കാസര്‍കോട് നഗരസഭയെ അഴിമതിയുടെ വിളഭൂമിയാക്കി മുസ്ലിം ലീഗ്: വിജിലന്‍സ് പിടിമുറുക്കുന്നു

Sunday 29 January 2017 7:57 pm IST

കാസര്‍കോട്: കാസര്‍കോട് നഗരസഭയെ അഴിമതിയുടെ വിളഭൂമിയാക്കി മാറ്റിയിരിക്കുകയാണ് മുസ്ലിംലീഗ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരസഭയില്‍ അവര്‍ നടത്തി വന്ന അഴിമതിയുടെ കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നഗരസഭയിലെ ഭവനപുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേടിന് പിന്നാലെ 25 പേര്‍ക്ക് വീട് നിര്‍മിക്കാനുള്ള പദ്ധതിയിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സിഡിഎസ് മെമ്പര്‍ സെക്രട്ടറിക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ സിഡിഎസ് മെമ്പര്‍ സെക്രട്ടറി പയ്യന്നൂര്‍ വെള്ളൂരിലെ കെ.പി.രാജഗോപാല്‍, ഓവര്‍സീയര്‍ പ്രിയ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. 2014-15, 2015-16 എന്നീ സാമ്പത്തീക വര്‍ഷത്തില്‍ 66 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ വീട് നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയാണ് നഗരസഭ നീക്കിവെച്ചത്. 25 പേര്‍ക്ക് രണ്ട് ലക്ഷം വീതമാണ് നല്‍കാന്‍ തീരുമാനിച്ചത്. അഞ്ച് ഗഡുക്കളായി തുക വിതരണം ചെയ്യണമെന്നാണ് നിയമം. എന്നാല്‍ വീടിന്റെ തറ പോലും കെട്ടാതെ നഗരസഭയുടെ മുഴുവന്‍ സാമ്പത്തീക സഹായവും സ്വീകരിച്ചതായി വിജിലന്‍സിന്റെ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പദ്ധതി തുകയായ 50 ലക്ഷത്തില്‍ 40.50 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞതായി വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വാര്‍ഡ് ഗ്രാമ സഭകള്‍ ചേരുകയോ ഗുണഭോക്താക്കളെ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. ഭവനപദ്ധതിയിലുള്‍പ്പെട്ടവരുടെ ലിസ്റ്റ് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് ആര്‍ക്കെല്ലാം സഹായം അനുവദിക്കാനാണ് നഗരസഭ തീരുമാനമെടുത്തതെന്ന് രേഖപ്പെടുത്തണം. ഇത്തരം രേഖപ്പെടുത്തലുകളൊന്നും ഈ പദ്ധതികളുടെ കാര്യത്തില്‍ നടന്നിട്ടില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പി രഘുരാമന്‍ പറഞ്ഞു. വീട് നിര്‍മിക്കുന്നതിനുള്ള നഗരസഭയുടെ സഹായം സ്വീകരിച്ച് രണ്ട് നില വീട് പണിതവരും 140 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വീട് നിര്‍മിച്ചവരും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന് വീടുണ്ടായിരിക്കെ ഭാര്യയുടെ പേരില്‍ വീട് നിര്‍മാണത്തിന് സഹായം അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി സൂചിപ്പിച്ചു. അനധികൃതമായാണ് പലരും സഹായം കൈപ്പറ്റിയതെന്നും വിജിലന്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിലവില്‍ നഗരസഭയില്‍ അഴിമതിക്കെതിരെ പ്രതിപക്ഷമായ ബിജെപി സമരം നടത്തി വരികയാണ്. ബിജെപിയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍. വിജിലന്‍സ് സംഘം പിടിമുറുക്കിയതോടെ നഗരസഭയിലെ ഭരണ കക്ഷിയായ മുസ്ലിം ലീഗ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. സ്വന്തം അണികളില്‍ നിന്ന് തന്നെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ ലീഗ് നേതാക്കള്‍ ഇരുട്ടില്‍ തപ്പുകയാണ്. അംഗണ്‍വാടി അധ്യാപികയുടെ മരണം; പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി ബദിയടുക്ക: അംഗണ്‍വാടി അധ്യാപിക ആയിഷയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച കുംബഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആയിഷയുടെ പിതാവ് മൊയ്തീന്‍കുട്ടിയും മാതാവ് ഹവ്വമ്മയും മാര്‍ച്ചില്‍ പങ്കെടുത്തു. ബദിയടുക്ക സ്‌റ്റേഷനു മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഗേറ്റിനുമുന്നില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ബിജെപി ദേശീയസമിതിയംഗം എം.സഞ്ജീവ ഷെട്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. ആയിഷയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയ സിപിഎമ്മും മുസ്ലിംലീഗും ഇപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇതോടെ ആക്ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം നിര്‍ജീവമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആയിഷയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവര്‍ സിപിഎമ്മിനും ലീഗിനും വേണ്ടപ്പെട്ടവരായതിനാലാണ് ഈ സംഭവത്തില്‍ അവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടു വരുന്നതുവരെ സമരം തുടരുമെന്നും സഞ്ജീവഷെട്ടി വ്യക്തമാക്കി. മഹിളാമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നളിനി അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശൈലജ ഭട്ട് തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് ബദിയടുക്ക പോലീസ് സ്‌റ്റേഷന്റെ കൂടി ചുമതലയുള്ള വിദ്യാനഗര്‍ സിഐയുമായി ബിജെപിയുടെയും മഹിളാമോര്‍ച്ചയുടെയും നേതാക്കള്‍ ചര്‍ച്ച നടത്തി. ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ളതു കൊണ്ടാണ് നടപടി വൈകുന്നതെന്നും ആയിഷയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും സിഐ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.