കൊല്ലം: സ്ത്രീസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരപരിധിയിലെ മുഴുവന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ നിരവധിപേര്‍ പിടിയില്‍. സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ സബ് ഡിവിഷനിലെ മുഴുവന്‍ വനിതാപോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
മഫ്ടി വേഷത്തിലും യൂണിഫോമിലുമാണ് പരിശോധന നടത്തിയത്. കൊല്ലം ബീച്ച്, ആശ്രാമം അഡ്വഞ്ചര്‍പാര്‍ക്ക്, റെയില്‍വെ സ്റ്റേഷന്, കോളേജ് ജംഗ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളെ ശല്യപ്പെടുത്തിയവരെയും ക്ലാസില്‍ കയറാതെ കറങ്ങിനടന്ന വിദ്യാര്‍ത്ഥികളെയും പിടികൂടി. സ്റ്റേഷനില്‍ കൂട്ടികൊണ്ടുവന്ന വിദ്യാര്‍ത്ഥികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്ത മൂന്നുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ബീച്ചിലും, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലും ധാരാളം വിദ്യാര്‍ത്ഥിനികള്‍ യൂണിഫോമിലും മറ്റും ചെറുപ്പക്കാരോടൊപ്പം ക്ലാസുകളില്‍ കയറാതെ ചിലവഴിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിവരം കോളേജിലേയും, വിദ്യാലയങ്ങളിലെയും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. എസിപി ജോര്‍ജ്കോശി നേതൃത്വം നല്കി. സിഐമാരായ എസ്.മഞ്ജുലാല്‍, ജിജി, എസ്ഐമാരായ എസ്.ജയകൃഷ്ണന് അനിലകുമാരി എന്നിവരും സബ് ഡിവിഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: