ശശിയന്‍ ഇഫക്ട്‌

Saturday 9 July 2011 8:44 pm IST

രാമന്‍ ഇഫക്ട്‌ എന്നൊരു സംഗതിയെക്കുറിച്ച്‌ കേട്ടിട്ടില്ലേ. ശാസ്ത്രത്തില്‍ അത്യുജ്വലമായൊരു കണ്ടുപിടിത്തമായി അതങ്ങനെ നിലകൊള്ളുന്നു. മേപ്പടി ഇഫക്ടിനൊപ്പം ചേര്‍ത്തുവെക്കാന്‍ പാകത്തില്‍ ഇങ്ങ്‌ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും ഒരു ഇഫക്ട്‌ ഉണ്ടായിരിക്കുന്നു. എന്നത്തേയും പോലെ ഈ ഇഫക്ടിന്റെ പ്രണേതാക്കളായി വിപ്ലവത്തിന്റെ പൊന്നുതമ്പുരാക്കന്‍മാര്‍ തന്നെ രംഗത്ത്‌. മര്‍ദ്ദിതനേയും പീഡിതനേയും സംരക്ഷിക്കുന്നകാര്യത്തില്‍ അഹമഹമികയാരംഗത്തുള്ള പാര്‍ട്ടിക്കല്ലാതെ മറ്റാര്‍ക്കാണ്‌ അതിന്റെ പിതൃത്വം അവകാശപ്പെടാനാവുന്നത്‌.
ഈ ഇഫക്ട്‌ ഇനിമുതല്‍ കണ്ണൂരുകാരന്‍ സഖാവിന്‌ സ്വന്തം. ച്ചാല്‍ ഓന്‍ പേറ്റന്റ്‌ വാങ്ങിക്കഴിഞ്ഞൂന്ന്‌! അതാണ്‌ ശശിയന്‍ ഇഫക്ട്‌. ആയതിന്റെ ശക്തിയും സൗന്ദര്യവും എത്രയുണ്ടെന്ന്‌ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ മേപ്പടി നാട്ടിലെ സഖാക്കളോട്‌ ചോദിച്ചുനോക്കാം. വലിയ ബുദ്ധിമുട്ടില്ലാതെ ആര്‍ക്കും പ്രയോഗത്തില്‍ വരുത്താവുന്ന ഒന്നത്രെ ശശിയന്‍ ഇഫക്ട്‌. ടി സംഗതി ഈ പ്രബുദ്ധകേരളത്തില്‍ മറ്റേതാണ്ടൊക്കെ പേരില്‍ അറിയപ്പെടുന്നുണ്ട്‌. ഇനി അങ്ങനെ നാനാപേരുകള്‍ വേണ്ട. ഒറ്റ പ്രയോഗത്തില്‍ ഇതൊക്കെ അമര്‍ത്തിവെക്കാം. അങ്ങനെ കണ്ണൂര്‍ സഖാവിന്റെ വീരാപദാനങ്ങള്‍ പാടിപ്പുകഴ്ത്താന്‍ മലബാറില്‍ നിന്ന്‌ വടക്കന്‍ പാട്ടുകള്‍ പാടി ശീലമുള്ള സഖാക്കളെ നാനാഭാഗത്തേക്കും അയക്കാം.
ഈയൊരു കണ്ടുപിടിത്തത്തിനുശേഷം മേപ്പടി വിഷയത്തില്‍ ഡോക്ടറേറ്റ്‌ നേടാന്‍ ഇപ്പോള്‍ പാര്‍ട്ടി ടി സഖാവിന്‌ അനുമതി കൊടുത്തിരിക്കുകയാണ്‌. സിന്റിക്കേറ്റ്‌ മാധ്യമങ്ങള്‍ക്കും അവരുടെ നടത്തിപ്പുകാര്‍ക്കും ഇതിനെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്തതിനാല്‍ അവര്‍ ശശിസഖാവിനെ പുറത്താക്കിയെന്നൊക്കെ പറഞ്ഞ്‌ വല്ലാത്ത പ്രചാരണത്തിലാണ്‌. നമ്മളിതെത്രകണ്ടിരിക്കുന്നു. ആലോചിച്ചുനോക്കിന്‍, കണ്ണൂരില്‍ സഖാവ്‌ ഈ ഇഫക്ട്‌ നടപ്പില്‍ വരുത്തിയതോടെ നാട്ടിലെമ്പാടും എത്രയെത്ര ഇഫക്ടുകളാണുണ്ടായിരിക്കുന്നത്‌.
