ചുമട്ടുതൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ബിഎംഎസ്

Tuesday 24 January 2017 9:53 pm IST

തൃശൂര്‍: സംസ്ഥാനത്ത് ചുമട് മേഖലയില്‍ പണിയെടുക്കുന്ന രണ്ടരലക്ഷത്തോളം വരുന്ന തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശിവജി സുദര്‍ശന്‍ ആവശ്യപ്പെട്ടു. ഈ രംഗത്ത് സിഐടിയു നേതൃത്വം നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള ചുമട്ട് തൊഴിലാളികള്‍ ജില്ലാ വ്യാപകമായി പണിമുടക്കി നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളെയും ഏതെങ്കിലും ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാക്കണം എന്ന നിര്‍ദ്ദേശം അട്ടിമറിക്കാനാണ് സിഐടിയു നേതൃത്വം കേന്ദ്രസര്‍ക്കാര്‍ ഇഎസ്‌ഐ നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നത്. യാതൊരു ന്യായീകരണവും അര്‍ഹിക്കാത്ത ഈ നടപടി തികച്ചും വഞ്ചനാപരമാണെന്നും ഇതിനെതിരെ സംസ്ഥാന വ്യാപകമായി തൊഴിലാളികളെ സംഘടിപ്പിച്ച് പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറെ കോട്ടയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് എന്‍.വി.ഘോഷ്, പി.കെ.അറുമുഖന്‍, പി.കെ.വര്‍ഗീസ്, പി.കെ.സുധീഷ്, എസ്.കെ.സതീശന്‍, എ.എസ്.സുനില്‍കുമാര്‍, ബേബി ചേര്‍പ്പ്, പി.എസ്.സഹദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സേതു തിരുവെങ്കിടം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എ.സി.കൃഷ്ണന്‍, എം.കെ.ഉണ്ണികൃഷ്ണന്‍, കെ.എന്‍.വിജയന്‍, കെ.മോഹന്‍ദാസ്, സി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.