ദീനദയാല്‍ജി തെളിച്ച വഴിതന്നെ ശരി

Saturday 5 May 2012 8:50 pm IST

തൃശ്ശിവപേരൂരിന്‌ സമീപം പാലിയേക്കരയില്‍ ദേശീയപാതയിലെ ടോള്‍ പിരിവിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനുനേരെ നടന്ന പോലീസ്‌ നടപടിയില്‍ ശോഭാസുരേന്ദ്രനടക്കം നിരവധിപേര്‍ക്ക്‌ പരിക്കേറ്റതായും, സംസ്ഥാനാധ്യക്ഷന്‍ വി.മുരളീധരനുള്‍പ്പെടെ നൂറുകണക്കിന്‌ പ്രവര്‍ത്തകരുടെമേല്‍ കേസെടുത്തതായും മാധ്യമങ്ങളില്‍നിന്ന്‌ മനസ്സിലായി. പാലിയേക്കരയിലും അരൂരിലും ടോള്‍പിരിവിനെതിരെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും സമരങ്ങള്‍ നടത്തിവരുന്നു. ഈ സമരങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട്‌ ടോള്‍ പിരിവുമായി മുന്നോട്ടുപോകാനാണത്രെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്‌. ടോള്‍ പിരിക്കാനുള്ള അവകാശം ലേലം ചെയ്ത്‌ കൊടുക്കുകയാണത്രെ ഉണ്ടായത്‌. ടോള്‍ നിരക്കുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരും സ്ഥാപനങ്ങളും ഭാരതത്തിലെ ജനങ്ങളെ നിരങ്കുശമായി ചൂഷണം ചെയ്യുന്നതിന്റെ നഗ്നമായ ഉദാഹരണം മാത്രമാണിത്‌. ഇവിടെ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. റോഡ്‌ നിര്‍മ്മാണത്തിനുണ്ടായ വമ്പിച്ച ചെലവ്‌ വഹിക്കാനാണ്‌ ടോള്‍ പിരിവ്‌ എന്നതാണ്‌ സര്‍ക്കാരിന്റെ ന്യായവാദം. ഇത്‌ സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ കാപട്യവും വഞ്ചനയുമാണ്‌.
കാരണം റോഡ്‌ വികസനത്തിനായി മാത്രം വാഹനങ്ങളുടെ ഇന്ധനത്തിന്‌ ലിറ്ററൊന്നിന്‌ രണ്ട്‌ രൂപാവീതം ഉപഭോക്താവില്‍നിന്ന്‌ ഈടാക്കുന്നുണ്ട്‌. അതായത്‌ ഓരോ ലിറ്റര്‍ ഇന്ധനം വാങ്ങുമ്പോള്‍ വാഹന ഉടമ റോഡ്‌ വികസനത്തിനായി രണ്ട്‌ രൂപ മുന്‍കൂര്‍ അടച്ചുകഴിഞ്ഞു. കേരളത്തില്‍ ഒന്നരക്കോടി കിലോലിറ്റര്‍ ഇന്ധനമാണ്‌ ഒരാണ്ടില്‍ ഉപയോഗിക്കുന്നതത്രെ. അതില്‍നിന്ന്‌ മാത്രം ആണ്ടില്‍ 30000 കോടി രൂപ റോഡ്‌ വികസനത്തിനായി സര്‍ക്കാര്‍ നേടുന്നു. ഓരോ വര്‍ഷവും ഇന്ധനോപയോഗം വര്‍ധിക്കുന്നതിനനുസരിച്ച്‌ ഇതും ഉയരും. വാഹന ഉടമകള്‍ കൊല്ലംതോറും മുപ്പതിനായിരം കോടി രൂപ റോഡ്‌ വികസനത്തിന്‌ മുന്‍കൂര്‍ നല്‍കിയാണ്‌ റോഡുകള്‍ ഉപയോഗിക്കുന്നത്‌. കേരളത്തിലേപ്പോലെ മറ്റ്‌ സംസ്ഥാനങ്ങളിലും ഇതേ തോതിലോ, കൂടുതലായോ സര്‍ക്കാര്‍ പണമുണ്ടാക്കുന്നു. ഈ തുകയില്‍ യഥാര്‍ത്ഥ റോഡ്‌ നിര്‍മ്മാണത്തിനും വികസനത്തിനുംവേണ്ടി എത്ര ധനം ഉപയോഗിക്കുന്നുണ്ട്‌ എന്ന്‌ ആരെങ്കിലും വ്യക്തമാക്കുന്നുണ്ടോ? റോഡ്‌ വികസനത്തിനായി സ്ഥലമേറ്റെടുക്കാന്‍ അധികൃതര്‍ എടുക്കുന്ന നടപടികള്‍തന്നെ ജനദ്രോഹപരമാണ്‌. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തുച്ഛവില നിരക്കില്‍ ഏറ്റെടുത്ത സ്ഥലം കാടുപിടിച്ച്‌ റിസര്‍വ്‌ വനംപോലെ കിടക്കുന്നത്‌ കോട്ടപ്പുറം മുതല്‍ വരാപ്പുഴവരെ എന്‍എച്ച്‌-17ന്റെ നിര്‍ദ്ദിഷ്ട ഭാഗത്ത്‌ കാണാന്‍ കഴിയും. ആലപ്പുഴ, കൊല്ലം, തലശ്ശേരി മാഹി ബൈപ്പാസുകളുടെ കാര്യത്തിലും ഇതിനേക്കാള്‍ കടുത്ത അനാസ്ഥ കാണാം. വീതി 30 മീറ്റര്‍ വേണോ, 45 വേണോ എന്ന തര്‍ക്കം തീര്‍ന്നിട്ടില്ല. 1950ലെ നാഗ്പൂര്‍ റോഡ്‌ കോണ്‍ഗ്രസ്‌ തീരുമാനപ്രകാരം നാഷണല്‍ ഹൈവേകള്‍ക്ക്‌ 150 അടിയാണ്‌ വീതി നിര്‍ദ്ദേശിച്ചത്‌. അതായത്‌ 45 മീറ്റര്‍. ഹൈവേകള്‍ 1960 ന്‌ മുമ്പുതന്നെ നിര്‍ദ്ദേശിക്കപ്പെട്ടവയാണ്‍താനും. യഥാസമയം സ്ഥലം ഏറ്റെടുത്തിരുന്നെങ്കില്‍ പ്രയാസങ്ങളില്ലാതെ കാര്യം സുഗമമായി നടന്നേനെ. അത്‌ ചെയ്യാതെ ആദ്യം 20 മീറ്ററും പിന്നെ മുപ്പത്‌ മീറ്ററുമൊക്കെ ഏറ്റെടുത്ത്‌, സ്ഥലമുടമകള്‍ക്ക്‌ ശേഷിച്ചിടത്ത്‌ സ്വന്തം ഇഷ്ടപ്രകാരം വിനിയോഗ സൗകര്യം അനുവദിച്ചു.
റോഡ്‌ വികസനത്തിന്‌ മുന്‍ഗണന നല്‍കിയ ഒരു ദേശീയനയം രൂപീകരിച്ചതുതന്നെ അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴായിരുന്നു. ഉത്തര-ദക്ഷിണ, പശ്ചിമ-പൂര്‍വ ഇടനാഴിയും സുവര്‍ണചത്വരവും അദ്ദേഹത്തിന്റെ ഭാവനയുടെ സൃഷ്ടിയാണ്‌. ഇന്നത്തെ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ആയിരുന്നു അതിന്റെ നിര്‍വഹണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ അദ്ദേഹം നിയോഗിച്ചത്‌. ഇത്ര ബൃഹത്തായ പദ്ധതിക്ക്‌ ആവശ്യമായ ധനസമാഹരണത്തിനും വളരെ ലളിതവും, റോഡ്‌ ഉപയോഗിക്കുന്നവരെത്തന്നെ ആശ്രയിക്കാവുന്നതുമായ മാര്‍ഗമെന്ന നിലയ്ക്കാണ്‌ ഇന്ധനത്തിന്‌ ലിറ്ററിന്മേല്‍ 50 പൈസ ചുമത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്‌. ഓരോ സംസ്ഥാനത്തിനും അതിന്റെ വിഹിതവും കൃത്യമായി നല്‍കാന്‍ അദ്ദേഹം വ്യവസ്ഥ ചെയ്തിരുന്നു.
