സന്തോഷിന്റെ വീട് കുമ്മനം സന്ദര്‍ശിച്ചു

Saturday 21 January 2017 11:55 pm IST

കൊല ചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ധര്‍മ്മടം അണ്ടലൂരിലെ സന്തോഷിന്റെ മക്കളായ സാരംഗ്, വിസ്മയ എന്നിവരെ കുമ്മനം രാജശേഖരന്‍ ആശ്വസിപ്പിക്കുന്നു

തലശ്ശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തങ്ങോളമിങ്ങോളവും സിപിഎമ്മുകാര്‍ നടത്തിവരുന്ന കൊലപാതകങ്ങളും അക്രമങ്ങളും നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍.

ബുധനാഴ്ച രാത്രി അണ്ടല്ലൂരില്‍ സിപിഎമ്മുകാര്‍ അറുകൊല ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ ഭാര്യ ബേബിയെ ധര്‍മ്മടം പരീക്കടവിലെ വീട്ടില്‍ ഇന്നലെ രാവിലെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കാനാണ് സിപിഎം സംഘം ശ്രമിക്കുന്നത്.

അതിനാണ് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനും നിരപരാധികളെ പ്രതികളാക്കാനും ദുഷ്പ്രചാരണം നടത്തുന്നത്. ധര്‍മ്മടത്തെ ധര്‍മ്മം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം കണ്ട നിഷ്‌ക്രിയനായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി തെളിയിച്ചുകൊണ്ടിരിക്കയാണ്. കലയുടെ മാമാങ്കം നടക്കുന്ന വേളയില്‍ പ്രതിഭാശാലികളായ രണ്ടു മക്കളെയും ഭാര്യയെയും അനാഥരാക്കിക്കൊണ്ട് സിപിഎം നടത്തിയ ഈ കൊലപാതകത്തെ കേരളത്തിലെ സാംസ്‌കാരിക കേരളം അപലപിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം നടന്ന അണ്ടല്ലൂരിലെ സന്തോഷിന്റെ വീടും കുമ്മനം സന്ദര്‍ശിച്ചു. മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, സെക്രട്ടറി എന്‍.ഹരിദാസ് തുടങ്ങിയവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.