ലഹരി ഉപയോഗം കേരളത്തില്‍ വളരെയേറെയെന്ന് ഋഷിരാജ്‌സിങ്

Tuesday 24 January 2017 1:43 pm IST

കരുനാഗപ്പള്ളി: മയക്കുമരുന്ന്, വ്യാജമദ്യം, മറ്റു ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തിലും കേസുകളുടെ എണ്ണത്തിലും കേരളം രണ്ടാംസ്ഥാനത്താണെന്നും ഇന്ത്യയിലുള്ള നഗരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ കൊച്ചി നഗരം രണ്ടാമതാണെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. കരുനാഗപ്പള്ളി ലോര്‍ഡ്‌സ്പബ്ലിക്ക് സ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിനും മനസിനും ഉത്തേജനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും ലഹരിവസ്തുക്കളാണ്. സ്‌കൂള്‍, കോളേജുകള്‍ എന്നിവയുടെ പരിസരത്തുള്ള തട്ടുകടകളിലും മറ്റും ഇത് കിട്ടുന്നുണ്ട്. ഇത് വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണെടുക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന പല നിറത്തിലും രുചിയിലും ലഹരി അടങ്ങിയ വസ്തുക്കള്‍ കിട്ടുന്നു. കേരളത്തില്‍ ഇത്തരം വസ്തുക്കള്‍ നിര്‍മിക്കുന്നില്ല. തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിയ്ക്കുന്നത്. ആറു മാസത്തിനിടെ ലഹരി മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് മാത്രം 20000 കേസുകളിലായി 26000 ആളുകളെ പിടികൂടി. 27 ശതമാനം പെണ്‍കുട്ടികളിലും, 80 ശതമാനം ആണ്‍കുട്ടികളും ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം തുടങ്ങിയാല്‍ ജീവിതം അവസാനിച്ചതായി കണക്കാക്കാം. അതുകൊണ്ട് ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കി കുട്ടികള്‍ തന്നെ ലഹരിക്കെതിരെ ഉറച്ച തീരുമാനമെടുക്കുകയും അധ്യാപകര്‍ കര്‍ശനമായ അച്ചടക്കത്തോടെ കുട്ടികളെ പഠിപ്പിക്കുകയും കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും, ഉപദേശങ്ങളും നല്‍കി കുട്ടികളെ നേരായ പാതയില്‍ കൊണ്ടുവരാന്‍ സാധിക്കും. സോഷ്യല്‍മീഡിയകളുടെ ദുരുപയോഗം കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്നു. 25 മിനിട്ടില്‍ കൂടുതല്‍ കുട്ടികള്‍ ഇതിന് ചിലവിടരുത്. പ്രായമാകാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ വാങ്ങിനല്‍കരുത്. ഇന്ന് ഉണ്ടാക്കുന്ന അപകടങ്ങളില്‍ 30 ശതമാനവും 18 വയസിനു താഴെ യുള്ള കുട്ടികളാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. പ്രൊഫ.പി.കെ.റജി, പ്രൊഫ.ആര്‍.ജയചന്ദ്രന്‍, ഡോ.എം.ശിവസുതന്‍, ഡോ.സുഷമാ മോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.