എസ്എഫ്‌ഐ ഫാസിസം

Sunday 22 January 2017 9:03 pm IST

വിവരവും വിജ്ഞാനവും കലയും സംസ്‌കാരവുമെല്ലാം സ്വായത്തമാക്കേണ്ട സ്ഥാപനങ്ങളാണ് കലാലയങ്ങള്‍. ലോകമെമ്പാടുമുള്ള വിജ്ഞാന കുതുകികളെ ആകര്‍ഷിച്ച കലാശാലകള്‍ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. നളന്ദയും തക്ഷശിലയുമൊക്കെ അറിവിന്റെ ഭണ്ഡാകാരങ്ങളായിരുന്നു. അതൊക്കെ പഴങ്കഥ. ഭാരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കലാലയങ്ങള്‍ ഇപ്പോഴുമുണ്ട്. ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ വരെ നടന്ന കലാലയങ്ങള്‍ കേരളത്തിലുമുണ്ട്. ബിരുദവും ബിരുദാന്തരബിരുദവുമൊക്കെ നേടാന്‍ കഴിയുന്ന സാക്ഷര കേരളത്തിലെ ചില സ്ഥാപനങ്ങളില്‍ കാണുന്നതും കേള്‍ക്കുന്നതുമൊന്നും നമ്മുടെ സഭ്യതയ്ക്കും മര്യാദയ്ക്കും ചേരുന്നതല്ലെന്ന് പറയേണ്ടിവരുന്നു. ഏറ്റവും മോശമായ വാര്‍ത്തകള്‍ കേട്ടത് ഏറെ പഴക്കമുള്ള, ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നും ഇപ്പോള്‍ എറണാകുളം മഹാരാജാ കോളജില്‍ നിന്നുമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ കാര്യം പറയേണ്ടതില്ല. അവിടെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിസംഘടനയെ അല്ലാതെ മറ്റൊന്നിനെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അധ്യാപകര്‍ പോലും ഭയത്തോടെ മാത്രമാണവിടെ കടന്നുചെല്ലുന്നത്. കോളജിനകത്ത് മാത്രമല്ല, അവിടത്തെ എസ്എഫ്‌ഐ ഗുണ്ടകള്‍ നിമിത്തം പൊതുവഴിയില്‍ പ്രകടനം നടത്താന്‍ പോലും ഭയമാണ്. പോലീസിനെ പോലും തല്ലും കല്ലെറിയും. ഇടിപ്പുര സൂക്ഷിക്കുന്ന സ്ഥാപനമാണതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എറണാകുളം മഹാരാജാസ് കോളജ് എന്നുകേട്ടാല്‍ രോമാഞ്ചം കൊള്ളുമായിരുന്നു കഴിഞ്ഞ തലമുറ. 1875 ല്‍ തുടങ്ങിയ ഈ കോളജില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികളും ഇരുന്നൂറോളം അധ്യാപകരുമുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളായി കേരളത്തില്‍ ഇന്നുള്ള പലരുടെയും തട്ടകമായിരുന്നു മഹാരാജാസ്. വിദ്യാര്‍ത്ഥി സംഘടനകളുടെ വൈവിധ്യങ്ങള്‍ക്കിടയിലും സ്‌നേഹവും സൗഹാര്‍ദ്ദവും പഠനത്തിലെ മികവുമെല്ലാം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. അത്തരം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും അഭിമാനം നല്‍കുന്നതാണോ ഇന്നത്തെ സ്ഥിതി. മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയ്ക്ക് മേല്‍ക്കൈ ഉള്ള മഹാരാജാസ് പ്രിന്‍സിപ്പളിനെ ചുട്ടെരിക്കുന്ന മനോഭാവത്തിലെത്തിയത് ആപല്‍ക്കരമാണ്. പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍.എല്‍.ബീന കോളജിലില്ലാത്തതുകൊണ്ട് അവര്‍ ജീവനോടെ ഇന്നുണ്ട്. പ്രിന്‍സിപ്പലിന്റെ പവിത്രമായ കസേര അവരുടെ മുറിയില്‍നിന്ന് പുറത്തെത്തിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പെട്ടെന്നുള്ള വികാരത്തിന്റെ പുറത്ത് വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിന് കേടുപാട് വരുത്തുന്നതും തമ്മില്‍ തല്ലുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ നടന്നത് ആസൂത്രിതമായ ഗുണ്ടായിസമാണ്. പെട്രോളുമായി കോളജിലെത്തിയത് തന്നെ അതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലൊ. കോളജിനകത്ത് നിരന്തരം സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന വിദ്യാര്‍ത്ഥികളെ ശാസിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്. ഒന്നും കാണാനും കേള്‍ക്കാനും പറയാനും സ്വാതന്ത്ര്യമില്ലാതെ പ്രിന്‍സിപ്പല്‍ തന്റെ മുറിയിലെ കസേരയില്‍ ഒതുങ്ങിയിരിക്കണമെന്നാണ് തിട്ടൂരം. എന്താണ് പ്രൊഫസര്‍ ബീനയെ വേട്ടയാടാന്‍ എസ്എഫ്‌ഐയെ പ്രേരിപ്പിച്ചത്? അത് സിപിഎം വളര്‍ത്തിക്കൊണ്ടുവരുന്ന മാടമ്പി സംസ്‌കാരമാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളോടുള്ള അസൂയയും അസഹിഷ്ണുതയുമാണവര്‍ക്ക്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സിപിഎം അണികളും പോലീസും വേട്ടയാടുന്നത് ദളിത് വിഭാഗത്തെയാണ്. പ്രൊഫസര്‍ ബീനക്കുണ്ടായതുപോലുള്ള അവഹേളനമാണ് ഡോ.