പ്രവാസി കമ്മീഷന് സൗകര്യങ്ങളില്ല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Friday 27 January 2017 11:35 pm IST

കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ജഡ്ജിയെ അദ്ധ്യക്ഷനാക്കി സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസി കമ്മീഷന് ഓഫിസും അനുബന്ധ സൗകര്യങ്ങളും അനുവദിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ് ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് പറഞ്ഞു. വീഴ്ച സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ധന,നോര്‍ക്ക സെക്രട്ടറിമാരും ഫെബ്രുവരി 21ന് മുമ്പ് വിശദീകരണങ്ങള്‍ ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ഭവദാസനെ അദ്ധ്യക്ഷനാക്കിയാണ് 2016 ജനുവരി 26ന് ഗവര്‍ണറുടെ അനുമതിയോടെ കമ്മീഷന്‍ രൂപീകരിച്ചത്. അദ്ധ്യക്ഷനൊപ്പം നാല് അംഗങ്ങളെ കൂടി നിയമിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുവരെ കമ്മീഷന് ഓഫീസോ മറ്റ് സൗകര്യങ്ങളോ അനുവദിച്ചിട്ടില്ല. കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥല സൗകര്യമോ സ്റ്റാഫ് അംഗങ്ങളെയോ അനുവദിക്കാത്തത് ഉത്തരവാദിത്വമുള്ള ഉദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായി കരുതേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടികാണിച്ചു. നിയമനം ലഭിച്ച് ഒരു വര്‍ഷമായിട്ടും അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹിക്കുന്ന ശമ്പളം പോലും നല്‍കാത്തത് വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദേ്യാഗസ്ഥരുടെ അലംഭാവമാണെന്നും നടപടിക്രമത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.