ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

Saturday 9 July 2011 8:43 pm IST

"ആളുകള്‍ എന്റെ സിനിമ കാണാറില്ല, എങ്കിലും ഞാന്‍ പ്രശസ്തനായി", ശ്രദ്ധേയമാണ്‌ മണികൗളിന്റെ ഈ വാക്കുകള്‍, ശ്രദ്ധിക്കപ്പെടേണ്ടതും. നിറമുള്ള സ്വപ്നങ്ങളെ സൗന്ദര്യാത്മകമായി ദൃശ്യവത്കരിച്ച്‌, യാഥാര്‍ത്ഥ്യത്തിന്റെ ചില തീക്ഷ്ണ ഭാവങ്ങളെ അനുവാചകന്‌ മനസ്സിലാകാത്തവിധം വ്യക്തിനിഷ്ഠമായി ആവിഷ്കരിച്ച്‌ , ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ നിറഞ്ഞുനിന്ന സംവിധായകന്‍ മണികൗളിന്റെ സിനിമകളില്‍ നിന്നും സാധാരണക്കാരന്‍ അകന്നുനിന്നതില്‍ അദ്ഭുതപ്പെടാനില്ല. എങ്കിലും ഇന്ത്യന്‍ സിനിമയെ സ്നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ പ്രതിഭയെ ആദരിക്കുന്നു.
ആസ്വാദകന്‌ അധ്വാനം ആവശ്യപ്പെടുന്ന സിനിമകളാണ്‌ മണികൗളിന്റേത്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആത്മാര്‍ത്ഥതയുള്ള ആസ്വാദകനെയായിരുന്നു അദ്ദേഹത്തിനാവശ്യം. പ്രമേയം ആളുകള്‍ക്ക്‌ മനസ്സിലാകുമോ ഇല്ലയോ എന്നുള്ളത്‌ ഒരു സിനിമയെടുക്കാന്‍ മണികൗളിന്‌ ഒരിക്കലും തടസ്സമായിട്ടില്ല. പ്രതിഭാധനരായ അഭിനേതാക്കള്‍ക്ക്‌ പോലും പലതും പഠിച്ചെടുക്കാന്‍ പറ്റിയ നിറഞ്ഞ പുസ്തകമായിരുന്നു മണികൗള്‍. സംഗീതത്തിന്റെയും നിറത്തിന്റെയും സാധ്യതകളെ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തിന്‌ അന്നത്തെ കൗമാരങ്ങളെ സ്വാധീനിക്കാനും സാധിച്ചു.
സിനിമയുടെ സ്വഭാവം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ക്കും. വ്യത്യസ്തത അവിടെയും നിറഞ്ഞുനിന്നു. ഫീച്ചര്‍ ഫിലിമായാലും ആത്മനിഷ്ഠമായ സിനിമകള്‍ കാവ്യാത്മകമായി ആവിഷ്കരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അതുകൊണ്ടുതന്നെയാണ്‌ ജോണ്‍ എബ്രഹാമിനെ പോലെയുള്ളവര്‍ മണികൗളിന്റെ ആരാധകരായതും.
സംഗീതം മണികൗളിന്റെ ദൗര്‍ബല്യമായിരുന്നു. ദ്രുപദ്‌ സംഗീതത്തില്‍ പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിന്‌ പ്രാധാന്യം നല്‍കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം 'സിദ്ധേശ്വരി' ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ വാരാണസിയിലെ സംഗീത കുടുംബത്തില്‍ ജനിച്ച സിദ്ധേശ്വരിദേവിയ്ക്ക്‌ സംഗീതത്തിനോട്‌ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവസരം അവളെ അന്വേഷിച്ചു ചെന്നു. പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച സിദ്ധേശ്വരി ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി മണികൗള്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം 1989 ല്‍ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.
സമാന്തര സിനിമാലോകത്തിന്‌ കുമാര്‍ സാഹ്നിയേക്കാള്‍ സംഭാവന നല്‍കാന്‍ മണികൗളിന്‌ സാധിച്ചിട്ടുണ്ട്‌. സിനിമയുടെ സമസ്ത മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച മണികൗളിന്റെ വേര്‍പാട്‌ ഇന്ത്യന്‍ സിനിമയ്ക്കു മാത്രമല്ല, ലോകസിനിമയ്ക്ക്‌ തന്നെ വലിയൊരു നഷ്ടമാണ്‌.
-ബി.ഉണ്ണികൃഷ്ണന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.