ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

Saturday 9 July 2011 8:47 pm IST

ആരോഗ്യമേഖലയില്‍ കേരളീയര്‍ ഇന്ന്‌ ചര്‍ച്ചാവിഷയമാണ്‌. മലയാളികള്‍ ഉറക്കത്തില്‍ പോലും ഭയപ്പെടുന്ന ഹൃദ്രോഗത്തിന്റെ നിരക്കില്‍ കേരളം ഇന്ന്‌ മറ്റ്‌ രാജ്യങ്ങളെ കടത്തിവെട്ടിയിരിക്കുന്നു. ലോക രാജ്യങ്ങളില്‍ ഹൃദ്രോഗനിരക്ക്‌ കൂടുതലുള്ള രാജ്യമാണ്‌ ഇന്ത്യ. ഒരു യൂറോപ്യനെ അപേക്ഷിച്ച്‌ ഒരു ഭാരതീയന്‌ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത അഞ്ചുമടങ്ങ്‌ കൂടുതലാണ്‌. ഒരുവര്‍ഷം കേരളത്തില്‍ കുറഞ്ഞത്‌ അന്‍പതിനായിരം പേരെങ്കിലും ഹൃദ്രോഗം മൂലം മരിക്കുന്നുവെന്നാണ്‌ വിലയിരുത്തല്‍.
ഹൃദ്രോഗങ്ങള്‍ക്ക്‌ ഇന്ന്‌ ഫലപ്രദമായ ചികിത്സ കേരളത്തില്‍ ലഭ്യമാണ്‌. ആന്‍ജിയോഗ്രാഫിയും ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ്‌ സര്‍ജറിയുമൊക്കെ സര്‍വ്വസാധാരണമായിരിക്കുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഹൃദ്രോഗത്തിന്‌ മുന്നില്‍ കേരളം പകച്ചുനിന്ന കാലഘട്ടത്തില്‍ ഈ ചികിത്സാ സമ്പ്രദായങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനോട്‌ പടവെട്ടിയ ഒരു മനുഷ്യനുണ്ട്‌. യാതൊരു അത്യാധുനിക ഉപകരണങ്ങളും സൗകര്യവുമില്ലാതെ ദക്ഷിണേന്ത്യയില്‍ ആദ്യമായി ആന്‍ജിയോ പ്ലാസ്റ്റി ചെയ്യാന്‍ ചങ്കുറപ്പ്‌ കാട്ടിയ (ഒരു പക്ഷേ രാജ്യത്ത്‌ ആദ്യമായി) മനുഷ്യന്‍. ഹൃദ്രോഗ ശസ്ത്രക്രിയകള്‍ക്കുള്ള ആധുനിക സംവിധാനങ്ങളൊരുക്കാന്‍ അധികൃതരുടെ പുറകെ നടന്ന്‌ മനംമടുത്തപ്പോള്‍ രാജ്യം വിടാന്‍ തീരുമാനിച്ച ഭിഷഗ്വരന്‍. പക്ഷേ കാലം കരുതിവച്ചത്‌ മറ്റൊന്നായിരുന്നു. നിരാശയുടെ വക്കില്‍ കൂട്ടുകാരുമൊത്ത്‌ ചായ കുടിക്കാനിറങ്ങിയ ഒരു ദിവസം ആ മനുഷ്യന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഒപ്പം കേരളത്തിലെ പതിനായിരങ്ങളുടെ പ്രതീക്ഷയുമായി.
തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രി ആതുര സേവന രംഗത്ത്‌ ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കുകയാണ്‌. ഹൃദ്രോഗ ചികിത്സയ്ക്ക്‌ പേരുകേട്ട എസ്‌.യു.ടിയില്‍ ഇന്ന്‌ എല്ലാ സ്പെഷ്യലിസ്റ്റ്‌ വിഭാഗങ്ങളും പ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്‌. മികച്ച ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും അത്യാധുനിക സംവിധാനങ്ങളും എസ്‌യുടി ആശുപത്രി ഗ്രൂപ്പിനെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നതാക്കി മാറ്റി. ഇതിന്‌ നേതൃത്വം നല്‍കുന്നത്‌ ഡോ. സി.ഭരത്ചന്ദ്രന്‍ എന്ന ഹൃദയങ്ങളുടെ കാവല്‍ക്കാരനാണ്‌.
