മണ്ണ് കടത്ത്: നടപടിയില്ലെങ്കില്‍ മന്ത്രിയെ തടയുമെന്ന് ബിജെപി

Wednesday 25 January 2017 2:04 pm IST

കൊല്ലം: അഞ്ചാലുംമൂട് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും മണ്ണ് കടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ 27ന് സ്‌കൂളില്‍ പരിപാടിക്ക് എത്തുന്ന വിദ്യാഭ്യാസ മന്ത്രിയെ തടയുമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്. പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാട്ടുമെന്ന് എബിവിപി സ്‌കുള്‍ യൂണിറ്റ് ഭാരവാഹികളും അറിയിച്ചു. അതേ സമയം സ്‌കൂള്‍ പ്രഥമാധ്യാപികയുമായി ബിജെപി നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംഭവത്തില്‍ കുറ്റക്കരനായ പിടിഎ പ്രസിഡന്റിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നും സ്‌കൂള്‍ ലെറ്റര്‍ഹെഡില്‍ പോലീസില്‍ പരാതി നല്‍കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. തെറ്റുപ്പറ്റിയെന്ന് പറഞ്ഞ പ്രഥമാധ്യാപിക ആവശ്യം നിരാകരിച്ചു. എന്നാല്‍ ഗുരുതരമായ കുറ്റമാണ് പിടിഎ പ്രസിഡന്റ് നടത്തിയതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌കൂളില്‍ നിന്നും അനധികൃതമായി പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്തിയത്. സ്മാര്‍ട്ട് സ്‌കൂളിന്റെ ഉദ്ഘാടനത്തിനായി വിദ്യാഭ്യാസ മന്ത്രി എത്തുന്നതിന് മുമ്പ് സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഗേറ്റിന് മുന്നിലുള്ള മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. നീക്കുന്ന മണ്ണ് സ്‌കൂള്‍ കോമ്പൗണ്ടിന്റെ മറ്റൊരു ഭാഗത്ത് മാറ്റിയിടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിടിഎ പ്രസിഡന്റ് അനില്‍ മണ്ണ് പുറത്ത് കച്ചവടത്തിനായി കൊണ്ടുപോകുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മണ്ണുമായി ലോറികള്‍ പുറത്തേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ബിജെപി നേതാക്കള്‍ സ്‌കൂളിലെത്തി മണ്ണെടുപ്പ് തടയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.