അഴിമതിക്ക്‌ പരിഹാരം വ്യക്തി നിര്‍മ്മാണം: പി.ഇ.ബി.മേനോന്‍

Saturday 9 July 2011 9:57 pm IST

ഇരിങ്ങാലക്കുട: രാഷ്്ട്രം നേരിടുന്ന ഗുരുതര പ്രശ്നമായ അഴിമതിക്ക്‌ പരിഹാരം കാണാന്‍ സമാജത്തില്‍ നല്ല വ്യക്തികളെ നിര്‍മ്മിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി. മേനോന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ശക്തി നിവാസില്‍ നടക്കുന്ന ധര്‍മ്മജാഗരണ്‍ സംസ്ഥാന ദ്വിദിന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി നിര്‍മ്മാണത്തിലൂടെ മാത്രമെ രാഷ്ട്രത്തിന്‌ വൈഭവം നേടാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഭാരതം അവതാരങ്ങളുടെ ഭൂമിയാണെന്നും ധര്‍മ്മത്തിന്‌ ഗ്ലാനി സംഭവിക്കുമ്പോള്‍ ഇനിയും അവതാരങ്ങളുണ്ടാകുമെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ അവതാര സങ്കല്‍പ്പം ഇല്ലെന്നും ശിബിരം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ പൂങ്കുന്നം രാമകൃഷ്ണാശ്രമത്തിലെ സദ്ഭവാനന്ദ സ്വാമികള്‍ പറഞ്ഞു. ധര്‍മ്മജാഗരണ്‍ സംസ്ഥാന പ്രമുഖ്‌ വി.കെ. വിശ്വനാഥന്‍, പി.കെ. പ്രതാപ വര്‍മ്മ രാജ, പി.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച ശിബിരത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ധര്‍മ്മ ജാഗരണ സമന്വയ വിഭാഗ്‌ കാര്യകര്‍ത്താക്കളാണ്‌ പങ്കെടുക്കുന്നത്‌. ശ്രീരാമദാസ മിഷനിലെ ബ്രഹ്മചാരി ഭാര്‍ഗവറാം,സംസ്ഥാന ഗ്രാമവികാസ്‌ പ്രമുഖ്‌ കെ.കൃഷ്ണന്‍ കുട്ടി, ഡോ. കെ. അരവിന്ദാക്ഷന്‍, കെ.സി. രാഘവന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഇന്ന്‌ വൈകീട്ട്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ വി.കെ. വിശ്വനാഥന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും.