എരുമേലി പഞ്ചായത്ത് മാതൃകാ ഗ്രാമം; പ്രഖ്യാപനം നാളെ

Sunday 22 January 2017 9:55 pm IST

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിനെ മാതൃകാ ഗ്രാമമായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പഞ്ചായത്തുമായി സഹകരിച്ച് എരുമേലിയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോഴി വളര്‍ത്തലില്‍ പ്രായോഗിക പരിശീലനം നല്‍കുന്ന ഭക്ഷ്യം പൂര്‍ണം പദ്ധതിയുടെ ഉദ്ഘാടനം 24ന് 10 മണിക്ക് കണമല സാന്‍തോം ഹൈസ്‌കൂളില്‍ പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജെ.ഹരിലാല്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അനില്‍കുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരിക്കും. ഡോ. എം.എസ്.സുബിന്‍ പരിശീലന ക്ലാസ് നടത്തും. ജില്ലയില്‍ ക്ഷീര മേഖലയില്‍ രണ്ടാം സ്ഥാനമാണ് എരുമേലിക്കുള്ളത്. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ അടുത്തകാലത്തായി മൃഗസംരക്ഷണ മേഖലയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 12 ജില്ലകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് .കോട്ടയം ജില്ലയില്‍ എരുമേലി ഗ്രാമപഞ്ചായത്താണ് പദ്ധതി നടപ്പാക്കി വിജയിപ്പിച്ചിരിക്കുന്നത് . ക്ഷീരസാഗരം എന്നു പേരിട്ട് രണ്ട് വര്‍ഷം മുന്‍പ് ഏഞ്ചല്‍വാലിയില്‍ ആരംഭിച്ച പശുവളര്‍ത്തല്‍ പദ്ധതി വന്‍വിജയമായിരുന്നു. മാതൃകാ പദ്ധതിയും ഇതേപോലെ വിജയിപ്പിക്കാമെന്നാണ് പ്രതീക്ഷ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് കൃഷ്ണകുമാര്‍,വികസന കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍ അജേഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.