സുവര്‍ണചത്വരത്തില്‍ കേരളം വരുന്നില്ലെന്ന്‌ അന്നത്തെ കേരള സര്‍ക്കാരും കേന്ദ്രമന്ത്രിയായിരുന്ന ഒ.രാജഗോപാലും ചൂണ്ടിക്കാട്ടിയപ്പോള്‍, സേലത്തുനിന്ന്‌ കൊച്ചിവരെ അതിനൊരു എക്സ്ടെന്‍ഷന്‍ കൂടി അദ്ദേഹം പ്രഖ്യാപിച്ചു. റോഡ്‌ വികസനത്തിന്‌ ധനം പ്രശ്നമാവില്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. 2004 ല്‍ വാജ്പേയി ഭരണം അവസാനിച്ചതോടെ ദേശീയ നിരത്തുകളുടെ നിര്‍മ്മാണം താളംതെറ്റി അവതാളത്തിലായി. സേലം-കൊച്ചി പാത വാളയാറില്‍ വന്ന്‌ അവസാനിച്ചതുപോലെയായിരുന്നു. പിന്നീട്‌ നിര്‍മ്മിച്ച പാതയിലാണ്‌ ടോള്‍ സമരം. സംസ്ഥാന പാതകളുടെ നവീകരണത്തിനും ആ നിധിയില്‍നിന്ന്‌ വിഹിതം നല്‍കിയിരുന്നു. പാലക്കാട്‌-കൊളപ്പുള്ളി, തൊടുപുഴ-അങ്കമാലി, തൊടുപുഴ-ഊന്നുകല്‍ എന്നീ റോഡുകള്‍ നവീകരിക്കാന്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത്‌ തുക അനുവദിച്ചു. 2004നുശേഷം അത്‌ മന്ദഗതിയിലാവുകയും 2006 ഓടെ ഏതാണ്ട്‌ നിലയ്ക്കുകയും ചെയ്തു.
ആറ്‌ ലക്ഷത്തിലേറെ വരുന്ന ഗ്രാമങ്ങളെ ദേശീയപാതകളോട്‌ ബന്ധിപ്പിക്കുന്ന സര്‍വകാല നിരത്തുകള്‍ക്കും വാജ്പേയി പദ്ധതി തയ്യാറാക്കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക്‌ യോജന അതാണ്‌. നെഹ്‌റു, ഇന്ദിരാ കുടുംബാംഗങ്ങളെപ്പോലെ സ്വന്തം പേരിട്ട്‌ സര്‍ക്കാര്‍ പണം ചെലവ്‌ ചെയ്ത്‌ പദ്ധതികള്‍ നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ആ വന്‍ പരിപാടി ഭാരതീയ ഗ്രാമങ്ങളിലേക്ക്‌ വികസനത്തിന്റേയും ക്രയശേഷിയുടേയും രാജമാര്‍ഗനിര്‍മാണമാവും എന്നാണദ്ദേഹം വിഭാവനം ചെയ്തത്‌. വാജ്പേയി ഭരണം അവസാനിച്ചശേഷം ആ പദ്ധതിയും കെട്ടടങ്ങി.
ദേശീയപാതാ വികസനം സഹസ്രകോടികളുടെ തട്ടിപ്പ്‌ വ്യവസായമാക്കി അധഃപതിപ്പിക്കുകയാണ്‌ ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്‌. ദശലക്ഷം കോടികള്‍ ഇന്ധന സര്‍ച്ചാര്‍ജായി ജനങ്ങളില്‍നിന്ന്‌ പിഴിഞ്ഞെടുത്ത പണംകൊണ്ട്‌ നിര്‍മിച്ച റോഡുകളില്‍ സഞ്ചരിക്കാന്‍ അവരില്‍നിന്ന്‌ കിലോമീറ്റര്‍ അളന്ന്‌ ടോള്‍ പിരിക്കുന്ന പെരുവഴിക്കവര്‍ച്ചക്കാണ്‌ കേന്ദ്രം അനുമതി നല്‍കുന്നത്‌. വാഹന ഉടമകളില്‍നിന്ന്‌ നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന തുകയും സഹസ്ര കോടിക്കണക്കില്‍ വരുന്നു. പൊതുവാഹനങ്ങള്‍ക്ക്‌ സീറ്റിന്റെ അടിസ്ഥാനത്തിലാണ്‌ മുമൂന്നുമാസം കൂടുമ്പോള്‍ പിരിവെടുക്കുന്നത്‌. അതിന്റെ ഒരംശമെങ്കിലും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ ഉപയോഗിച്ചാല്‍ എത്ര നന്നായിരുന്നു?
