കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സംഘ് നിലവില്‍ വന്നു

Sunday 29 January 2017 7:58 pm IST

കാസര്‍കോട്: സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കായി സഹകാര്‍ ഭാരതിയുടെ കീഴില്‍ പുതിയ സംഘടന നിലവില്‍ വന്നു. റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ചേര്‍ന്ന ജീവനക്കാരുടെ സംഗമത്തിലാണ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സംഘ് എന്ന സംഘടന രൂപീകരിച്ചത്. സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് ഗണപതി കോട്ടക്കണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ സമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ സേവാ പ്രമുഖ് ഗോപാല ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയരാജ് ആലുവ, സെക്രട്ടറി എ.ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം ഐത്തപ്പ മൗവ്വാര്‍, മേഖലാ സെക്രട്ടറി ഗണേഷ് പാറക്കട്ട, ജില്ലാ സെക്രട്ടറി എസ്.നാരായണന്‍, കുഞ്ഞമ്പു മേലത്ത്, പ്രവീണ്‍ കുമാര്‍ കോടോത്ത് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പ്ലാനിങ്ങ് ഡെവലപ്‌മെന്റ് സൂപ്രണ്ട് എം.പ്രവീണ്‍ കുമാര്‍ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സമാപന സമ്മേളനത്തില്‍ സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും, കേരളത്തെ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ സഹകരണ വകുപ്പിനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും, സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയെടുത്തു കളയുന്നതിന് റിസര്‍വ്വ് ബാങ്ക് തയ്യാറാകണമെന്നും സംഘടനാ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റി ഭാരവാഹികളായി സി.രഘു മംഗല്‍പ്പാടി (പ്രസിഡന്റ്), കെ.രാധാകൃഷ്ണന്‍ കളനാട്, ജയപ്രകാശ് പെര്‍ള (വൈസ് പ്രസിഡന്റ്), പ്രവീണ്‍ കുമാര്‍ കോടോത്ത് (ജനറല്‍ സെക്രട്ടറി), വിശ്വനാഥ ഷെട്ടി എടനാട്, പുരുഷോത്തമന്‍ പുല്ലൂര്‍ (സെക്രട്ടറി), ശ്രീറാം കെദില്ലായ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.