പ്രതിമാസം ആയിരങ്ങള്‍ രോഗശാന്തിക്കായി അദ്ദേഹത്തെ തേടിയെത്തുന്നു. 25 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിരാശനായി രാജ്യം വിടാന്‍ തീരുമാനിച്ച അതേ മനുഷ്യന്‍, ദക്ഷിണേന്ത്യയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത്‌ ചരിത്രം കുറിച്ച ഡോക്ടര്‍, ആന്‍ജിയോപ്ലാസ്റ്റിയില്‍ 25 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള രാജ്യത്തെ അപൂര്‍വ്വം ഭിഷഗ്വരന്മാരിലൊരാള്‍.
കുന്നുകുഴി തമ്പുരാന്‍മുക്ക്‌ വയലില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ നായരുടെയും ഭാര്യ ഭാരതിയമ്മയുടേയും ഏഴ്‌ മക്കളില്‍ രണ്ടാമനായിരുന്നു ഭരത്ചന്ദ്രന്‍. ഇടത്തരം കുടുംബമായിരുന്നു ഹെല്‍ത്ത്‌ സര്‍വ്വീസ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രശേഖരന്‍നായരുടേത്‌. ഭരത്ചന്ദ്രന്റെ സ്കൂള്‍ വിദ്യാഭ്യാസം ആദ്യം നെയ്യാറ്റിന്‍കര ഗവ. സ്കൂളിലായിരുന്നു. കുട്ടിക്കാലത്തേ ഡോക്ടര്‍മാരോട്‌ ഭരത്‌ ചന്ദ്രന്‌ ആരാധനയായിരുന്നു. അതിന്‌ കാരണക്കാര്‍ അച്ഛന്റെ രണ്ട്‌ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഡോ. വിന്‍സെന്റ്‌ ബെയ്‌ലിസും ഡോ. എഡ്വിനും. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഭരത്ചന്ദ്രന്‌ ടൈഫോയിഡ്‌ പിടിപെട്ടു. നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗം തിരിച്ചറിഞ്ഞില്ല. ശരീരത്തില്‍ പെന്‍സുലിന്‍ കുത്തിവച്ചുകൊണ്ടിരുന്നു. ഒടുവില്‍ ചന്ദ്രശേഖരന്‍ നായര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഡോ. വിന്‍സന്റ്‌ ബെയ്‌ലിസ്‌ വന്നുപരിശോധിച്ചു. അപ്പോഴേക്കും ഭരത്‌ ചന്ദ്രന്‍ അബോധാവസ്ഥയിലായിരുന്നു. കുട്ടിക്ക്‌ ടൈഫോയിഡാണ്‌ എന്ന്‌ തിരിച്ചറിഞ്ഞത്‌ ഡോ. വിന്‍സന്റായിരുന്നു. ഭരത്‌ ചന്ദ്രന്റെ ജീവിതത്തിലേക്കുള്ള ആ മടക്കയാത്ര ഡോക്ടര്‍മാരോടുള്ള ബഹുമാനവും ആരാധനയും വര്‍ധിപ്പിച്ചു. അച്ഛന്റെ സുഹൃത്തായ ഡോ. എഡ്വിന്റെ ശൈലിയും ഭരത്ചന്ദ്രനെ ആകര്‍ഷിച്ചു. ഒരു രോഗിയില്‍ നിന്ന്‌ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രോഗവിവരങ്ങള്‍ വിശദമായി ശേഖരിക്കുന്ന ശൈലി ഭരത്ചന്ദ്രന്റെ മനസിനെ ആകര്‍ഷിച്ചു.
