ഓസ്‌ട്രേലിയന്‍ ഒാപ്പണ്‍; ചരിത്രം കുറിച്ച് സെറീന

Saturday 28 January 2017 9:28 pm IST

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ റണ്ണേഴ്‌സപ്പായ വീനസ് വില്ല്യംസും (ഇടത്ത്), ജേത്രിയായ സെറീനയും (വലത്ത്)

മെല്‍ബണ്‍: ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം വീണ്ടും അമേരിക്കയുടെ സെറീന വില്ല്യംസിന്. ഇന്നലെ നടന്ന ഫൈനലില്‍ സഹോദരി വീനസ് വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീനയുടെ നേട്ടം. കരിയറിലെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് സെറീന ഇന്നലെ സ്വന്തമാക്കിയത്. കരിയറില്‍ ഏഴാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൂടിയാണ് ഇന്നലെ സെറീന നേടിയത്.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ജര്‍മ്മനിയുടെ ആഞ്ജലിക് കെര്‍ബറോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സെറീന പരാജയപ്പെട്ടിരുന്നു. ഇന്നലത്തെ കിരീടനേട്ടത്തോടെ സെറീന വീണ്ടും ലോക ഒന്നാം നമ്പര്‍ പദവിയില്‍ തിരിച്ചെത്തുകയും ചെയ്തു. ആഞ്ചലിക് കെര്‍ബര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഓപ്പണ്‍ യുഗത്തില്‍ ഇരുപത്തിരണ്ട് ഗ്രാന്‍ഡ് സ്ലാം എന്ന ജര്‍മ്മന്‍ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നത്. 24 ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഇനി സെറീനയ്ക്ക് മുന്നിലുള്ളത്.
ഏഴ് ഓസ്‌ട്രേലിയന്‍ ഓപ്പണിന് പുറമെ മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, ആറ് യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ ഉള്‍പ്പടെയാണ് സെറീന ഇരുപത്തിമൂന്ന് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്. ഇതോടെ കളിച്ച 29 ഫൈനലുകളില്‍ 23 എണ്ണത്തിലും ജയിച്ചു എന്നൊരു നേട്ടം കൂടി സ്വന്തമാക്കി സെറീന.

റോഡ് ലേവര്‍ അരീനയില്‍ നടന്ന പോരാട്ടത്തില്‍ വീനസിന് കാര്യമായ വെല്ലുവിൡ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂറും 21 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 6-4 എന്ന സ്‌കോറിനാണ് സെറീന വിജയിച്ചത്. കാര്യമായ വെല്ലുവിളിയൊന്നും സെറീനക്കെതിരെ വീനസിന് ഫൈനലില്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

ഇത്തവണ കിരീടത്തിലേക്കുള്ള കുതിപ്പിനിടെ ഒരു സെറ്റുപോലും സെറീന എതിരാളികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. 2008-ല്‍ റഷ്യയുടെ മരിയ ഷറപ്പോവക്കുശേഷം ഈ നേട്ടം സ്വന്തമാക്കുന്നത് സെറീനയാണ്.
2009ലെ വിംബിള്‍ണ്‍ണിനുശേഷം വീനസ് വില്ല്യംസിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇത്. ഇതുവരെ സഹോദരിയായ സെറീനയുമായി കളിച്ച ഒന്‍പത് മത്സരങ്ങളില്‍ എട്ടിലും വീനസിന് തോല്‍വിയായിരുന്നു ഫലം. തോറ്റെങ്കിലും വീനസിന്റെ റാങ്കിങ് പതിനൊന്നാമതായി ഉയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.