കൊച്ചി മെട്രോ: റോഡ് ഗതാഗതം സുഗമമാക്കാന്‍ ഉന്നതതല പരിശോധന

Saturday 28 January 2017 11:30 pm IST

ആലുവ: കൊച്ചി മെട്രോ കടന്നു പോകുന്ന ഭാഗങ്ങളില്‍ റോഡ് ഗതാഗതവും സുഗമമാക്കുന്നതിനായി ഗതാഗത പരിഷ്‌കാരങ്ങള്‍ക്കായി ഉന്നതതല പരിശോധനയാരംഭിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നടപ്പിലാക്കേണ്ട ഭേദഗതിയാണ് പരിശോധിക്കുന്നത്. ദേശീയപാതയില്‍ ആലുവ ബൈപാസ് മുതല്‍ മുട്ടം വരെയാണ് ഇന്നലെ പരിശോധന നടന്നത്. മെട്രോക്ക് അനുസൃതമായി റോഡില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് സംഘം കണ്ടെത്തി. യു ടേണുകള്‍, സീബ്രാ വരകള്‍, സൂചന ബോര്‍ഡുകള്‍, സിഗ്‌നലുകള്‍ തുടങ്ങിയവ പുനക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. യുടേണുകളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇട നല്‍കുന്നതെന്നാണ് വിലയിരുത്തിയത്. ചിലയിടങ്ങളില്‍ യുടേണുകളെ കുറിച്ച് എതിര്‍പ്പും നില നില്‍ക്കുന്നുണ്ട്. മെട്രോ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയിരുന്ന പരിഷ്‌കാരത്തെ പറ്റി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പരിഷ്‌കാരങ്ങള്‍ മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചതായും ആരോപണങ്ങളുണ്ട്. ഇതേ തുടര്‍ന്നാണ് ഭേദഗധികള്‍ വരുത്താന്‍ പരിശോധന നടത്തുന്നത്. ഭേദഗതികള്‍ തീരുമാനിച്ച ശേഷം അവ നടപ്പിലാക്കാന്‍ മെട്രോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. വിവിധ വകുപ്പുകള്‍ മേധാവികള്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. നാറ്റ്പാക് കണ്‍സള്‍ട്ടന്റ് റിട്ട.എസ്.പി. ശശികുമാര്‍, ശാസ്ത്രജ്ഞന്‍മാരായ സുബിന്‍ബാബു, എബിന്‍ സാം, ഡിവൈ.എസ്.പി. സനില്‍ കുമാര്‍, ട്രാഫിക് എസ്.ഐ. സോണി മത്തായി, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കുമാര്‍, നജീബ്, മെട്രോ കണ്‍സള്‍ട്ടന്റ് മേരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആലുവ ബൈപാസ് കവലയില്‍ അപകടമുണ്ടായ ഭാഗം സംഘം പരിശോധിച്ചു. അപകടങ്ങളില്‍ ഒന്നിലധികം മരണങ്ങളുണ്ടായാല്‍ ശാസ്ത്രീയ പരിശോധന നടത്തി കാരണം കണ്ടെത്തണമെന്നുണ്ട്. ഇതിന്റെ ഭാഗമായാണു നാറ്റ്പാക് സംഘത്തിന്റെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്തിയത്. കവലയുടെ വികസന കുറവ് അപകടത്തിനു കാരണമായതായാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.