വരള്‍ച്ച രൂക്ഷം; കെഐപി കനാലില്‍ വെള്ളമെത്തിക്കാന്‍ നടപടിയില്ല

Wednesday 25 January 2017 11:08 pm IST

പന്തളം: വരള്‍ച്ച രൂക്ഷമാകാന്‍ തുടങ്ങിയിട്ടും പന്തളത്ത് കെഐപി കനാലില്‍ക്കൂടി വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വരള്‍ച്ചയെ നേരിടുന്നതിനു ലക്ഷ്യമിട്ടാണ് 30 വര്‍ഷം മുമ്പ് പന്തളത്ത് കല്ലട ജലസേചന പദ്ധതി നടപ്പിലാക്കിയത്. ഇതിനായി ലക്ഷങ്ങള്‍ മുടക്കി ഭൂമി ഏറ്റെടുത്ത് കനാലുകളും പണിതീര്‍ത്തു. പന്തളം നഗരസഭയിലെ മിക്ക ഡിവിഷനുകളില്‍ക്കൂടിയും കെഐപി കനാലുകള്‍ കടന്നു പോകുന്നുണ്ട്. എന്നാലിപ്പോള്‍ എല്ലായിടത്തും ഒരാള്‍ പൊക്കത്തിലുള്ള കുറ്റിക്കാടുകള്‍ വളര്‍ന്ന് കനാല്‍ മൂടിക്കിടക്കുകയാണ്. ഇത് ഇഴജന്തുക്കളുടെയും മറ്റും ആവാസ കേന്ദ്രമായും മാറിയിരിക്കുന്നു. ഇത് വെട്ടിത്തെളിക്കാനോ അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി വെള്ളമെത്തിക്കാനോ കെഐപിയിലെയോ നഗരസഭയിലെയോ അധികൃതര്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 15 വര്‍ഷം മുമ്പു തുടങ്ങിയ പന്തളം കുടിവെള്ള പദ്ധതിയും പൂര്‍ണ്ണമായും സജ്ജമായിട്ടില്ല. കെഐപി പദ്ധതിയാണ് ജനങ്ങക്കാശ്രയം. അതിനാല്‍ കനാലിലൂടെ വെള്ളമെത്തിച്ച് വറ്റിക്കൊണ്ടിരിക്കുന്ന കിണറുകളിലെല്ലാം കുടിവെള്ളമെത്തിക്കുക എന്നതു മാത്രമാണ് പന്തളത്ത് വരള്‍ച്ചയെ നേരിടാനുള്ള ഏക മാര്‍ഗ്ഗം. ഇതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. കനാലിനോടു ചേര്‍ന്നു താമസിക്കുന്ന മിക്കവരും നിരോധിത പ്ലാസ്റ്റിക് കവറുകളും മറ്റെല്ലാത്തരം മാലിന്യങ്ങളും നിക്ഷേപിക്കുന്നതും കനാലുകളിലേക്കാണ്. ഇത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും നഗരസഭാധികൃതര്‍ തയ്യാറാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.