അന്ധകാരനഴി ബീച്ചില്‍ സുരക്ഷ അപര്യാപ്തം

Wednesday 25 January 2017 7:01 pm IST

തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴി ബീച്ചില്‍ സുരക്ഷയും സൗകര്യങ്ങളുമില്ല. മന്ത്രി പി.തിലോത്തമന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ലാപ്‌സാകാന്‍ സാധ്യതയെന്ന് അറിയുന്നു. ഉദ്യോഗസ്ഥന്മാരുടെയും പട്ടണക്കാട് പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥ മൂലമാണ് വികസന പദ്ധതികള്‍ മുടങ്ങുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. സ്വദേശിയരും വിദേശിയരുമായ നൂറുക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. സുനാമി ഫണ്ടില്‍ നിന്നും കോടികള്‍ മുടക്കി നട ത്തിയ നിര്‍മാണങ്ങള്‍ നശിച്ചില്ലാതായി. ഇവിടെ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങളൊന്നുമില്ല. ചെറിയ വിശ്രമകേന്ദ്രത്തിന്റെ മേല്‍ക്കൂരകള്‍ നിലംപൊത്തി.നടക്കാനായി പണിത മേല്‍പ്പാലത്തിന്റെ കൈവരികള്‍ തുരുമ്പെടുത്തുനശിച്ചു. ഗുണമേന്മയില്ലാത്ത കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബീച്ചിലെ നിര്‍മാണങ്ങളൊക്കെ നടത്തിയതെന്ന് ധാരാളം ആക്ഷേപങ്ങളുണ്ട്.ഇതേ തുടര്‍ന്നാണ് മന്ത്രി പി. തിലോത്തമന്‍ 50 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ പല തടസങ്ങള്‍ പറഞ്ഞ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. തീരദേശത്തെ അക്രമം തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച എയ്ഡ് പോസ്റ്റിലെ പോലിസുകാരാണ് ഇവിടെത്തെ ആകെയുള്ള സുരക്ഷാ ചുമതലക്കാര്‍. മറ്റാവശ്യങ്ങള്‍ക്കായി ഇവര്‍ പോയാല്‍ ബീച്ച് അനാഥമാണ്. വിനോദത്തിന് എത്തിയ നിരവധി പേര്‍ കടലിലെ തിരയില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ഇവിടെ സുരക്ഷാ ഗാര്‍ഡുകളെ നീയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിലവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് ചുമതല. ഇത് പട്ടണക്കാട് പഞ്ചായത്തിനെ ഏല്‍പ്പിച്ചാല്‍ ടൂറിസം മേഖലയെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. തീരദേശത്തെ ഒരു വിഭാഗം ആളുകള്‍ മനപൂര്‍വ്വം വികസനത്തിന് തടസം സൃഷ്ടിക്കുന്നതായി പട്ടണക്കാട് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.