കേജ്‌രിവാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Monday 30 January 2017 3:40 am IST

  ന്യൂദല്‍ഹി: വോട്ട് ചെയ്യാന്‍ രൂപ ആവശ്യപ്പെടണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ജനുവരി 8ന് ഗോവയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദമായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാര്‍ട്ടിക്കും കെജ്രിവാളിനും വലിയ നാണക്കേടായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മാറിയിട്ടുണ്ട്. വോട്ട് ചെയ്യാന്‍ അയ്യായിരം രൂപ വാഗ്ദാനം ചെയ്യുന്ന മറ്റു പാര്‍ട്ടിക്കാരോട് വോട്ടര്‍മാര്‍ പതിനായിരം രൂപ ചോദിക്കണമെന്നും പുതിയ നോട്ട് മാത്രമേ വാങ്ങാവൂ എന്നുമായിരുന്നു കേജ്‌രിവാളിന്റെ വിവാദ പരാമര്‍ശം. ഇതിന് ശേഷം മറ്റൊരു പരിപാടിയില്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വോട്ടിന് രൂപ വാങ്ങണമെന്നും എന്നാല്‍ വോട്ട് ആപ്പിന് ചെയ്യണമെന്നും കേജ്‌രിവാള്‍ പ്രസംഗിച്ചിരുന്നു. രണ്ടു പ്രസംഗങ്ങള്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കെജ്രിവാളിനെ കമ്മീഷന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നതോടെയാണ് കേസെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ജനുവരി 31നകം കെജ്രിവാളിനെതിരെ സ്വീകരിച്ച നടപടികളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ദല്‍ഹി മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ കോഴ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ആംആദ്മി പാര്‍ട്ടിയെ നിരാകരിക്കുന്ന അവസ്ഥ നേരിടേണ്ടിവരുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും കോഴ വാങ്ങി അവര്‍ക്കു തന്നെ വോട്ട് ചെയ്യണമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന പരിഹാസമായിരുന്നു കേജ്‌രിവാളിന്റെ മറുപടി. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികൡലേക്ക് കമ്മീഷന്‍ കടന്നത്. എന്നാല്‍ കമ്മീഷന്റെ നടപടിയെ കോടതിയില്‍ നേരിടുമെന്ന് കേജ്‌രിവാള്‍ പ്രതികരിച്ചു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് കേജ്‌രിവാളിന്റെ പരിപാടികളും പ്രസംഗങ്ങളുമെന്നും ബിജെപി കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.