സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ പി.ജയരാജന്‍ 'ഒളിവില്‍'

Sunday 22 January 2017 1:40 am IST

പാനൂര്‍: ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ വധിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതികരിക്കാതെ പി.ജയരാജന്‍. സന്തോഷിന്റെ കൊലപാതകം ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്നും കുടുംബവഴക്കാണെന്നും പറഞ്ഞ് പത്രസമ്മേളനം നടത്തിയ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഇന്നലെ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ഒളിവിലായിരിക്കുകയാണ്. നുണയുടെ പെരുമ്പറ മുഴക്കി ശീലിച്ച പി.ജയരാജന്റെ ചുകപ്പന്‍ നുണ കലോത്സവത്തിനെത്തിയ മറ്റു ജില്ലക്കാര്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടാക്കിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പോലീസിനെ ഉപയോഗിച്ച് സംഘര്‍ഷഭരിതമാക്കാനും നീക്കം നടന്നിരുന്നു. പി.ജയരാജന്റെ നുണ ഏറ്റുപിടിച്ച സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ്‌കുമാര്‍ വധം കുടുംബവഴക്കാണെന്ന് ആവര്‍ത്തിച്ചു. തങ്ങളുടെ പ്രവര്‍ത്തകരാണെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും പരസ്യമായി തളളിപ്പറയുമെന്നും പ്രഖ്യാപിച്ചവര്‍ സിപിഎമ്മുകാരുടെ അറസ്‌റ്റോടെ പ്രതിരോധത്തിലായി. കൊലയാളി സംഘത്തെ കസ്റ്റഡിയിലെടുത്തതോടെ തലശേരി ഡിവൈഎസ്പി ഓഫീസില്‍ ധര്‍മ്മടത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ചിറക്കുനി, പാലയാട്, അണ്ടലൂര്‍ ഭാഗത്തെ സ്ഥിരംക്രിമിനലുകളായ സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായ ആറുപേരും. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാണ് .ആരാണ് കൊലയാളിസംഘത്തെ അയച്ചതെന്നാണ് ഇനി അന്വേഷണ വിധേയമാക്കേണ്ടത്. എട്ടംഗസംഘമാണ് സന്തോഷിനെ കൊന്നത്. കുടുംബവഴക്കാണെന്ന വാദമുഖം തകര്‍ന്നതോടെ ടിപി.ചന്ദ്രശേഖരന്‍, ഫസല്‍ വധങ്ങളില്‍ സിപിഎം നിലപാട് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.