ജനവാസ മേഖലയില്‍ ബീവറേജസ് ഔട്ട് ലെറ്റിന് നീക്കം; പ്രതിഷേധം ശക്തം

Saturday 28 January 2017 11:06 pm IST

മുക്കം: കുന്ദമംഗലത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട് ലെറ്റ് മുക്കത്തേക്ക് മാറ്റാന്‍ ശ്രമം. ഇതിനായി സ്ഥലംകണ്ടെത്തിയിരിക്കുന്നത് മാമ്പറ്റ ബൈപ്പാസിലെ കയ്യിട്ടാ പൊയിലിലാണ്. ഇവിടെ പുതിയതായിപണികഴിപ്പിച്ച കെട്ടിടത്തിലാണ് കേന്ദ്രം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് സ്ഥലം അളക്കാനെത്തിയപ്പോഴാണ് നാട്ടുകാരും വിവരമറിയുന്നത്. തൊട്ടടുത്ത് പ്രവൃത്തിക്കുന്ന അംഗന്‍വാടിയുമായും ക്ഷേത്രവുമായുമെല്ലാം കൃത്യമായി ദൂരം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.
സംഭവമറിഞ്ഞതോടെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനവും തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ 600ല്‍ പരമാളുകളാണ് പങ്കെടുത്തത്. എക്‌സൈസ് വകുപ്പ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ജില്ലാ കലക്ടര്‍, എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ കൗണ്‍സിലര്‍ പി.ബ്രിജേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. എം.കെ.മമ്മദ്, ആണ്ടി കുട്ടി, ഭാസ്‌ക്കരന്‍ കരണങ്ങാട്ട്, ടി.ടി.ചന്ദ്രന്‍ ,അനില്‍കുമാര്‍, അജിത്കുമാര്‍, മരക്കാര്‍ കുറ്റിപ്പാല, പി.നോര്‍മന്‍ ,രാജേന്ദ്രന്‍, അജയ്, സജിനി തുടങ്ങിയവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായി രവീന്ദ്രന്‍ എടക്കണ്ടിയില്‍ (കണ്‍വീനര്‍) പി.ബ്രിജേഷ് (ചെയര്‍മാന്‍) കെ.എസ്.രാജീവ് കുമാര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ശേഷം നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.

മുക്കം കയ്യിട്ടാപൊയിലില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരെ
പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.