സരസുവിനും ഉണ്ടായത്. ബിരുദം നേടിയ കലാലയത്തില്‍ നിന്നുതന്നെ വിരമിക്കണമെന്നാഗ്രഹിച്ചാണ് ടി.എന്‍.സരസു പാലക്കാട് വിക്‌ടോറിയ കോളജിലെത്തിയത്. ചുമതലയേല്‍ക്കാനെത്തിയപ്പോള്‍ നല്ല സ്വീകരണം ലഭിച്ച സരസു പടിയിറങ്ങിയത് കണ്ണീര്‍ ഉതിര്‍ത്തും തൊണ്ടയിടറിയുമാണ്. എസ്എഫ്‌ഐക്കാരും, അവര്‍ക്ക് പ്രേരണയും പിന്തുണയും നല്‍കുന്ന അധ്യാപകരുമാണതിന് വഴിവച്ചത്. പ്രിന്‍സിപ്പല്‍ ദളിത് വിഭാഗമായതിനാല്‍ അസൂയ, അത് ഒരു വനിത കൂടിയാകുമ്പോള്‍ അസഹിഷ്ണുതയായി. പിന്നെ അവര്‍ ചെയ്യുന്നതെല്ലാം നിന്ദ്യം, നികൃഷ്ടം. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി ചാര്‍ജ്ജ് എടുത്തദിവസം തന്നെ ചില എസ്എഫ്‌ഐക്കാര്‍ അപമര്യാദയായി പെരുമാറി. ഇവിടെനിന്നു തുടങ്ങിയ പ്രശ്‌നങ്ങളാണ് ടീച്ചറെ വേട്ടയാടിയത്. കുട്ടികളെ ഗുണ്ടകളാക്കുകയാണ് ഇടത് സംഘടനയായ എകെജിഎസ്ടി ചെയ്തത്. സരസുവരുന്നതിനു മുമ്പുതന്നെ എസ്എഫ്‌ഐയുടെ ഗുണ്ടായിസമായിരുന്നു കോളജില്‍. കോളജ് യൂണിയന്‍ ഉദ്ഘാടന ദിവസം അടിയുണ്ടാവുകയും അധ്യാപകരായ സ്റ്റാഫ് അഡൈ്വസര്‍, രണ്ട് ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിമാര്‍, മാഗസീന്‍ സ്റ്റാഫ് എഡിറ്റര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. എകെജിഎസ്ടിയുടെ മെമ്പര്‍മാരായ ഇവര്‍ കളിയാക്കുന്ന തരത്തിലായിരുന്നു വിശദീകരണം നല്‍കിയത്. താന്‍ വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി വരാതിരിക്കാന്‍ എകെജിഎസ്ടി ശ്രമിച്ചിരുന്നതായി സരസു പറയുന്നുണ്ട്. ടീച്ചറെക്കുറിച്ച് കോളജില്‍ അപവാദം പറഞ്ഞുപരത്തി. വിക്ടോറിയയെ ഓട്ടോണമസ് ആക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ആളാണെന്നു പറഞ്ഞുണ്ടാക്കി, ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐക്കാരെ നിയോഗിച്ചു. കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു കോളജ്. എസ്എഫ്‌ഐയുടെ ചൊല്‍പ്പടിക്ക് വഴങ്ങിയായിരുന്നു ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍. ഇത് നിര്‍ത്തലാക്കിയതോടെ പിന്നീട് ടീച്ചറിനെതിരെ ഗുണ്ടായിസം തുടങ്ങി. വിരമിക്കല്‍ ദിവസമാണ് ക്രൂരതയുടെ തനിരൂപം. ഭര്‍ത്താവുമൊത്ത് കാറില്‍ രാവിലെ കോളജില്‍ എത്തിയപ്പോള്‍ ഗെയ്റ്റിനടുത്ത് ഒരു കുഴിമാടവും റീത്തും. പ്ലക്കാര്‍ഡില്‍ 26 വര്‍ഷത്തെ പഴമ്പുരാണം അവസാനിപ്പിക്കുക എന്ന് എഴുതിവച്ചു. ജീവിതത്തില്‍ ആദ്യമായി തകര്‍ന്നുപോയ നിമിഷമെന്നാണ് ഡോ.സരസു പ്രതികരിച്ചത്. ഇത് ഇടതുപക്ഷ അധ്യാപകസംഘടനയുടെയും വിദ്യാര്‍ത്ഥികളുടെയും ഗുണ്ടായിസവും ആഭാസവുമാണ്. അതിനുശേഷം ആ കേസിന് എന്തുസംഭവിച്ചു എന്നറിയില്ല. മഹാരാജാസിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നുപേരെ സംഘടന പുറത്താക്കി എന്നുപറയുന്നു. എന്നാല്‍ അറിയേണ്ടത് ഒരു കാര്യമാണ്. കേരളത്തിലാകമാനം ദളിത് വിഭാഗത്തില്‍പ്പെട്ട പ്രഗത്ഭരെ വേട്ടയാടുന്നു. പാവപ്പെട്ടവരെ ഇടിച്ച് ചാറാക്കുന്നു. കള്ളക്കേസില്‍ കുടുക്കുന്നു. മുഖ്യമന്ത്രി മിണ്ടാത്തത് സ്വാഭാവികം. എന്നാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പലരും വിക്‌ടോറിയയിലെയും മഹാരാജാസിലെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്ക് നാക്കിറങ്ങിപ്പോയോ? ആക്രമിക്കപ്പെടുന്നവര്‍ ദളിതരായാല്‍ ഇതൊക്കെ മതിയെന്നാണോ? ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.