പ്രീ-യൂണിവേഴ്സിറ്റി കഴിഞ്ഞ്‌ ഭരത്ചന്ദ്രന്‍ മെഡിസിന്‍ പഠനത്തിനപേക്ഷിച്ചു. അന്ന്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്ലാത്തകാലം. ഒരു ദിവസം അച്ഛനൊപ്പം വള്ളിനിക്കറുമിട്ട്‌ ചേനയ്ക്കുതടമെടുത്തുകൊണ്ടുനില്‍ക്കുമ്പോള്‍ രജിസ്റ്റേര്‍ഡായി ആ സന്തോഷവാര്‍ത്തയെത്തി. മെഡിസിന്‍ പഠനത്തിനുള്ള അഡ്മിഷന്‍ കാര്‍ഡ്‌. ഇന്റര്‍മീഡിയേറ്റ്‌ സ്കൂളില്‍ പ്രീമെഡിസിന്‍ കോഴ്സ്‌ കഴിഞ്ഞശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ്‌. അതിനുശേഷം അവിടെ ട്യൂട്ടര്‍ ആയി നിയമിക്കപ്പെട്ടു. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ എംഡിക്ക്‌ നില്‍ക്കാതെ ഭരത്ചന്ദ്രന്‍ ഇംഗ്ലണ്ടിലേക്ക്‌ വണ്ടികയറി. പുറത്തുനിന്ന്‌ എത്തുന്ന ഡോക്ടര്‍മാര്‍ക്ക്‌ അന്ന്‌ ഇംഗ്ലണ്ടില്‍ ഒരു കണ്‍സള്‍ട്ടന്റിനെ കൂടെ ഒരുമാസം നിര്‍ത്താം. അദ്ദേഹം അനുകൂല സര്‍ട്ടിഫിക്കറ്റ്‌ തരികയാണെങ്കില്‍ മറ്റ്‌ ആശുപത്രികളില്‍ ജോലിക്ക്‌ അപേക്ഷിക്കാം. ജോലിയോടൊപ്പം ഉന്നതപഠനവും നടത്താം. ജോലി നേടിയെടുക്കുക എന്നത്‌ അന്ന്‌ അത്ര എളുപ്പമല്ല.
അപേക്ഷകരില്‍ എപ്പോഴും ഇംഗ്ലണ്ടില്‍ നിന്നുള്ളവരുണ്ടാകും. അവര്‍ക്ക്‌ മുന്‍ഗണന ലഭിക്കുകയും ചെയ്യും. അപേക്ഷ അയച്ച്‌ ഭരത്ചന്ദ്രന്റെ കൈയക്ഷരം തെളിഞ്ഞു. ദീര്‍ഘനാളത്തെ പരിശ്രമത്തിനുശേഷം ലിവര്‍പൂളിലെ സെഫ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ ജോലി ലഭിച്ചു. ജോലിക്കിടെ എംആര്‍സിപി എഴുതിയെടുക്കുക അതികഠിനമായിരുന്നു. ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിരുന്നു ജോലി. രാവിലെ കയറിയാല്‍ പിറ്റേന്നു വൈകുന്നേരം വരെ തുടര്‍ച്ചയായി ഡ്യൂട്ടി. അതുകഴിഞ്ഞുള്ള ഒരു ദിവസം ക്ഷീണമകറ്റാന്‍ മാത്രമേ കഴിയൂ. പഠനം പാളുമെന്നായതോടെ ഭരത്ചന്ദ്രന്‍ അതിനും മാര്‍ഗം കണ്ടെത്തി. പുസ്തകശകലങ്ങള്‍ ചെറിയ പീസുകളാക്കി പോക്കറ്റിലിട്ടുകൊണ്ട്‌ ഡ്യൂട്ടിക്കുപോകും. ഡ്യൂട്ടിക്കിടെ കിട്ടുന്ന അവസരങ്ങളില്‍ പഠനഭാഗങ്ങള്‍ മനസില്‍ പകര്‍ത്തും. രണ്ടരവര്‍ഷംകൊണ്ട്‌ എംആര്‍സിപി നേടിയെടുക്കാന്‍ ഭരത്ചന്ദ്രനെ ഈ പഠനരീതി സഹായിച്ചു.