മൂവാറ്റുപുഴക്കടുത്ത്‌ മഴുവന്നൂരില്‍ ഒരു ലോക്കല്‍ സെക്രട്ടറി ഇഫക്ട്‌ ഭംഗിയായി നടപ്പില്‍ വരുത്തി. അന്തവും കുന്തവുമില്ലാത്ത ബൂര്‍ഷ്വാനിയമവ്യവസ്ഥ ആ സ്വയമ്പന്‍ നേതാവിനെ കയ്യാമം വെച്ചു. നോക്കണേ സമൂഹത്തിനു വേണ്ടി കൈയ്മെയ്മറന്ന്‌ പണിയെടുക്കുന്നവരെ ഓരോരോ ഗുലുമാലില്‍ തളച്ചിടുന്നത്‌.
പവറട്ടിക്കടുത്ത്‌ മറ്റൊരു ബ്രാഞ്ച്‌ സെക്രട്ടറിയും ഇമ്മാതിരിയൊരു സാമൂഹിക സേവനത്തിന്‌ ഇറങ്ങിത്തിരിച്ചു. താന്‍ നടത്തുന്ന സംഗീത- നൃത്തപഠനകേന്ദ്രത്തില്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെയാണ്‌ ടിയാന്‍ ഇഫക്ട്‌ പ്രാബല്യത്തില്‍ വരുത്തിയത്‌. എന്തുചെയ്യാം, ഇതിന്റെയൊക്കെ ശാസ്ത്രീയവശമറിഞ്ഞുകൂടാത്ത വിദ്വാന്‍മാര്‍ അവിടെയും ഇടപെട്ടു. പതിവുപോലെ പാര്‍ട്ടികാര്യങ്ങള്‍ കൂടുതല്‍ പഠിക്കാനായി വിദ്വാനെ ഉയര്‍ന്നക്ലാസിലേക്കയച്ചു. പുറത്താക്കിയെന്നാണ്‌ ബൂര്‍ഷ്വാമാധ്യമങ്ങളുടെ ഭാഷ്യം; കാര്യമാക്കേണ്ട.
കണ്ണൂരില്‍ നിന്ന്‌ ഈ ഇഫക്ട്‌ ചൂടായിവരുന്നതിനുമുമ്പുതന്നെ ആലപ്പുഴയിലെ മൂത്തസഖാവ്‌ കാഞ്ഞിരവടിവെട്ടി പാര്‍ട്ടിക്കോലായയില്‍ ഇരുന്നതായിരുന്നു. എന്നാല്‍ ആ വടി അങ്ങനെ തന്നെയിരിക്കട്ടെ എന്ന സുഗ്രീവാജ്ഞ വന്നതിനാല്‍ അടങ്ങി. കണ്ണൂരില്‍ സംഘപരിവാറുകാരെ പതംവരുത്തുന്ന കാര്യത്തില്‍ ഡോക്ടറേറ്റുള്ള ശശിസഖാവിനെതിരെ നീങ്ങാന്‍ ആര്‍ക്കാണ്‌ ധൈര്യം എന്നത്രേ ഔദ്യോഗികവിഭാഗമെന്ന്‌ ചിലരൊക്കെ വിളിച്ചുകൂവുന്നവരുടെ നിലപാട്‌. അതിനാല്‍ എല്ലാം കടിച്ചൊതുക്കി. ഭരണം വെള്ളിത്തളികയിലല്ലെങ്കിലും സാദാ ഇലയില്‍ കിട്ടുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ആലപ്പുഴക്കാരന്റെ മോഹങ്ങള്‍ പൊലിഞ്ഞു.
