ഒരേയൊര് ഒപ്പ്, സര്‍ക്കാരില്‍ വന്നുചേരുക ഒരുലക്ഷം ഏക്കര്‍ ഭൂമി

Sunday 29 January 2017 10:50 pm IST

തിരുവനന്തപുരം: സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ ഒരൊറ്റ തീരുമാനം, ലാന്റ് റവന്യൂ കമ്മീഷണറുടെ ഒരൊറ്റ ഉത്തരവ് നടപ്പായാല്‍ സംസ്ഥാന സര്‍ക്കാരില്‍ വന്നുചേരുക ഒരുലക്ഷം ഏക്കറിലേറെ തോട്ടഭൂമി. ടാറ്റ കൈവശം വച്ചിരിക്കുന്ന കെഡിഎച്ച് വില്ലേജിലെ ഒരു ലക്ഷത്തിലേറെ ഏക്കര്‍ വരുന്ന ഭൂമി ഏറ്റെടുക്കാന്‍ പുതിയ നിര്‍മ്മാണമൊന്നും വേണ്ട; ഇച്ഛാശക്തി മാത്രം മതി. നിരവധി നിയമങ്ങള്‍ അട്ടിമറിച്ചാണ് ടാറ്റ ഇന്നും ഒരു ലക്ഷത്തിലേറെ ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. 1947 ലെ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്, 1956 ലെ ഇടവക റൈറ്റ്‌സ് അക്വിസിഷന്‍ ആക്ട,് 1963 ലെ ഭൂപരിഷ്‌കരണ നിയമം, 1971 ലെ കെഡിഎച്ച്പി (ലാന്റ് റിസംപ്ഷന്‍) ആക്ട്, 1973 ലെ ഫെറ നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണ് കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി നടത്തിയത്. തിരുവിതാംകൂര്‍ രാജാവിന്റെ കീഴിലെ നാല് ഇടവകകളിലൊന്നായിരുന്നു പൂഞ്ഞാര്‍ ഇടവക. അക്കാലത്ത് ഇടവകകള്‍ക്ക് ഭൂനികുതി ഒടുക്കാതെ ഭൂമി കൈവശം വയ്ക്കാമായിരുന്നു. ഇത്തരത്തില്‍ കൈവശം വച്ചിരുന്നിരുന്ന ഭൂമിയില്‍ നിന്നു പൂഞ്ഞാര്‍ ഇടവകയുടെ മേധാവി 1877 ജൂലൈ 11 ന് 1,45,280 ഏക്കര്‍ ഭൂമി ജോണ്‍ ഡാനിയേല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരന് കാപ്പികൃഷിക്കായി പാട്ടത്തിന് നല്‍കുകയായിരുന്നു. ഈ പാട്ടാവകാശം 1879 ഡിസംബര്‍ 8 ന് ദി നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്റ് പ്ലാന്റിംഗ് ആന്റ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിക്ക് മണ്‍റോ കൈമാറി. 1899 സെപ്തംബര്‍ 24 ന് പൂഞ്ഞാര്‍ ഇടവക മേധാവിക്ക് ഭൂമിയില്‍ ജന്മാവകാശമില്ലെന്നും ഭൂമിയുടെ ജന്മാവകാശം സര്‍ക്കാരിനാണെന്നും വ്യക്തമാക്കി മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു. ഈ ഭൂമിയാണ് 1900 ജൂലൈ 16 ന് വിദേശ കമ്പനിയായ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി ലിമിറ്റഡിന് കൈമാറുന്നത്. ഇതില്‍ ദേവികുളം എസ്റ്റേറ്റ് പെടുന്ന ഭാഗം മറ്റൊരു വിദേശ കമ്പനിയായ ദി ആംഗ്ലോ അമേരിക്കന്‍ ഡയറക്ട് ടീ ട്രേഡിംഗ് കമ്പനിക്ക് 1936 ഏപ്രിലില്‍ കെഡിഎച്ച്പി കമ്പനി കൈമാറ്റം ചെയ്തു. കേരള സംസ്ഥാന രൂപീകരണത്തിനായി ഇടവക ഭരണം നിര്‍ത്തലാക്കുകയും 1955 ല്‍ ഇടവക റൈറ്റ്‌സ് അക്വിസിഷന്‍ ആക്ട് പാസാക്കുകയും ചെയ്തു. ഇത് പാസാക്കുന്നതിന് മുന്‍പ് നാല് ഇടവകകളും കൈവശംവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ പൊന്നുംവില നല്‍കി ഏറ്റെടുത്തിരുന്നു. പൂഞ്ഞാര്‍ ഇടവകയ്ക്ക് 5,47,864 രൂപ നഷ്ടപരിഹാരം നല്‍കി ആധാരം രജിസ്റ്റര്‍ ചെയ്താണ് ഭൂമിയിലെ എല്ലാ അവകാശങ്ങളും സര്‍ക്കാര്‍ തിരിച്ചെടുത്തത്. ഇതുകൂടാതെ തന്നെ 1947 ലെ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം ബ്രിട്ടീഷുകാര്‍ കൈവശം വച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയായി മാറും. സ്വതന്ത്ര ഇന്ത്യയില്‍ വിദേശ കമ്പനികള്‍ ഭൂമി കൈവശം വയ്ക്കുന്നതും ഏജന്‍സി വര്‍ക്ക് നടത്തുന്നതും ഫെറ നിയമത്തിന്റെ ലംഘനവുമാണ്. ഇത്തരത്തില്‍ നിരവധി നിയമങ്ങള്‍ ലംഘിച്ച് ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണന്‍ ദേവന്‍ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനായി 1971 ല്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണന്‍ദേവന്‍ ഹില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കുകയായിരുന്നു. 