അഴിമതിയുടെ ജാള്യത മറച്ച് വെക്കാന്‍ കള്ളപ്രചരണവുമായി കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍

Friday 27 January 2017 10:21 pm IST

കാസര്‍കോട്: ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടെ കാസര്‍കോട് നഗരസഭയില്‍ നടത്തിയ നിരവധി പദ്ധതികളില്‍ ഭരണമുന്നണിയായ മുസ്ലിം ലീഗ് നടത്തിയ അഴിമതിയുടെ ജാള്യത മറച്ചുവെയ്ക്കാന്‍ കള്ളക്കേസുമായി ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പി.രമേശ് പറഞ്ഞു. അഴിമതി നടത്തിയവര്‍ക്കെതിരെ നടപടികളെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍പേഴ്‌സണ്‍ സ്വികരിക്കുന്നത്. അതിലൂടെ അവരും അഴിമതിയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടക്കുന്ന സാഹചര്യത്തില്‍ ലീഗിനുള്ളില്‍ നിന്ന് തന്നെ അഴിമതിക്കാരെ സംരക്ഷിക്കുന്ന ചെയര്‍പേഴ്‌സന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ചെയര്‍പേഴ്‌സണ്‍ നാടകം കളിക്കുന്നത്. ലീഗ് കൗണ്‍സിലറായ സിയാനയുടെ കൈനഖമേറ്റാണ് ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിമിന് പരിക്കേറ്റത്. കൗണ്‍സിലര്‍മാരായ സിയാനയും, ഹമീദ് ബദിരയും, ചോയര്‍പേഴ്‌സണും ചേര്‍ന്ന് ബിജെപി കൗണ്‍സിലറായ ജാനകിയെ കൈയ്യേറ്റം ചെയ്യുകയാണുണ്ടായത്. വിജിലന്‍സിന് കേസ് കൊടുത്ത ഖുര്‍ഹാനെ കഴിഞ്ഞ ദിവസം കൈയ്യേറ്റം ചെയ്യാന്‍ ഹമീദ് ബദിര ശ്രമിച്ചിരുന്നു. കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബിജെപി അംഗങ്ങള്‍ക്കെതിരെ നിയമ പ്രാബല്യമില്ലാത്ത സസ്‌പെന്‍ഷനാണ് നടത്തിയിരിക്കുന്നത്. കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ അംഗങ്ങളെ സസ്‌പെന്റ് ചെയ്തതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞിട്ടില്ല. അഴിമതിക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് രമേശ് പറഞ്ഞു. അഴിമതി ആരോപണ വിധേയയായ വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ 30 ന് വിളിച്ച് ചേര്‍ത്തിരിക്കുന്ന സ്റ്റാന്റിംഗ് കമ്മറ്റി യോഗം ഉപരോധിക്കാനുള്ള തീരുമാനം വരും ദിവസങ്ങളിലെടുത്തേക്കും. ഭവനപുനരുദ്ധാരണ പ്രവൃത്തിയിലെ അഴിമതി നടത്തിയ ലീഗ് കൗണ്‍സിലര്‍ നൈമുന്നിസയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ട് കൗണ്‍സില്‍ യോഗങ്ങള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇന്നലെ കൗണ്‍സില്‍ യോഗം ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചേരാനാകാതെ പിരിഞ്ഞു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ നഗരസഭാ കവാടത്തില്‍ കുത്തിരുന്ന് പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.