കംബള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം
ബംഗളൂരു: ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്നാലെ കര്‍ണാടകത്തിന്റെ പരമ്പരാഗത മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തം. കംബളയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നും നിരോധനത്തിനിടയാക്കിയ പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം .നൂറുകണക്കിനാളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെരുവിലിറങ്ങി. കംബള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രാദേശിക സമിതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം മുപ്പതിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം. കോടതിയുടെ നിലപാട് ഇക്കാര്യത്തില്‍ അനുകൂലമല്ലെങ്കില്‍ വിലക്ക് മറികടക്കുന്നതിനായി തമിഴ്നാട് മാതൃകയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്തമാസം ആറിന് തുടങ്ങാനിരിക്കുന്ന നിയമസഭ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. എന്നാല്‍ ശനിയാഴ്ച ദക്ഷിണ കന്നഡയിലെ മൂഡബിദ്രിയില്‍ അരലക്ഷത്തോളം പേര് പങ്കെടുക്കുന്ന വന്‍ പ്രതിഷേധമാണ് കംബള പ്രാദേശിക സമിതികള്‍ സംഘടിപ്പിക്കാനിരിക്കുന്നത്. അന്ന് കോടതി വിലക്ക് ലംഘിച്ച് എരുമയോട്ടം നടത്താനും സമിതികള്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ കാളയോട്ടമത്സരത്തിന് സമാനമായ രീതിയിലാണ് കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍ കംബള സംഘടിപ്പിച്ചിരുന്നത്. കാളയോട്ടത്തിന് സമാനമായി ഉഴുതുമറിച്ച വയലിലൂടെ എരുമകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബള. മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കംബള നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ പെറ്റ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി തീര്‍പ്പാകുന്നതുവരെ കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്ത് കംബളയ്ക്ക് ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.