ഭരത്ചന്ദ്രന്‍ തിരഞ്ഞെടുത്തിരുന്നത്‌ ജനറല്‍ കാര്‍ഡിയോളജിയായിരുന്നു. ഹൃദയവുമായി അദ്ദേഹത്തെ അടുപ്പിച്ചത്‌ തന്റെ അധ്യാപകനുമായുള്ള ഹൃദയബന്ധമായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഗുരുനാഥന്‍ ഡോ.ഗോപിയായിരുന്നു. ഭരത്ചന്ദ്രന്‍ എംബിബിഎസ്‌ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുന്ന വേളയില്‍ ശിവഗിരിയില്‍ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ആഘോഷവേളയില്‍ മെഡിക്കല്‍കോളേജിന്റെ സ്റ്റാള്‍ സ്ഥാപിച്ചു. അതിന്റെ മുഴുവന്‍ മേല്‍നോട്ടവും പ്രിന്‍സിപ്പല്‍ ഡോ.തങ്കവേലുവും ഡോ.ഗോപിയും ചേര്‍ന്ന്‌ ഭരത്ചന്ദ്രനെ ഏല്‍പ്പിച്ചു. സ്റ്റാളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഡോ.ഗോപിയുടെ കൂടെ വര്‍ക്കലയിലേക്കുള്ള കാര്‍യാത്രകളാണ്‌ ഭരത്ചന്ദ്രനെ കാര്‍ഡിയോളജിയുമായി അടുപ്പിക്കുന്നത്‌. അക്കാലത്ത്‌ കേരളത്തിലും ആഫ്രിക്കയിലുമൊക്കെ വ്യാപകമായി കണ്ടുവന്ന എന്‍ഡോമാക്കോ കാര്‍ഡിയല്‍ ഫൈബ്രോസിസ്‌ എന്ന ഹൃദ്രോഗത്തെക്കുറിച്ച്‌ കാറിലുണ്ടായ ചര്‍ച്ചകളാണ്‌ ഭരത്ചന്ദ്രനെ ഹൃദയവുമായി അടുപ്പിച്ചത്‌.
ഇംഗ്ലണ്ടിലെ ജോലിക്കിടെ നൈജീരിയയിലെ അഹമ്മാദോബോലോ യൂണിവേഴ്സിറ്റിയില്‍ ലക്ചര്‍ ആയി കിട്ടിയ അവസരം ട്രോപ്പിക്കല്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിന്‌ സഹായകമായി. തിരിച്ച്‌ ഇംഗ്ലണ്ടിലെത്തിയ ഭരത്ചന്ദ്രനെ കാത്തിരുന്നത്‌ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ജോലിയാണ്‌. അവിടെ നിന്നും ഇന്‍വേസീവ്‌ കാര്‍ഡിയോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഭരതചന്ദ്രന്‌ പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ഇതിനിടെ ഇംഗ്ലണ്ടില്‍വച്ച്‌ പരിചയപ്പെട്ട മലേഷ്യന്‍യുവതി കാംചിചന്ദ്രന്‍ ഭരത്ചന്ദ്രന്റെ ജീവിതസഖിയായി. പെര്‍മനന്റ്‌ വിസയും ലഭിച്ചതോടെ ഇംഗ്ലണ്ടില്‍ തന്നെ സ്ഥിരതാമസമാക്കാന്‍ ഭരത്ചന്ദ്രന്‍ തീരുമാനിച്ചു. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു. അച്ഛന്‌ അസുഖം ബാധിച്ചു. മകന്‍ രാജിവച്ച്‌ നാട്ടിലെത്തണമെന്ന അച്ഛന്റെ ആഗ്രഹം ഭരത്ചന്ദ്രനെ നാട്ടിലെത്തിച്ചു. അന്ന്‌ പുറത്തുനിന്നെത്തുന്ന ഡോക്ടര്‍മാരെ സയന്റിഫിക്‌ പൂള്‍ ഓഫീസര്‍ എന്ന തസ്തികയില്‍ നിയമിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്രവേശിച്ച ഭരത്ചന്ദ്രന്‌ ഹോണററി അസി.പ്രൊഫസര്‍ എന്ന പദവിയും ലഭിച്ചു. മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്കുള്ള ഭരത്ചന്ദ്രന്റെ ആ തിരിച്ചുവരവ്‌ ദക്ഷിണേന്ത്യയിലെ ആദ്യ ആന്‍ജിയോപ്ലാസ്റ്ററി നടത്തി ചരിത്രമെഴുതാനായിരുന്നു. ഹൃദ്രോഗചികിത്സാരംഗത്ത്‌ പുതിയ മാറ്റത്തിന്‌ തുടക്കമിട്ട ഡോ.ഭരത്ചന്ദ്രന്റെ അനുഭവങ്ങള്‍.
