കോഴിക്കോട്ട് രണ്ടിടങ്ങളിലായി കഞ്ചാവ് വേട്ട: മൂന്ന് പേര്‍ പിടിയില്‍

Monday 23 January 2017 1:46 am IST

കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി കഞ്ചാവ് വേട്ട. ആറേകാല്‍ കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. കുന്ദമംഗലം കളന്‍തോട് പരിസരത്ത് നിന്നാണ് അഞ്ചു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായത്. കളന്‍തോട് പരപ്പില്‍ റഷീദ്(37), നീലന്‍ കുഞ്ഞാലി വീട്ടില്‍ എ. കെ. നവാസ്(26) എന്നിവരെയാണ് കുന്ദമംഗലം എസ്‌ഐ വി. വി. വിമലും നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കുന്ദമംഗലം, ചാത്തമംഗലം എന്നിവിടങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സിറ്റി സിറ്റി നോര്‍ത്ത് എസി ഇ. പി. പൃഥ്വിരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ കഴിഞ്ഞ മൂന്നാഴ്ചയായി പ്രദേശത്ത് നിരീക്ഷണം നടത്തിയത്. ബംഗളുരുവില്‍ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. പിടിച്ചെടുത്ത കഞ്ചാവിന് മാര്‍ക്കറ്റില്‍ മൂന്നു ലക്ഷത്തോളം രൂപ വില വരും. ഒന്നേകാല്‍ കിലോ കഞ്ചാവുമായി പയ്യാനക്കല്‍ സ്വദേശി പുത്തന്‍പുരയില്‍ അബ്ദുള്‍ റഹിമാനാണ്(32) എലത്തൂര്‍ എസ്‌ഐ അരുണ്‍പ്രസാദിന്റെയും ക്രൈം സ്‌ക്വാഡിന്റെയും പിടിയിലായത്. ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കോഴിക്കോട്ടെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ 5000, 6000 രൂപ വില വരുന്ന കഞ്ചാവ് കേരളത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വന്‍വിലക്കാണ് ഇയാള്‍ വിറ്റുകൊണ്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.