1,37,424.02 ഏക്കര്‍ ഭൂമിയാണ് നിയമം വഴി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്. ഇതിനെതിരെ വിദേശ കമ്പനിയായ കണ്ണന്‍ദേവന്‍ കോടതിയില്‍ പോയെങ്കിലും സുപ്രീംകോടതി 1972 ഏപ്രില്‍ 27 ന് നിയമനിര്‍മ്മാണം ശരിവച്ചുകൊണ്ട് വിധി പറഞ്ഞു. ഭൂമി കൈവശമുള്ളവര്‍ക്ക് നിശ്ചിതമാസത്തിനുള്ളില്‍ സര്‍ക്കാര്‍ എന്തെങ്കിലും ഇളവ് നല്‍കുകയാണെങ്കില്‍ സ്വീകരിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കെഡിഎച്ച്പി ഭൂമി ഏറ്റെടുക്കല്‍ ആക്ട് നിലവില്‍ വന്ന് 60 ദിവസത്തിനകം അപേക്ഷിക്കുന്ന തദ്ദേശീയര്‍ക്കാണ് ഇളവിന് അര്‍ഹത നല്‍കിയത്. എന്നാല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ കമ്പനിയുടെ പേരില്‍ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം നിയമവിരുദ്ധമായി സംസ്ഥാന ലാന്‍ഡ് ബോര്‍ഡില്‍ നിന്നു കണ്ണന്‍ ദേവന്‍ 57,359.14 ഏക്കര്‍ ഭൂമിക്ക് ഇളവുനേടുകയായിരുന്നു. വിദേശീയര്‍ക്കും വിദേശകമ്പനികള്‍ക്കും ഭൂപരിഷ്‌കരണ നിയമത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നതും അപേക്ഷ കാലാവധി കഴിഞ്ഞു എന്നതും പരിഗണിക്കാതെയാണ് നിയമവിരുദ്ധമായി കണ്ണന്‍ദേവന്‍ ഇളവ് നേടിയത്. ഇങ്ങനെ ഇളവ് നല്‍കിയ ഭൂമിയുള്‍പ്പെടെ 1977 ല്‍ കണ്ണന്‍ദേവനും അനുബന്ധ കമ്പനിയും അനധികൃതമായി ടാറ്റ ഫിന്‍ലേക്ക് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തതും സര്‍ക്കാര്‍ ഇളവ് നല്‍കിയതും ഉള്‍പ്പെടെ 1,01,034 ഏക്കര്‍ ഭൂമിയാണ് ടാറ്റയ്ക്ക് കൈമാറിയത്. ഏക്കറിന് ഓരോ രൂപവീതം കൈപ്പറ്റിയും ബാക്കി ഭാഗം വരുന്ന തുകയ്ക്ക് തുല്യമായി ടാറ്റയുടെ ഓഹരികളും അതിലും ബാക്കിയുള്ള തുക വാര്‍ഷികപലിശയ്ക്കും നല്‍കിയായിരുന്നു വില്‍പ്പന. അതായത് 1973 ല്‍ കര്‍ശനമാക്കിയ ഫെറ നിയമത്തിന്റെ നഗ്നമായ ലംഘനം വിദേശകമ്പനികള്‍ ഇപ്പോഴും ടാറ്റയുടെ ഓഹരികള്‍ നേടിയതിലൂടെ തുടരുന്നു. സര്‍ക്കാര്‍ ഭൂമിക്ക് ഇളവു നല്‍കിയ അനധികൃത ഉത്തരവ് എപ്പോള്‍ വേണമെങ്കിലും ലാന്‍ഡ് ബോര്‍ഡിന് പുനഃപരിശോധിക്കാം. തെറ്റായ ഉത്തരവ് റദ്ദാക്കി ഭൂമി ഏറ്റെടുക്കാം. ഈ നിലപാടിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കമ്പനി ശ്രമിച്ചാല്‍ പോലും നിലനില്‍ക്കില്ല. 1971 ല്‍ കെഡിഎച്ച് ആക്ട് പ്രകാരം ഏറ്റെടുത്ത 1,37,424.02 ഏക്കര്‍ ഭൂമിയില്‍ 57,359.14 ഏക്കര്‍ കഴിച്ചുള്ള ബാക്കി ഭൂമിയായ 80,064.88 ഏക്കര്‍ ഭൂമി ഇപ്പോഴും എവിടെയാണെന്ന് ലാന്റ് ബോര്‍ഡിനറിയില്ല. ടാറ്റ ഫിന്‍ലേക്ക് കെഡിഎച്ച് കമ്പനി വിറ്റതുതന്നെ 1,01,034 ഏക്കര്‍ ഭൂമിയുണ്ടെന്ന് വ്യക്തമാണ്. ഇളവ് നേടിയതല്ലാതെ 43,000 ഏക്കറിലധികം ഭൂമി ടാറ്റയുടെ പക്കലുണ്ടെന്ന് വ്യക്തമാണ്. ഈ ഭൂമി കണ്ടെത്താന്‍ ലാന്റ് ബോര്‍ഡോ സര്‍ക്കാരോ ചെറുവിരല്‍ അനക്കില്ലെന്നതു യാഥാര്‍ത്ഥ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.