ആദ്യ ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച്‌ കേരളത്തില്‍ തിരിച്ചുവന്ന കാലഘട്ടത്തില്‍ ആന്‍ജിയോ പ്ലാസ്റ്റി രാജ്യത്ത്‌ വ്യാപകമായിരുന്നില്ല. 1977-ല്‍ സ്വിറ്റ്സര്‍ലന്റുകാരനായ ആന്‍ഡ്രിയാക്ക്‌ ഗ്രന്‍ഡ്നിക്കാണ്‌ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്തുതന്നത്‌. 60 ലക്ഷത്തോളം രൂപ ആന്‍ജിയോപ്ലാസ്റ്റിക്കു ചെലവുവരും. അക്കാലത്താണ്‌ 31 വയസ്സുള്ള സുശീലന്‍ നെഞ്ചുവേദനയുമായി എന്റെയടുത്ത്‌ എത്തുന്നത്‌. പരിശോധനയില്‍ ഒരു ബ്ലോക്ക്‌ കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരോ, പെരമ്പൂര്‍ റയില്‍വേ ആശുപത്രിയിലോ പോവേണ്ടിവരുമെന്ന്‌ സുശീലനെ അറിയിച്ചു. എന്നാല്‍ അതിനുള്ള പണം അയാളുടെ കൈവശമുണ്ടായിരുന്നില്ല. സഹായം തേടിയ സുശീലനോട്‌ ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച്‌ പറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്‌ ഞാനതുവരെ നേരിട്ട്‌ കണ്ടിട്ടില്ല. ഇംഗ്ലണ്ടില്‍വച്ച്‌ അമേരിക്കയിലുള്ള ഡോക്ടര്‍മാര്‍ ചെയ്ത കേസിന്റെ വീഡിയോ കണ്ടിട്ടുണ്ട്‌. എന്നാല്‍ ആന്‍ജിയോഗ്രാഫി ധാരാളം കൈകാര്യം ചെയ്ത പഴക്കവുമുണ്ട്‌. ഈ ധൈര്യത്തില്‍ ഒരു ശ്രമം നടത്താന്‍ തയ്യാറാണോ എന്ന്‌ സുശീലനോട്‌ ചോദിച്ചു. എന്തായിത്തീരുമെന്ന്‌ ഉറപ്പുപറയാനാവില്ലെന്നും പറഞ്ഞു. പക്ഷേ സുശീലന്‌ എന്നില്‍ പൂര്‍ണ്ണവിശ്വാസമായിരുന്നു. എന്തിനും ആ മനുഷ്യന്‍ സന്നദ്ധനായിരുന്നു. സുശീലന്‍ സമ്മതംമൂളിയതോടെ കത്തീഡ്രൈസേഷന്‍ ലാബ്‌ സംഘടിപ്പിക്കുന്നതിനെക്കുറിച്ചായി ചിന്ത. അന്ന്‌ ശരീരത്തില്‍ ഹൃദയത്തിന്റെ ബ്ലോക്ക്‌ കാണുന്ന എക്സ്‌റേ എടുത്തിട്ട്‌ സ്വന്തം വീഡിയോക്യാമറ ഉപയോഗിച്ച്‌ ഷൂട്ട്ചെയ്താണ്‌ ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്‌. സര്‍ജറിക്കുള്ള ബലൂണും മറ്റുപകരണങ്ങളും ദല്‍ഹിയിലെ കമ്പനിയില്‍ നിന്നും വാങ്ങാന്‍ അന്നത്തെ മെഡിക്കല്‍കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.ബലരാമന്‍ സാര്‍ അനുവാദം തന്നു. 1986 ജനുവരി 15ന്‌ ആന്‍ജിയോപ്ലാസ്റ്റി നടന്നു. ഇന്ന്‌ ശ്രീചിത്രയിലെ കാര്‍ഡിയോളജി വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ.ശിവശങ്കരനും ഞാനും കൂടിയാണ്‌ ആന്‍ജിയോപ്ലാസ്റ്റി പൂര്‍ത്തിയാക്കിയത്‌. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌. എന്നെ വിശ്വസിച്ച്‌ എന്തും സംഭവിക്കാമെന്ന്‌ അറിഞ്ഞുകൊണ്ട്‌ ശസ്ത്രക്രിയയ്ക്ക്‌ സമ്മതംമൂളിയ സുശീലനോട്‌ ഇന്നും സ്നേഹവും ബഹുമാനവുമുണ്ട്‌. സുശീലന്‍ ഇന്ന്‌ മനസ്സിലെ വേദന കൂടിയാണ്‌. കഴിഞ്ഞ ഓഗസ്റ്റില്‍ ഞാന്‍ സ്ഥലത്തില്ലാതിരുന്ന അവസരത്തില്‍ പ്രഷര്‍കൂടി സ്ട്രോക്ക്‌ വന്ന്‌ മരണം സംഭവിച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക്‌ ശേഷം വിവാഹജീവിതത്തിലേക്ക്‌ പ്രവേശിച്ച സുശീലന്‌ മരണംവരെ ഹൃദ്രോഗപരമായ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
എസ്‌യുടി ആശുപത്രിയുടെ ഉദയം പഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയ കാലത്ത്‌ കേരളത്തില്‍ ഹൃദ്രോഗങ്ങള്‍ എണ്‍പതുശതമാനവും മറ്റ്‌ രോഗങ്ങള്‍കൊണ്ടുള്ളവയായിരുന്നു. കൊറോണറി ഹാര്‍ട്ട്‌ അറ്റാക്ക്‌ അന്ന്‌ സമ്പന്നരുടെ രോഗമായിരുന്നു. തിരിച്ചുവന്നപ്പോള്‍ സ്ഥിതിയാകെ മാറി. യൂറോപ്പിലെ ഹൃദ്രോഗങ്ങളുടെ തലസ്ഥാനമാണ്‌ സ്കോട്ട്ലന്‍ഡ്‌. അവിടെ ഒരു മുപ്പതുവയസ്സുകാരന്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നാല്‍ അത്‌ സംസാരവിഷയമാണ്‌. എന്നാല്‍ കേരളത്തിലെത്തിയപ്പോള്‍ 26കാരന്‌ അറ്റാക്ക്‌ വരുന്നത്‌ സര്‍വ്വസാധാരണമായി കഴിഞ്ഞിരുന്നു. ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ആധുനിക ചികിത്സാസംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടിയുള്ള കത്തീഡ്രൈസേഷന്‍ ലാബ്‌ മെഡിക്കല്‍ കോളേജിലെങ്കിലും സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി ഒന്നരവര്‍ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമുന്നില്‍ കയറിയിറങ്ങി. ഡോ.ബലരാമന്‍സാര്‍ മാത്രമായിരുന്നു സഹായം. സര്‍ക്കാരിന്റെയും മറ്റുഡോക്ടര്‍മാരുടെയും പിന്തുണ ലഭിക്കില്ലെന്ന്‌ മനസ്സിലായതോടെ മനസ്സുമടുത്തു. ഒന്നുകില്‍ പഠിച്ചതൊക്കെ മറന്ന്‌ ഇസിജിയും ഇക്കോയും നോക്കുന്ന സാധാരണ ഡോക്ടറായി നാട്ടില്‍ കഴിയുക. അല്ലെങ്കില്‍ ചെന്നൈയിലോ ദല്‍ഹിയിലോ പോയി ഒരു ജോലി തട്ടിക്കൂട്ടുക അതുമല്ലെങ്കില്‍ ഇംഗ്ലണ്ടിലേക്ക്‌ തിരിച്ചുപോകുക ഇതായിരുന്നു മുന്നിലുണ്ടായത്‌. ഒടുവില്‍ ഇംഗ്ലണ്ടിലേക്ക്‌ തിരിച്ചുപോകാന്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്‌ സുഹൃത്തുക്കളായ അഡ്വ.