സിപിഎം ബോംബാക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിചേര്‍ക്കാന്‍ പോലീസ് നീക്കം

Sunday 29 January 2017 12:24 am IST

കണ്ണൂര്‍: തലശ്ശേരി കൊമ്മല്‍ വയലില്‍ സിപിഎം ക്രിമിനല്‍ സംഘം നടത്തിയ ബോംബാക്രമണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ പോലീസ് നീക്കം. കഴിഞ്ഞദിവസം വൈകുന്നേരമാണ് കൊമ്മല്‍ വയലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിപിഎമ്മുകാര്‍ ബോംബാക്രമണം നടത്തിയത്. പ്രദേശത്തെ ബിജെപിയുടെ കൊടികളും ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബോംബാക്രണം നടന്ന് മിനുട്ടുകള്‍ക്കകം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്ന വേദിക്കരികെ ബോംബെറിഞ്ഞുവെന്ന വ്യാജ പ്രചാരണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. സ്‌ഫോടനം നടന്ന സ്ഥലവും കോടിയേരി സംസാരിച്ച നങ്ങാറത്ത് പീടികയും തമ്മില്‍ അരക്കിലോമീറ്റര്‍ അകലമുണ്ടെന്ന വസ്തുത മറച്ച് വെച്ചാണ് സിപിഎം സംഘം നുണപ്രചാരണം നടത്തിയത്. കോടിയേരി സംസാരിച്ച വേദിക്കരികെ സ്‌ഫോടനം നടന്നില്ലെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റുവെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നുവെങ്കിലും ഇയാളുടെ പരിക്ക് സ്‌ഫോടനത്തില്‍ സംഭവിച്ചതല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ്പി കെ.പി.ഫിലിപ് സ്ഥലത്തെത്തിയതിന് ശേഷമാണ് കേസില്‍ അട്ടിമറി നടന്നത്. സ്‌ഫോടനവുമായി ബന്ധപ്പെടുത്തി പോലീസ് ഏതാനും നിരപരാധികളെ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. സംഭവത്തില്‍ ആര്‍എസ്എസിനോ അനുബന്ധസംഘടനകള്‍ക്കോ പങ്കില്ലെന്ന് വ്യക്തമായിട്ടും നിരപരാധികള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്. തലശ്ശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ഇതില്‍ നിന്ന് രക്ഷനേടാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് സിപിഎം നടത്തുന്ന നുണപ്രചാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.