പശുവും ചത്തു, മോരിലെ പുളിയുംപോയ സ്ഥിതിക്ക്‌ മേപ്പടി ഇഫക്ടിനെക്കുറിച്ച്‌ പാര്‍ട്ടി കൂടുതല്‍ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. അതിന്റെ ഫലമായി ഇഫക്ടിന്റെ പ്രണേതാവിനെ, ഇമ്മാതിരികാര്യങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കിടയിലേക്ക്‌ യാത്രയയച്ചിരിക്കുകയാണ്‌. ഈ ഇഫക്ടിന്‌ പ്രതികരണം ഉണ്ടായാല്‍ അത്‌ കൈകാര്യം ചെയ്യാനുള്ള ഏര്‍പ്പാടുകളില്‍ ഇപ്പോള്‍ ടിയാന്‍ തലശ്ശേരിയില്‍ പരിശീലനം നേടുകയാണ്‌. ആലപ്പുഴയിലെ സഖാവ്‌ വര്‍ധിതവീര്യത്തോടെ ടിയാന്റെ ചോരയ്ക്കുവേണ്ടി ദാഹിച്ച്‌ പരക്കം പായുന്നുണ്ട്‌. അത്‌ ശശിസഖാവിനും അദ്ദേഹത്തിന്റെ സ്വന്തബന്ധുക്കള്‍ക്കും അറിയാവുന്നതുകൊണ്ടും സമൂഹത്തിന്റെ മൊത്തം പ്രതികരണം തണുത്തുറഞ്ഞുപോയതുകൊണ്ടും തല്‍ക്കാലം ഒരു പ്രശ്നവുമില്ല. മനുഷ്യന്മാര്‍ ഉള്ളതുകൊണ്ടാണല്ലോ ഇമ്മാതിരി ഏര്‍പ്പാടുകളും ഉണ്ടാവുന്നത്‌. ഒരു ജനകീയ പാര്‍ട്ടിയാവുമ്പോള്‍ സമൂഹത്തിന്റെ ഓരോ കോണിലും ശ്രദ്ധയെത്തണം. ശ്രീകോവിലുകള്‍ കാണണം; ഒപ്പം അഴുക്കുചാലും. രണ്ടുംകണ്ട്‌ വിലയിരുത്തി മുന്നോട്ടുപോവുമ്പോഴാണല്ലോ സമൂഹത്തെ എങ്ങനെ നയിക്കണമെന്ന്‌ മനസ്സിലാവുക. സ്വന്തം ചോരയെ തള്ളിപ്പറയുന്ന ഒരു മനോഭാവം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന്‌ തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇനിയുള്ള രംഗങ്ങള്‍ക്കായി കാത്തിരിക്കുക.
ചോരയെപ്പറ്റി പറഞ്ഞു വന്നപ്പോഴാണ്‌ ചെറുകൈയുകളിലെ പന്തങ്ങളെ ഓര്‍മിച്ചത്‌. വിദ്യാഭ്യാസത്തെ ഒരഭ്യാസമായി കാണാനുള്ള കെല്‍പ്പില്ലാത്ത വിപ്ലവത്തിന്റെ പൊന്നോമനകളെ കുഞ്ഞൂഞ്ഞിന്റെ സ്വന്തം കാക്കിക്കാര്‍ ചവിട്ടിയരച്ചതിന്റെ സ്ഥിതിവിവരക്കണക്കുകളുമായാണ്‌ മലയാളം (ജൂലൈ 8) വാരിക പുറത്തിറങ്ങിയിരിക്കുന്നത്‌. ചോരയുടെ വില എന്ന കവര്‍ക്കഥയുമായി രംഗത്തുവന്ന പത്രാധിപര്‍, കുഞ്ഞൂഞ്ഞിന്റെ പൊലീസുകാര്‍ കുട്ടികളെ അടിച്ചുപതം വരുത്തിയെന്നാണ്‌ ആക്രോശിക്കുന്നത്‌. ഇതാ കേട്ടോളൂ മൂപ്പരുടെ നാലുവരി: വലിയസമാധാന പ്രിയനാണ്‌ ഉമ്മന്‍ചാണ്ടി. പക്ഷേ, ഒരു കാര്യം അദ്ദേഹം മറക്കരുത്‌. ചെറുപ്പക്കാരുടെ ചോരവീണുനനയുന്ന തെരുവുകള്‍ പകരം ചോദിക്കും. മുന്‍കാലങ്ങളില്‍ തെരുവുകളില്‍ തളംകെട്ടിയ ചോരയില്‍ കുതിര്‍ന്നാണ്‌ എല്ലാ യുഡിഎഫ്‌ സര്‍ക്കാറുകളും അധികാരത്തില്‍ നിന്ന്‌ തെറിച്ചു പോയതെന്ന ചരിത്രവും, മധുരിക്കുന്ന അധികാരം നുണയുമ്പോള്‍ സര്‍ക്കാര്‍ അറിയണം. അപ്പോ, അതാണ്‌ കാര്യം. ഈ സ്പോണ്‍സേര്‍ഡ്‌ മുഖപ്രസംഗത്തിന്‌ ഏകെജി കേന്ദ്രത്തിലെ കമ്മട്ടത്തില്‍ നിന്ന്‌ എത്ര കിട്ടി സര്‍ ? ചെറുപ്പക്കാരുടെ ചോരയുടെ വിലഅറിയണം എന്നല്ലോ പത്രാധിപന്റെ മുഖമൊഴി. ചെറുപ്പക്കാരുടെ ചോരയ്ക്ക്‌ മാത്രമെ വിലയുള്ളോ? കുഞ്ഞുകുട്ടി പരാധീനങ്ങളെ പോറ്റാന്‍ പണിയെടുക്കുന്ന പൊലീസുകാരന്റെ ചോരയ്ക്ക്‌ ഒരു വിലയുമില്ലേ ? അറ്റ്ലീസ്റ്റ്‌ കഞ്ഞിവെള്ളത്തിന്റെയെങ്കിലും. ആലപ്പുഴ സഖാവിന്റെ ശൗര്യം എല്ലാസംഭവത്തിലും പറ്റില്ലെന്നെങ്കിലും മനസ്സിലാക്കിയാല്‍ കൊള്ളാം. ഐവി ബാബുവിന്റെ ലേഖനത്തില്‍ പിടിച്ചാണ്‌ പത്രാധിപന്‍ മുഖമൊഴി എഴുതിയതെന്ന്‌ വ്യക്തം. വാല്‍ക്കഷ്ണത്തില്‍ ബാബുപറയുന്നത്‌ സമ്മതിച്ചുകൊടുത്താലും ചോരകള്‍ക്ക്‌ രണ്ടുതരത്തിലുള്ള വിലയിടുന്നത്‌ ഈ ആഗോളീകരണകാലത്ത്‌ നന്നല്ല.
മാധ്യമ മഹിതാശയന്‍മാര്‍ എല്ലാതെറ്റും കണ്ടെത്തുന്നവരും അതിന്‌ മറുമരുന്ന്‌ നല്‍കുന്നവരുമാണെന്നല്ലോ ധാരണ. ഇത്തവണത്തെ കീയുഡബ്ല്യുജെ സംസ്ഥാന സമിതി തെരഞ്ഞെടുപ്പില്‍ ദൗര്‍ഭാഗ്യകരങ്ങളായ എന്തൊക്കെയോ ഉണ്ടായെന്ന്‌ അണിയറയില്‍ മുറുമുറുപ്പുണ്ടായിരുന്നു. അതിനെക്കുറിച്ച്‌ മാതൃഭൂമി (ജൂലൈ 10) ആഴ്ചപ്പതിപ്പ്‌ ചില കനലുകള്‍ കോരിയിട്ടിരിക്കുന്നു. അവരുടെ ട്രൂകോപ്പിയില്‍ കെ.സി.സുബി എഴുതിയ കുറിപ്പ്‌ മാധ്യമക്കാരില്‍ കാന്‍സര്‍ എങ്ങനെയാണ്‌ പടരുന്നതെന്നതിനെക്കുറിച്ച്‌ വിശദമാക്കുന്നുണ്ട്‌. മാധ്യമക്കാരെക്കുറിച്ചുള്ള സംഭവമാകയാല്‍ നാട്ടുകാര്‍ക്ക്‌ ഇതിനെക്കുറിച്ച്‌ അറിയാന്‍ സാഹചര്യമില്ലായിരുന്നു. എല്ലാ മാധ്യമക്കാരനും ഒറ്റയൂണിയനും സംവിധാനവുമാകുമ്പോള്‍ ആരറിയാന്‍. ആ ചില്ലുകൊട്ടാരത്തിലേക്കാണ്‌ സുബി കല്ല്‌ വലിച്ചെറിഞ്ഞിരിക്കുന്നത്‌. വെറും കല്ലല്ല സുബി കൈവശം വെച്ചിരിക്കുന്നത്‌ എന്ന്‌ ബന്ധപ്പെട്ട ഘടാഘടിയന്‍മാര്‍ അറിഞ്ഞുവെക്കുന്നത്‌ നന്ന്‌. നഞ്ഞ്‌ നാനാഴി വേണ്ടല്ലോ.
-കെ. മോഹന്‍ദാസ്‌പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.