അഹമ്മദും അഡ്വ.ഗോപാലകൃഷ്ണന്‍നായരുമായിരുന്നു. ഏതെങ്കിലും ഒരു ആശുപത്രിയില്‍ സ്ഥലം വാടകയ്ക്കെടുത്ത്‌ ഒരു കത്തീഡ്രൈസേഷന്‍ ലാബ്‌ സ്ഥാപിക്കാം എന്ന ആശയം ഉരുത്തിരിഞ്ഞു. അതിന്‌ വേണ്ടി പലസ്ഥലങ്ങളിലും നോക്കി. ഒന്നും ശരിയായില്ല. ഒരു ദിവസം ചായകുടിക്കാനായി പട്ടം കൊട്ടാരം നടത്തിക്കൊണ്ടിരുന്ന നവധാര ഹോട്ടലില്‍ പോയി. ഇവിടെ സ്ഥലം കിട്ടാന്‍ ശ്രമിച്ചുനോക്കിയാലോ എന്ന ചിന്തയാണ്‌ ഹോട്ടലിരുന്നിടത്ത്‌ എസ്‌യുടി എന്ന ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനിടയായത്‌.
കേരളത്തില്‍ ഹൃദ്രോഗനിരക്ക്‌ വര്‍ദ്ധിക്കുന്നതിന്‌ കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ്‌. നമ്മുടെ രാജ്യത്തുള്ളവര്‍ പൊതുവേ മടിയന്മാരാണ്‌. വ്യായാമമില്ല. ഭക്ഷണത്തിലെ പൂരിതകൊഴുപ്പിന്റെ അളവ്‌ കൂടുതലാവുന്നു. പണ്ട്‌ പാലും മുട്ടയും ഇറച്ചിയുമൊക്കെ വല്ലപ്പോഴും കഴിക്കുന്ന അവസ്ഥയായിരുന്നു. ഇന്ന്‌ പാലിന്റെ ഉപയോഗം അമിതമായി. മട്ടണും ബീഫുമൊക്കെ നിത്യഭക്ഷണസാധനങ്ങളായി ബേക്കറി വിഭവങ്ങളുടെ ഉപഭോഗം കൂടി. പാല്‍, വെളിച്ചെണ്ണ, മാട്ടിറച്ചി, ബേക്കറി സാധനങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം ഹൃദ്രോഗങ്ങള്‍ക്ക്‌ വഴിവയ്ക്കും.
ഹൃദ്രോഗ നിരക്ക്‌ കുറയ്ക്കുന്നതിന്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ട നടപടികള്‍ തെറ്റായ ജീവിതശൈലിക്കെതിരെ ശക്തമായ ബോധവത്കരണം ഉണ്ടാകണം. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ബോധവത്കരണത്തിലൂടെ സാരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. പുകവലി കുറഞ്ഞു. വ്യായാമം കൂടി. നമ്മുടെ രാജ്യത്ത്‌ വ്യായാമത്തിനുവേണ്ട സ്ഥലങ്ങള്‍ ലഭ്യമല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ സൈക്കിളിംഗിനുവേണ്ടി പ്രത്യേകം റോഡുകളുണ്ട്‌. ജനങ്ങള്‍ക്ക്‌ വ്യായാമത്തിനുവേണ്ടി സ്ഥലസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന അനാവശ്യ ആന്‍ജിയോഗ്രാഫി, ആന്‍ജിയോ പ്ലാസ്റ്റികളെക്കുറിച്ച്‌ പത്തുപതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്കയിലെ റാന്‍ഡ്‌ കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തില്‍ കുറഞ്ഞത്‌ നാല്‍പതുശതമാനമെങ്കിലും