ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ബോംബേറ്

Monday 23 January 2017 8:10 pm IST

തലശ്ശേരി: തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം സംഘം ബോബെറിഞ്ഞു. മൂഴിക്കരയിലെ സുധീഷ് എന്ന മുത്തുവിന്റെ നടുകാച്ചേരി എന്ന വീടിന് നേരെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ ബോംബേറ് നടത്തിയത്. ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു അക്രമം. ബോംബ് വീടിന്റെ മുറ്റത്ത് വീണ് പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സുധീഷിന്റെ സഹോദരന്‍ സുജിത്ത് സിപിഎം പ്രവര്‍ത്തകനും കോടിയേരി സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഏതാനും ദിവസമായി മൂഴിക്കരക്കടുത്തുള്ള കുട്ടിമാക്കൂല്‍, ഇല്ലത്തുതാഴെ ഭാഗങ്ങളില്‍ ഒരുസംഘം സിപിഎമ്മുകാര്‍ വ്യാപമമായ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് മൂഴിക്കരയിലും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് കരുതുന്നത്. സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവിന്റെ മകന്റെ നേതൃത്വത്തിലാണ് ഈ പ്രദേശത്ത് അക്രമം നടക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിന് നല്‍കിയിട്ടുണ്ടെങ്കിലും പ്രാദേശിക നേതാവിന്റെ ഇടപെടല്‍ കാരണം ശക്തമായ നടപടി സ്വീകരിക്കുവാന്‍ പോലീസിന് കഴിയുന്നില്ല. സിപിഎമ്മിന്റെ മറ്റു ചില നേതാക്കള്‍ ഇത്തരം അക്രമങ്ങള്‍ക്കെതിരാണെങ്കിലും അത്തരക്കാരെ വകവെക്കാതെയാണ് പ്രാദേശിക നേതാവിന്റെ മകന്റെ സംഘം അഴിഞ്ഞാടുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. മൂഴിക്കരയില്‍ ഞായറാഴ്ച വീടിന് നേരെ നടന്ന ബോംബേറ് സംബന്ധിച്ച് സുധീഷും സുജിത്തും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിന്റെ വീടിന് നേരെ നടന്ന ബോംബേറില്‍ ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.