എസ്എംഇ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Wednesday 25 January 2017 5:00 am IST

കോട്ടയം: നിലവിലുള്ള കോഴ്‌സുകളുടെ അംഗീകാരവും പുതിയ ബാച്ചുകളുടെ പ്രവേശനവും സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ സര്‍വ്വകലാശാലയും സര്‍ക്കാരും തുടരുന്ന അനാസ്ഥയ്‌ക്കെതിരേ ഇന്നു മുതല്‍ കോട്ടയം ഗാന്ധിസ്‌ക്വയറില്‍ അനിശ്ചിതകാല ധര്‍ണ നടത്തും. സര്‍വ്വകലാശാലയ്ക്കു പ്രതിവര്‍ഷം എട്ടു കോടി രൂപ വരുമാനമുണ്ടാക്കുന്ന എസ്എംഇ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം നടന്നുവരികയാണെന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിച്ചു. സ്വാശ്രയ ലോബികളാണ് ഇതിനു പിന്നില്‍. എസ്എംഇയിലെ പഠിച്ചിറങ്ങുന്നവര്‍ക്കു ലോകത്തെവിടെയും ലഭിക്കുന്ന സ്വീകാര്യത അന്യസംസ്ഥാനങ്ങളിലേതുള്‍പ്പെടെയുള്ള സ്വാശ്രയ മേഖലയുടെ കണ്ണിലെ കരടായി എസ്എംഇയെ മാറ്റി. പ്രതിഷേധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സംയുക്ത സമിതി പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തുനിന്ന് ഇന്നു രാവിലെ പത്തിനു കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തും. തുടര്‍ന്ന് ഒന്നു വരെ കളക്ടറേറ്റ് പിക്കറ്റിംഗ്. പിന്നീട് അഞ്ചു വരെ ഗാന്ധിസ്‌ക്വയറില്‍ ധര്‍ണ നടത്തും. എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ അഞ്ചു വരെ നടക്കുന്ന സമരത്തില്‍ എസ്എംഇയുടെ എട്ടു സെന്ററുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ ആദില്‍, ഹൗസിയ കെ. കാസിം, അനന്തു കൃഷ്ണന്‍, അനുരാജ്, രക്ഷാകര്‍ത്തൃ പ്രതിനിധികളായ സുരേഷ് തൂമ്പുങ്കല്‍, രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.