സ്നേഹിക്കാനും സഹായിക്കാനുമുള്ള മലയാളിയുടെ മാനസികാവസ്ഥയില്‍ മാറ്റം: സേതു

Sunday 6 May 2012 10:41 pm IST

അങ്കമാലി: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇന്ന്‌ കേള്‍ക്കുവാന്‍ പറ്റാത്തതും കാണുവാന്‍ ആഗ്രഹിക്കാത്തതുമായ വാര്‍ത്തകളാണ്‌ കേള്‍ക്കുന്നതെന്ന്‌ പ്രശസ്ത എഴുത്താകാരന്‍ സേതു പറഞ്ഞു. അങ്കമാലി ചുങ്കത്ത്‌ ഗ്രൗണ്ടില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹിക്കാനും മറ്റുളളവരെ സഹായിക്കാനുമുളള മലയാളിയുടെ മാനസികാവസ്ഥയ്ക്ക്‌ മാറ്റം വന്നിട്ടുണ്ട്‌. ഇത്‌ കേരളത്തിന്റെ സാംസ്ക്കാരിക തകര്‍ച്ചയുടെ തെളിവാണ്‌. ഇതിന്‌ മാറ്റം വരുവാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. വരും തലമുറയ്ക്കുവേണ്ടിയെങ്കിലും നാം ഇന്നത്തെ സാംസ്ക്കാരിക തകര്‍ച്ചക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. മലയാളിയുടെ സ്നേഹിക്കാനും സാഹയിക്കാനുമുള്ള മാനസികാവസ്ഥ തിരിച്ചുവന്നാല്‍ മാത്രമെ വരും തലമുറ രക്ഷപ്പെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ജീവിത സായാഹ്നങ്ങളില്‍ നാം തിരിഞ്ഞു നോക്കുമ്പോള്‍ നമുക്ക്‌ എന്തുനേടാന്‍ കഴിഞ്ഞുവെന്ന്‌ ചിന്തിക്കണം. അപ്പോള്‍ നമുക്ക്‌ സ്നേഹിക്കുവാനും സമൂഹത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞുവെന്ന്‌ മനസിലാക്കണമെങ്കില്‍ നാം ഇപ്പോള്‍തന്നെ വരും തലമുറയ്ക്കുവേണ്ടിയെങ്കിലും മലയാളിയുടെ പഴയ നല്ലനാളുകള്‍ തിരിച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കണമെന്നും സേതുപറഞ്ഞു. യോഗത്തില്‍ മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷതവഹിച്ചു. കവി എന്‍.കെ. ദേശം ആമുഖ പ്രസംഗം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി.കെ. വര്‍ഗീസ്‌, ഫിസാറ്റ്‌ ചെയര്‍മാന്‍ പി.വി. മാത്യു, ആലുവ താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പോള്‍ വര്‍ഗീസ്‌, ഇ.എന്‍. നന്ദകുമാര്‍, ഇ.എന്‍. അനില്‍, എ.ടി. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിച്ച നാടന്‍ പാട്ടുകളും കളികളും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.