നിര്‍ദ്ദിഷ്ട മാനദണ്ഡം പൂര്‍ത്തീകരിക്കാതെയാണ്‌ അരൂരിലും പാലിയേക്കരയിലും ടോള്‍ പിരിക്കാന്‍ നടപടിയെടുത്തത്‌. ഇനി ഇടപ്പള്ളിയിലും അങ്കമാലിയിലും മണ്ണൂത്തിയിലും കൂടി ടോള്‍ പ്ലാസകള്‍ വരും.
ഈ ടോള്‍ പിരിവ്‌ അനാവശ്യവും അധാര്‍മികവും, ഇടിവെട്ടേറ്റവനെ പാമ്പുകടിയേല്‍പ്പിക്കുന്നതുപോലത്തെ നടപടിയുമാണ്‌. വാഹന ഉടമകളില്‍നിന്ന്‌ മുന്‍കൂര്‍ പിഴിഞ്ഞെടുത്ത പണംകൊണ്ട്‌ നിര്‍മ്മിച്ച നിരത്തുകളില്‍ സഞ്ചരിക്കുന്നതിന്‌ അവര്‍ ചുങ്കം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതിനേക്കാള്‍ വലിയ ഒരു ഭരണകൂട അന്യായമില്ല. പഴയകാലത്ത്‌ രാജാക്കന്മാര്‍ വിസ്തൃതമായ, തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ച, നടക്കാവുകള്‍ രാജ്യത്തുടനീളം നിര്‍മ്മിക്കുമായിരുന്നു. അവ ഉപയോഗിക്കുന്ന സഞ്ചാരികള്‍ക്കും മറ്റും ആഹാരത്തിനും വിശ്രമത്തിനുമായി വഴിയമ്പലങ്ങളും വെള്ളം കുടിക്കാന്‍ തണ്ണീര്‍പ്പന്തലുകളുമുണ്ടായിരുന്നു. അവിടെ സേവനങ്ങള്‍ തികച്ചും സൗജന്യമായിരുന്നു. ചുമട്ടുകാര്‍ക്ക്‌ ചുമട്‌ ഇറക്കിവെക്കാന്‍ അത്താണി (ചുമടുതാങ്ങി)കള്‍ ഉണ്ടായിരുന്നു. അത്താണി, അത്താണിക്കല്‍, രണ്ടത്താണി, പുത്തനത്താണി, കുട്ട്യോളത്താണി തുടങ്ങിയ പേരുകളില്‍ സംസ്ഥാനത്തുടനീളം സ്ഥലങ്ങള്‍ അവയുടെ ഓര്‍മ്മയ്ക്കായി ഇന്നുമുണ്ട്‌. കച്ചവടക്കാര്‍ക്കും മറ്റ്‌ വാണിജ്യാവശ്യങ്ങള്‍ക്ക്‌ ചുങ്കങ്ങള്‍ കൊടുക്കേണ്ടതായും വന്നിരുന്നു.
