ഹിലരി-മമത കൂടിക്കാഴ്ച നാളെ

Saturday 5 May 2012 9:04 pm IST

കൊല്‍ക്കത്ത: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നാളെ കൂടിക്കാഴ്ച നടത്തും. ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഇന്ത്യാ-ബംഗ്ലാദേശ്‌ നയതന്ത്രബന്ധം എന്നിവ ചര്‍ച്ചാവിഷയമായേക്കും.
ടൈം മാഗസിന്‍ നടത്തിയ സര്‍വെ പ്രകാരം ലോകത്തെ സ്വാധീനശേഷിയുള്ള വനിതകളായ ഹിലരി ക്ലിന്റണും മമതാ ബാനര്‍ജിയും തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍വെച്ചായിരിക്കും കൂടിക്കാഴ്ച നടത്തുക. ഹിലരി ക്ലിന്റണ്‍ ഇന്ന്‌ ബംഗ്ലാദേശില്‍നിന്ന്‌ കൊല്‍ക്കത്തയിലെത്തും.
കഴിഞ്ഞ വര്‍ഷം മമതയുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ മുടങ്ങിപ്പോയ ഇന്ത്യാ-ബംഗ്ലാദേശ്‌ സംയുക്ത സംരംഭമായ ടീസ്റ്റ ജല ഉടമ്പടി സംബന്ധിച്ച്‌ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീനയുമായി ചര്‍ച്ച നടത്തിയശേഷമാണ്‌ മമതയെ ഹിലരി സന്ദര്‍ശിക്കുകയെന്നതും ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇന്ത്യാ-ബംഗ്ലാദേശ്‌ ബന്ധം ഊട്ടിയുറപ്പിക്കുന്നതിലെ പ്രധാന കണ്ണി പശ്ചിമബംഗാളാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഹിലരി വ്യക്തമാക്കുമെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ധാക്കാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ടീസ്റ്റ ഉടമ്പടിയില്‍ ഒപ്പുവെക്കാനിരുന്നതാണ്‌. എന്നാല്‍ ബംഗ്ലാദേശുമായി വെള്ളം പങ്കുവെക്കുന്നതിലുള്ള എതിര്‍പ്പ്‌ മമതാ ബാനര്‍ജി തുറന്നടിച്ചതോടെ അവസാന നിമിഷം ഇന്ത്യ കരാറില്‍നിന്നും പിന്‍വാങ്ങുകയായിരുന്നു.
രാജ്യത്ത്‌ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്ത മമത ബാനര്‍ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ബംഗാളിലെ അമേരിക്കന്‍ നിക്ഷേപത്തെക്കുറിച്ചും ചര്‍ച്ച നടത്തുമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ സബ്യസാചി റോയ്‌ ചൗധരി പറഞ്ഞു.
1997 ല്‍ മദര്‍ തെരേസയുടെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം ആദ്യമായാണ്‌ ഹിലരി ക്ലിന്റണ്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത്‌. ഹിലരിയുടെ സന്ദര്‍ശനം സംബന്ധിച്ച്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.