പിണറായിക്ക് മുഖ്യമന്ത്രിയുടെ മറുപടി

Saturday 5 May 2012 3:47 pm IST

കോഴിക്കോട്‌: രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുന്നത്‌ ആരാണെന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ വ്യക്തമായി അറിയാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അധ്യാപകനെ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്‍പില്‍ വച്ചു വെട്ടിക്കൊന്നതും ഷുക്കൂറിനെ വിചാരണ ചെയ്തു കൊലപ്പെടുത്തിയതും കേരളം മറക്കാറായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നില്‍ യു.ഡി.എഫ്‌ ക്വട്ടേഷന്‍ സംഘമാണെന്ന പിണറായിയുടെ ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചന്ദ്രശേഖരന്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടു വരുമെന്ന കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പറയുന്നതു പോലെ പ്രവര്‍ത്തിച്ചാല്‍ ആ രീതി നല്ലതാണ്. എന്നാല്‍ മുന്‍കാല അനുഭവങ്ങള്‍ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമങ്ങള്‍ ആരാണു നടത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസോ യുഡിഎഫോ അക്രമ മാര്‍ഗങ്ങളില്‍ വിശ്വസിക്കുന്നില്ല. ആരെങ്കിലും അക്രമം നടത്തിയാല്‍ അതിനെ പരസ്യമായി എതിര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടി ഓഫീസില്‍ നിന്ന്‌ നല്‍കുന്ന പട്ടിക അനുസരിച്ച്‌ പ്രതികളെ നിശ്ചയിക്കുന്നത്‌ പഴങ്കഥയായി മാറിയിട്ടുണ്ട്‌. ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭീഷണിയുണ്ടെന്ന കാര്യം ചന്ദ്രശേഖരന്‍ തന്നോട്‌ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിപരമായ സുരക്ഷ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നില്‍ സി.പി.എം ആണെന്ന്‌ പറഞ്ഞിട്ടില്ല. ആ നിലയ്ക്കും അന്വേഷണം നടക്കുന്നുവെന്നാണ്‌ താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.