ഗാന്ധിപാര്‍ക്കിനെ ദേശഭക്തിയിലാറാടിച്ച് ഭാരതീയ ഗാനത്തോണ്‍

Friday 27 January 2017 11:47 pm IST

തിരുവനന്തപുരം: ഗാന്ധിപാര്‍ക്കിലെ ഗാന്ധി പ്രതിമയക്ക് മുന്നില്‍ ആയിരം കണ്ഠങ്ങളില്‍ നിന്നും ദേശഭക്തിയുടെ ഗാനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നഗരം ദേശസ്‌നേഹത്തിലലിഞ്ഞു. ഹിന്ദു സ്പിരിച്വല്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആദ്ധ്യാത്മിക-സേവന മേളയുടെ മുന്നോടിയായാണ് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദേശഭക്തി ഗാനസന്ധ്യ' ഭാരതീയ ഗാനത്തോണ്‍ ' സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ 'ദൈവ ദശകം' മുതല്‍ 'വന്ദേമാതരം' വരെയുള്ള പതിനാല് സാമൂഹിക-ദേശ ഭക്തി ഗാനങ്ങളാണ് ആലപിച്ചത്. വനം വന്യ ജീവി സംരക്ഷണം, തുളസീവന്ദനം തുടങ്ങിയ വിഷയങ്ങളടങ്ങിയ മലയാളം, തമിഴ്, സംസ്‌കൃതം,ഹിന്ദി ഭാഷകളിലെ ഗാനങ്ങളാണ് ആലപിച്ചത്. സംഗീതജ്ഞ കെ.ഓമനകുട്ടി ടീച്ചര്‍ നിലവിളക്ക് തെളിച്ച് ഭാരതീയ ഗാനത്തോണിന് തുടക്കം കുറിച്ചു. അന്‍പത് വര്‍ഷത്തെ സംഗീത സപര്യ പൂര്‍ത്തിയാക്കിയ കെ.ഓമനകുട്ടി ടീച്ചര്‍ക്ക് ഗുരുവന്ദനം നടത്തി. ചലച്ചിത്ര പിന്നണി ഗായികമാരായ അരുന്ദതി, ഭാവനാ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഓമനകുട്ടി ടീച്ചറെ പൊന്നാടയണിയിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി ഉപഹാരം നല്‍കി ഓമനക്കുട്ടി ടീച്ചറെ ആദരിച്ചു. കുട്ടികളിലേക്ക് സംസ്‌കാരം പകര്‍ന്നുനല്‍കേണ്ട ആവശ്യകത ഏറിവരുന്ന കാലമാണെന്നും കുട്ടികളുടെ മനസ്സ് വായിക്കാന്‍ കഴിയാത്ത വിധം മാറിപ്പോകുന്നുവെന്നും ഇത്തരം പരിപാടികളിലൂടെ മാത്രമേ കുട്ടികളില്‍ സംസ്‌കാരം എത്തിക്കാനാവൂഎന്നും ഓമനകുട്ടി ടീച്ചര്‍ പറഞ്ഞു. ഭാരതീയ വിദ്യാനികേതനിലെ പാറശ്ശാല, ഊരൂട്ടംബലം എന്നീ സ്‌കൂളുകളില്‍ നിന്നും ചിന്മയ മിഷന്‍, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും സംഗീത അധ്യാപകരുമാണ് ഭാരതീയ ഗാനത്തോണില്‍ പങ്കെടുത്തത്. ഓര്‍ഗനൈസിംഗ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം.ആര്‍.രഞ്ജിത് കാര്‍ത്തികേയന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്.വിജയകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഗാനത്തോണിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.