നേതാവിനെ വീടുകയറി അക്രമിച്ചതായി പരാതി

Wednesday 25 January 2017 9:30 pm IST

സ്വന്തം ലേഖകന്‍ വടക്കാഞ്ചേരി : ഗ്രൂപ്പ് പോരിനെ തുടര്‍ന്ന്മുന്‍ കോണ്‍ (ഗസ് നേതാവിനേയും കുടുംബത്തേയും ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. മിണാലൂര്‍ ചള്ളേ പറമ്പില്‍ ബാലകൃഷ്ണന്‍ (ഉണ്ണി(47) ഭാര്യ ശ്രീലത(45), മകന്‍ വിഷ്ണു(20), എന്നിവരെയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവരെ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടു കൂടിയാണ് സംഭവം നടന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരില്‍ മനം മടുത്ത് ഏതാനും നാളുകളായി പാര്‍ട്ടിയോട് അകന്ന് കഴിയുകയാണ് ബാലകൃഷ്ണന്‍. കഴിഞ്ഞ വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പില്‍ മിണാലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാത്ഥി തോറ്റിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നതായി എതിര്‍വിഭാഗം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭീഷണിയും കൊലവിളിയും നിരന്തരം നടന്നിരുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പുതിയ ഡിസിസി പ്രസിഡണ്ട് ടി.എന്‍ പ്രതാപനെ ബാലകൃഷ്ണന്‍ കണ്ടിരുന്നു. ഇതാണ്‌പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണന്‍ പറയുന്നു. ഐഎന്‍ടിയുസി മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡണ്ട് സി.കെ ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗസംഘമാണ് അക്രമണ നടത്തിയതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ വീടു തല്ലിതകര്‍ക്കുകയും വീട്ടു ഉപകരങ്ങള്‍ നശിപ്പിക്കയും ചെയ്തു. ബാലകൃഷ്ണന്റെ ഭാര്യയും കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയുമായ ശ്രീലതയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചിച്ച മകന്‍ വിഷ്ണുവിനും മര്‍ദ്ദനമേറ്റു. ബഹളം കേട്ട് ഓടി എത്തിയ അയല്‍വാസികളും നാട്ടുകാരുമാണ് അക്രമികളില്‍ നിന്നും ഇവരെ രക്ഷപെടുത്തിയത്. പിന്നീട് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനു ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനമേറ്റ ബാലകൃഷ്ണന്‍ തൃശൂര്‍ ഡിസിസി മെമ്പര്‍ ആയും, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഐടിയുസി മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് അക്രമണത്തിലേക്ക് നീങ്ങിയതോടെ, ആയ്യന്തോളും, ചാവക്കാടും നടന്ന നിഷ്ഠൂര കൊലപാതക സംഭവങ്ങള്‍ മിണാലൂരും ആവര്‍ത്തിക്കുമോ എന്ന ഭയാശങ്കയിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.