കണക്ക്‌ ബാലികേറാമലയായവര്‍ക്ക്‌ സൂത്ര വഴികളൊരുക്കി ബിജു

Saturday 9 July 2011 9:57 pm IST

മുഹമ്മ: കണക്ക്‌ എന്ന്‌ കേള്‍ക്കുമ്പോഴേ തലവേദന അനുഭവപ്പെടുന്നവര്‍ക്ക്‌ കണക്കിന്റെ സൂത്രവഴികളൊരുക്കി നേര്‍രേഖയിലേക്ക്‌ നയിക്കുന്ന എസ്‌എല്‍പുരം പുതുപ്പറമ്പില്‍ ബിജുവെന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ശ്രദ്ധേയനാവുന്നു.
സ്കൂള്‍ അധ്യാപകനാവാന്‍ മോഹിച്ചയാള്‍ വിധിവൈപരീത്യം കൊണ്ട്‌ കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറായി. 2002 മുതല്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന തന്റെ കര്‍മപഥം അധ്യാപകന്റേതാണെന്ന്‌ തിരിച്ചറിഞ്ഞ്‌ പ്രതിഫലേച്ഛ കൂടാതെ കുട്ടികളെ പ്രത്യേകമായി പഠിപ്പിക്കുന്നുണ്ട്‌. അരീപറമ്പ്‌, കഞ്ഞിക്കുഴി, കൂറ്റുവേലി ഹൈസ്കൂളുകളില്‍ സ്പെഷ്യല്‍ ക്ലാസ്‌ എടുക്കുന്നത്‌ അധ്യാപകരുടെ നിര്‍ബന്ധം മൂലമാണ്‌. ജോലി കിട്ടുന്നതിന്‌ മുന്‍പ്‌ 20 വര്‍ഷം ട്യൂട്ടോറിയലുകളില്‍ പഠിപ്പിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്‌.
കണക്കില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്‌ ആവര്‍ത്തന പാഠങ്ങള്‍ സഹായിക്കുമെന്ന്‌ നിര്‍ദേശിക്കുന്ന ഈ അധ്യാപകന്‍ കണക്ക്‌ ബൗദ്ധിക ആരോഗ്യം ഉണ്ടാക്കുമെന്ന്‌ പറയുന്നു. ശൃംഖല വിഷയമായ കണക്കില്‍ വഴിതെറ്റി ഉലയുന്നവര്‍ക്ക്‌ വേണ്ടി നാല്‌ പുസ്തകങ്ങളെഴുതുകയും തന്നെ സമീപിക്കുന്നവരെ കണക്ക്‌ എന്ന ബാലികേറാമലയിലേക്ക്‌ കൈപിടിച്ച്‌ കയറ്റുകയും ചെയ്യുന്ന ഇദ്ദേഹം വിനയാന്വിതനാണ്‌.
ഇദ്ദേഹം രചിച്ച കണക്കിന്‌ മറുപടി, പത്ത്‌ വര്‍ഷങ്ങളായി പിഎസ്സി ആവര്‍ത്തിക്കപ്പെട്ട ഗണിതചോദ്യങ്ങളും ഉത്തരങ്ങളും, മാനസിക ശേഷി പരിശോധനയും ഗണിത ചോദ്യങ്ങളും, കണക്ക്‌ എത്ര എളുപ്പം എന്നീ പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നു. ഗുരുമുഖത്ത്‌ നിന്നും കണക്ക്‌ പഠിക്കുന്നതുപോലെ ഒരു പ്രാദേശിക ചാനലില്‍ നാടന്‍ഭാഷയിലൂടെ ആയിരക്കണക്കിന്‌ പിഎസ്സി പഠിതാക്കള്‍ക്ക്‌ പ്രയോജനപ്പെടുന്ന ലളിതമാര്‍ഗവും ഇദ്ദേഹം പയറ്റി വിജയംവരിച്ചു. ഇതിനകം ഈ പരിപാടി കാണുന്ന നൂറുകണക്കിന്‌ ഗുണഭോക്താക്കളാണ്‌ ബിജുസാറിനെ തേടി എത്തുന്നത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.