, സുരേഷ് കുമാര്‍ പൂവത്തുംമഠം, മോഹന്‍ദാസ്, ഹരീഷ്, മനോജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.