ധര്‍മാധിഷ്ഠിത രാജ്യഭരണത്തിന്റെ സ്ഥാനത്ത്‌ കോളനിവാഴ്ചയും, തുടര്‍ന്ന്‌ പാശ്ചാത്യ മാതൃകയിലുള്ള ജനായത്തവും ആഗോളവല്‍ക്കരണവും വന്നപ്പോള്‍ ഭരണം ധര്‍മാധിഷ്ഠിതമാകാതെ കമ്പോളാധിഷ്ഠിതമായി. സാധനങ്ങളുടെ വില നിശ്ചയിക്കേണ്ടത്‌ ധര്‍മ്മമല്ല കമ്പോളമാണെന്ന്‌ പ്രഖ്യാപിക്കുന്നവര്‍ ഭരണയന്ത്രം തിരിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നയരൂപീകരണത്തിന്‌ ലക്ഷ്യമാക്കിയത്‌ പുതിയതായി പണക്കാരായ 30 കോടിയോളം വരുന്ന ഇടത്തരക്കാരുടെ കമ്പോളത്തെയാണ്‌. അവരെ കാട്ടി ഉപഭോഗവാസനയെ തൃപ്തിപ്പെടുത്താനായി ആഗോള കുത്തകകള്‍ക്ക്‌ ഭാരതത്തെ തുറന്നുകൊടുക്കുന്ന നയം അദ്ദേഹം തുടങ്ങി. അന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായിരുന്നത്‌ മന്‍മോഹന്‍സിംഗ്‌ ആയിരുന്നു. ഇന്നിപ്പോള്‍ ഏറ്റവും മേലേക്കിടയിലുള്ളവരാണ്‌ മന്‍മോഹന്‍സിംഗിന്റെയും ആലുവാലിയയുടെയും ചിദംബരത്തിന്റെയും ആശ്രയം. പ്രതിദിനം 27 രൂപ ചെലവഴിക്കാന്‍ കഴിയുന്നവരെ ദാരിദ്ര്യരേഖയ്ക്ക്‌ മീതെയായി കരുതണമെന്ന ആലുവാലിയായുടെ നിര്‍ദ്ദേശത്തേക്കാള്‍ വലിയൊരപരാധം ഭാരതത്തിലെ 'ആം ആദ്മി'യോട്‌ ചെയ്യാനുണ്ടോ? ഫോബ്സ്‌ മാസിക തയ്യാറാക്കുന്ന അതിസമ്പന്ന പട്ടികയിലെ ഇന്ത്യക്കാരുടെ എണ്ണത്തിനനുസരിച്ചാണ്‌ രാജ്യത്തിന്റെ സമൃദ്ധിയെന്ന്‌ വിശ്വസിക്കുന്നവരാകുകയാണ്‌ ഭരണകര്‍ത്താക്കള്‍. 40കോടിയില്‍പ്പരം ജനങ്ങള്‍, സ്വാതന്ത്ര്യം നേടുന്ന കാലത്തെ ആകെ ജനങ്ങളിലുമേറെപ്പേര്‍, ഇന്നും ഒരുനേരം വയറുനിറയ്ക്കാനില്ലാത്തവരാണ്‌ ഭാരതത്തിന്റെ സമൃദ്ധിയുടെ മാനദണ്ഡം. ഭക്ഷണക്യൂവിന്റെ അവസാനത്തെ വരിയിലെ അവസാനത്തെ ആളിനും രണ്ടുനേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരു കൂരയും കുടിക്കാന്‍ ശുദ്ധജലവും അക്ഷരാഭ്യാസവും വൈദ്യസഹായവും ലഭ്യമാക്കുകയെന്നതാണെന്ന്‌ ദീനദയാല്‍ ഉപാദ്ധ്യായ പറഞ്ഞിരുന്നു.
അതിനോട്‌ കണ്ണടച്ചുകൊണ്ടുള്ള നീക്കങ്ങളാണിന്ന്‌ നടക്കുന്നത്‌. അന്താരാഷ്ട്ര ഭീമന്മാര്‍ക്ക്‌ കൊള്ളചെയ്യാനായി നമ്മുടെ വിഭവങ്ങളെയും സേവനമേഖലയെയും തുറന്നുകൊടുത്ത ഭരണാധിപന്മാരെ ചൂണ്ടിക്കാട്ടിയാണ്‌ ദീനദയാല്‍ജി പദ്ധതികള്‍ തിരുത്തിയെഴുതണമെന്ന്‌ 1950കളില്‍ ആവശ്യപ്പെട്ടത്‌.
ഇന്നും അതേ ആവശ്യമാണ്‌, പദ്ധതികളെ തിരുത്തിയെഴുതിക്കുന്നതിന്‌ പുറമെ, നയപരിപാടികളെയാകെ തിരുത്തിക്കുവാനാണ്‌ പ്രക്ഷോഭവും സമരവും വേണ്ടത്‌. പി. നാരായണന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.