ജപ്പാന്‍ കുടിവെള്ളപദ്ധതി: യോഗം വിളിക്കാമെന്ന് മേയര്‍

Saturday 28 January 2017 12:36 pm IST

കോഴിക്കോട്: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജപ്പാന്‍ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കാരപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നവ്യഹരിദാസാണ് വിഷയം ശ്രദ്ധക്ഷണിക്കലായി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. വരള്‍ച്ച കൂടുതല്‍ രൂക്ഷമാകാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. എത്രയും പെട്ടെന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സാധിക്കൂ. കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി ഇനിയും 587 കി.മീറ്റര്‍ പൂര്‍ത്തിയാക്കാനുണ്ട്. അടിയന്തിരമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തി നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ യോഗത്തെ അറിയിച്ചു. നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന തീപ്പിടുത്തവുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ കെ.കെ. റഫീഖ് ശ്രദ്ധ ക്ഷണിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മേയര്‍ അറിയിച്ചു. കിടപ്പിലായ രോഗികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നത് പൂര്‍ത്തിയാക്കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട് നല്‍കാനുണ്ടായ കാരണമെന്തെന്നന്വേഷിക്കാന്‍ മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.