വഴുതൂരില്‍ ഭരണത്തണലില്‍ സിപിഎം ഗുണ്ടകള്‍ വിലസുന്നു; പോലീസ് നിഷ്‌ക്രിയം

Sunday 29 January 2017 11:32 pm IST

നെയ്യാറ്റിന്‍കര: വഴുതൂരിനെ വഴിയാധാരമാക്കുന്ന സിപിഎം ഗുണ്ടകള്‍ നേതാക്കളുടെ സംരക്ഷണത്തില്‍ വിലസുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ വഴുതൂര്‍ ഇന്ന് കഞ്ചാവ് - മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണ്. വഴുതൂരിലെ എതെങ്കിലും ഒരു സിപിഎം ഗുണ്ടയെ കഞ്ചാവ് കേസ്സിലോ അടിപിടി കേസ്സിലോ അറസ്റ്റ് ചെയ്യുവാനോ അവര്‍ക്കെതിരേ മറ്റ് നടപടികള്‍ സ്വീകരിക്കുവാനോ പോലീസും തയ്യാറാവില്ല. എതെങ്കിലും പോലീസുകാരന്‍ വഴുതൂരില്‍ നിന്നു കഞ്ചാവുകേസിലൊ മറ്റ് കേസ്സുകളിലോ പ്രതികളെ പിടികൂടിയാല്‍ നിമിഷനേരംകൊണ്ട് സിപിഎം ജില്ലാസെക്രട്ടറി മുതല്‍ സംസ്ഥാന നേതാക്കളുടെ വരെ ഭീഷണികളും സ്‌റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോക്കുമാണ് സംഭവിക്കുന്നത്. വഴുതൂരില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രമാക്കിയാണ് കഞ്ചാവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നത്. എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുകയാണ് വഴുതൂരിലെ സിപിഎം ഗുണ്ടകള്‍ ചെയ്തു വരുന്നത്. ഇവര്‍ക്കെതിരെ നാട്ടുകാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നിരന്തരം പരാതികള്‍ നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. നെയ്യാറ്റിന്‍കരയിലുള്ള അക്രമണങ്ങള്‍ക്ക് സിപിഎം ഉപയോഗിക്കുന്നതും വഴുതൂരിലെ ഗുണ്ടകളായ പ്രവര്‍ത്തകരാണ്. പ്രതികളെ പരസ്പരം മാറ്റിയാകും കോടതിയില്‍ ഹാജരാക്കുന്നത്്്്. വെള്ളിയാഴ്ച വഴുതൂരില്‍ അരങ്ങേറിയതും ഇത്തരം സംഭവമായിരുന്നു. വഴുതൂരിലെ ഒഴിഞ്ഞ വീടിനുള്ളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെകുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് വഴുതൂര്‍ ജംഗ്ഷനു സമീപം വച്ച് സിപിഎം - ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ അവശനായ വിഷ്ണുവിനെ സുഹൃത്തുകളായ മണികണ്ഠനും രാജേഷും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് വഴുതൂരിലെ കഞ്ചാവ് കേന്ദ്രത്തിലുണ്ടായിരുന്ന സിപിഎം - ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ഡ്യൂട്ടി ഡോക്ടറുടെ മുന്നിലിട്ട് അക്രമിച്ചത്. ഈ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് ബിജെപി പ്രതിഷേധം ശക്തമാക്കുകയും ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കു നടത്തുകയും ചെയ്തപ്പോള്‍ പ്രധാന പ്രതികളെ നേതാക്കളുടെ വീടുകളില്‍ ഒളിപ്പിച്ച ശേഷം അടിപിടി കേസ്സുകളിലെ സ്ഥിരം പ്രതികളെ പോലീസിനു നല്‍കുകയായിരുന്നു. അതേസമയം സിപിഎം ഗുണ്ടകളുടെ അക്രമണത്തില്‍ തലതകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കള്ളക്കേസ്സ് എടുത്തിരിക്കുകയാണ്. നേതാക്കളുടെ സംരക്ഷണത്തില്‍ കഴിയുന്ന പ്രതികള്‍ രാത്രിയില്‍ പുറത്തിറങ്ങി വിലസുകയും ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.