അനാവശ്യ ആന്‍ജിയോഗ്രാഫി, ആന്‍ജിയോ പ്ലാസ്റ്റികളാണ്‌. വിദേശരാജ്യങ്ങളില്‍ ഇന്ന്‌ കര്‍ശന ഓഡിറ്റിംഗ്‌ സംവിധാനമുണ്ട്‌. ഇന്ത്യയിലും കേരളത്തിലും ഇതില്‍ കൂടുതല്‍ നടന്നാല്‍ അത്ഭുതപ്പെടാനില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആന്‍ജിയോഗ്രാഫി എന്നു കേട്ടാല്‍ പലരും മടിക്കും. എന്നാല്‍ ഇന്ന്‌ അങ്ങോട്ട്‌ ചെന്ന്‌ സന്നദ്ധത പ്രകടിപ്പിക്കുകയാണ്‌. ആന്‍ജിയോപ്ലാസ്റ്റികളില്‍ 20000 മുതല്‍ 1.2 ലക്ഷംരൂപ വരെ വിലയുള്ള സ്റ്റെങ്ങ്തുകള്‍ ഉപയോഗിക്കുന്നുണ്ട്‌. ഇരുപതിനായിരത്തിന്റെ സ്റ്റെങ്ങ്ത്‌ ഇട്ട്‌ 1.2 ലക്ഷം ബില്‍ നല്‍കുന്ന ആശുപത്രികളുണ്ട്‌. രോഗികളെ ആകര്‍ഷിക്കാന്‍ ആന്‍ജിയോഗ്രാഫിക്ക്‌ ആകര്‍ഷക നിരക്കും നല്‍കും. ഇതൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണം.
സ്വന്തം ആരോഗ്യപരിപാലനം വയസ്സ്‌ അറുപത്തിയഞ്ചിലോട്ട്‌ അടുക്കുമ്പോഴും പ്രശ്നങ്ങളൊന്നുമില്ല. അന്നജം ഉള്‍പ്പെട്ട ആഹാരം കഴിക്കാറില്ല. പച്ചക്കറികളും മത്സ്യവും സാലഡുകളും ബദാം, അണ്ടിപ്പരിപ്പ്‌, കപ്പലണ്ടി എന്നിവയാണ്‌ സാധാരണ ഉപയോഗിക്കുക.
പാല്‍ ഉപയോഗിക്കില്ല. ചോറോ ചപ്പാത്തിയോ ഒരു നേരം മാത്രം ഉപയോഗിക്കും. മുടങ്ങാതെയുള്ള വ്യായാമമുണ്ട്‌. രാവിലെ 6 മുതല്‍ 8 മണിവരെ ഗോള്‍ഫ്‌ കളിക്കും. ആശുപത്രിയിലെത്തിയാല്‍ റൗണ്ട്സിനും മറ്റും പോകുമ്പോള്‍ ലിഫ്റ്റ്‌ ഒഴിവാക്കും.
സ്വപ്നപദ്ധതി ഒരു നല്ല അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രി. ലോകത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും കേരളീയര്‍ക്കും ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി. മറ്റുരാജ്യങ്ങളില്‍ നിന്ന്‌ എത്തുന്നവരില്‍ നിന്നും ലഭിക്കുന്ന ഫീസുകൊണ്ട്‌ കേരളത്തില്‍ വിദഗ്ധ ചികിത്സകിട്ടാതെ പോകുന്ന പാവങ്ങള്‍ക്ക്‌ സൗജന്യചികിത്സ ലഭ്യമാക്കണം.
കുടുംബം ഭാര്യ കാംചിചന്ദ്രന്‍. മൂത്തമകള്‍ ചാന്ദ്നി ആര്‍ക്കിടെക്റ്റാണ്‌. മരുമകന്‍ പ്രീതേഷ്‌ ഇലക്ട്രോണിക്സ്‌ എന്‍ജിനീയര്‍. രണ്ടാമത്തെ മകള്‍ ശാലിനി എംഡിക്ക്‌ പഠിക്കുന്നു. മരുമകന്‍ നാരായണന്‍ ഓര്‍ത്തോപീഡിക്സില്‍ പിജി ചെയ്യുന്നു. ഇളയമകള്‍ ശാരിക ഹൗസ്സര്‍ജന്‍സി ചെയ്യുന്നു.
-സി.രാജപ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.