കുമരകത്ത് വീണ്ടും സിപിഎം ആക്രമണം

Saturday 21 January 2017 9:38 pm IST

കോട്ടയം: കുമരകത്ത് സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ ആര്‍എസ്എസ് മണ്ഡല്‍കാര്യകാരിയംഗത്തിന് ഗുരുതര പരിക്ക്. കുമരകം മണ്ഡല്‍ കാര്യകാരിയംഗം വലിയപറമ്പില്‍ സുനിത്തി(23)നാണ് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജ്യോതി, ബിനീഷ് (കൊച്ച്) എന്നിവരുടെ നേതൃത്വത്തിലുള്ള ഒന്‍പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി കുമരകം ചന്തക്കവലയില്‍ വച്ചാണ് സംഭവം നടന്നത്. ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുവാനായി കടയില്‍ എത്തിയ സുനിത്തിനെ യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമിച്ചത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് സിപിഎം ക്രിമിനല്‍ സംഘം നടത്തിയ അക്രമത്തില്‍ സുനിത്തിന്റെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. തടയുവാന്‍ എത്തിയവരെ അക്രമി സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ജ്യോതിയുടേയും ബിനീഷിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് കുമരകത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നത്. മദ്യത്തിന്റേയും കഞ്ചാവിന്റേയും ലഹരിയില്‍ കുമരകത്ത് നിരവധി അക്രമങ്ങളാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. നിരവധി തവണ പോലീസ് പിടിയിലായിട്ടുള്ള ഇവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജാമ്യത്തില്‍ ഇറങ്ങി വീണ്ടും അക്രമങ്ങള്‍ നടത്തുകയാണ്. സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ സുനിത്തിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകം പോലീസ് ആശുപത്രിയിലെത്തി സുനിത്തിന്റെ മൊഴി രേഖപ്പെടുത്തി. ജ്യോതിയുടേയും ബിനീഷിന്റേയും പേരിലും കണ്ടാലറിയാവുന്ന ഏഴ് പേരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുമരകം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉപരോധം സമരം ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.