കണ്ണൂരില്‍ അക്രമം തുടരുന്നു; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Saturday 28 January 2017 8:29 pm IST

കണ്ണൂര്‍ (അഞ്ചരക്കണ്ടി): അഞ്ചരക്കണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ സിപിഎം സംഘം നടത്തിയ അക്രമത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചരക്കണ്ടി പാലക്കീഴ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് അക്രമം നടന്നത്. അഞ്ചരക്കണ്ടിയിലെ കുക്കുംതാഴത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ ലിജേഷ് (30), കുഞ്ഞിവീട്ടില്‍ പത്മനാഭന്‍ നമ്പ്യാരുടെ മകന്‍ റനീഷ് (29), തിരുമംഗലത്ത് വീട്ടില്‍ അനന്തന്റെ മകന്‍ അജേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉത്സവത്തിരക്കില്‍ നിരവധിയാളുകള്‍ നോക്കിനില്‍ക്കെ ക്ഷേത്രമുറ്റത്ത് വെച്ചാണ് അക്രമം നടന്നത്. തുടര്‍ന്ന് മുപ്പതോളം വരുന്ന സംഘം ഇവരെ വലിച്ചിഴച്ച് റോഡിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും പോലീസിന്റെ സഹായത്തോടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നേരത്തെ സിപിഎം പ്രവര്‍ത്തകരായിരുന്ന മൂന്ന് പേരും സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്നതാണ് അക്രമത്തിന് കാരണം. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരുടെ ഗതിയിതായിരിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയാണ് സംഘം പിരിഞ്ഞ് പോയത്. സിപിഎം പ്രാദേശിക നേതാക്കളായ സൂരജ്, നിധീഷ് എന്ന ഉണ്ണി, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.