മാതൃകാ കര്‍ഷകന്റെ കൃഷിത്തോട്ടം കാണാന്‍ കേന്ദ്രമന്ത്രിയെത്തി; വിശ്വസിക്കാനാകാതെ കര്‍ഷകനും കുടുംബവും

Sunday 29 January 2017 11:49 pm IST

കഴക്കൂട്ടം: കുട്ടിക്കാലം മുതല്‍ കൃഷിയോടുള്ള താല്പര്യവും ആത്മാര്‍ത്ഥതയും റോബിന്‍സണ്‍ എന്ന കൃഷിക്കാരനെ ജീവിതപ്രാരാപ്തങ്ങളില്‍ നിന്നും മുക്തമാക്കി. കുടുംബജീവിതം ധന്യമാക്കിയ കഴക്കൂട്ടം ചന്തവിള സ്വദേശിയും കര്‍ഷകനുമായ റോബിന്‍സണ്‍ എന്ന കമലന്റെ കൃഷിതോട്ടങ്ങളും കൃഷിമാതൃകയും നേരില്‍ കാണാന്‍ കേന്ദ്രകൃഷിസഹമന്ത്രി സുദര്‍ശന്‍ഭഗത് കഴിഞ്ഞദിവസം എത്തിയത് ഇതുവരെ റോബിന്‍സണും കുടുംബത്തിനും വിശ്വസിക്കാനായിട്ടില്ല. പലരും തന്നെ കാണുവാനും കൃഷിസ്ഥലം കാണുവാനും എത്തിയിട്ടുണ്ടെങ്കിലും ഒരു കേന്ദ്രമന്ത്രി വരുന്നത് ആദ്യം. അതും കേന്ദ്രകൃഷിസഹമന്ത്രി കൂടിയായപ്പോള്‍ റോബിന്‍സനും കുടുംബവും ഹാപ്പി. പത്താം വയസ്സില്‍ തുടങ്ങിയതാണ് ഈ കര്‍ഷകന് കൃഷിയോടുള്ള താല്പര്യം. പരമ്പരാഗതമായി തികച്ചും ജൈവവളം മാത്രം ഉപയോഗിച്ചാണ് ഈ മാതൃകാകര്‍ഷകന്റെ കൃഷിരീതികള്‍. കുടുംബസ്വത്തായി കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ആദ്യം കൃഷിചെയ്ത് തുടങ്ങിയത്. തുടര്‍ന്ന് പാട്ടത്തിനെടുത്ത ഒന്നര ഏക്കറില്‍ അത് വ്യാപിപ്പിച്ചു. കുടുംബസ്വത്തായി കിട്ടിയസ്ഥലത്ത് വീട് വച്ച് താമസമാക്കിയശേഷം പൂര്‍ണ്ണമായി കൃഷിയിലേക്ക് ഇറങ്ങിയ ഈ കര്‍ഷകന്‍ ഇപ്പോള്‍ കൃഷിയില്‍ നിന്ന് കിട്ടിയ വരുമാനംകൊണ്ട് വാങ്ങിയ ഒന്നരഏക്കര്‍ സ്ഥലത്ത് പാട്ടത്തിനെടുത്ത പതിനൊന്ന് ഏക്കറും ചേര്‍ത്ത് പന്ത്രണ്ടര ഏക്കറിലാണ് കൃഷി നടത്തുന്നത്. സഹായിക്കാന്‍ ഭാര്യും മക്കളും മരുമകനും കൂടി ആയപ്പോള്‍ കൃഷിരീതി വിപുലമാക്കി. പുറത്ത് നിന്ന് ആരെയും അധികം ജോലിയ്ക്ക് വിളിക്കാറില്ല. സ്വന്തമായാണ് കഷിനടത്തുന്നത്. സഹായിക്കാന്‍ ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങ് വര്‍ഗ്ഗ ഗവേഷണകേന്ദ്രവും കഴക്കൂട്ടും കൃഷിഭവനും കൂടി ആയതോടെ മാതൃകാരീതിയില്‍ കൃഷി ചെയ്യുവാന്‍ റോബിന്‍സന് കരുത്തായി. വെറ്റില, ഓര്‍ക്കിഡ്, വെണ്ട, മാതളം, അമരയ്ക്ക, ചേന, ചോളം, വെള്ളരി, വിവിധയിനത്തിലുള്ള മരിച്ചീനികള്‍, കാബേജ്, കണിവെള്ളരി, സലാഡ് വെള്ളരി, പടവലം, കോളിഫഌവര്‍ തുടങ്ങിയ നിരവധി പച്ചക്കറികളും ഏത്തന്‍, കപ്പ, നേന്ത്രന്‍ എന്നിങ്ങനെയുള്ള പതിനാലോളം ഇനം വാഴകൃഷികളും താറാവ്, വാത്ത, എമു വിവിധയിനം മത്സ്യങ്ങള്‍ പട്ടികള്‍, പശുക്കള്‍, ആട് എന്നിവയും ഈ കര്‍ഷകന്റെ കൃഷിശേഖരത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മേരാ ഗാവ്, മേരാ ഗൗരവ് പദ്ധതിയിലുള്‍പ്പെടുത്തി ശ്രീകാര്യം കിഴങ്ങ് വര്‍ഗ്ഗ ഗവേഷണകേന്ദ്രം കഴക്കൂട്ടം, പോത്തന്‍കോട്, ശ്രീകാര്യം എന്നീ പഞ്ചായത്തുകളിലെ നാല്പ്പതോളം വാര്‍ഡുകളില്‍ നടത്തി വരുന്ന കൃഷിക്കാര്‍ക്കുള്ള പരിശീലനവും റോബിന്‍സന്റെ കൃഷിതോട്ടത്തിലാണ് നടക്കുന്നത.് കൃഷിയില്‍ നിന്ന് മുപ്പത് ലക്ഷത്തോളം രൂപയാണ് ഈ കര്‍ഷകന്റെ വാര്‍ഷികവരുമാനം. വെറ്റിലകൊടിയില്‍ നിന്ന് മാത്രം പ്രതിദിനം മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ വരുമാനമുണ്ട്. മരിച്ചിനി കൃഷിയില്‍ ഒരു മരിച്ചീനിയില്‍ നിന്ന് മാത്രം പതിനഞ്ച് മുതല്‍ ഇരുപത് കിലോ വരെ തൂക്കം വരും . റോബിന്‍സന്റെ കൃഷിത്തോട്ടം മോഡല്‍ഫാമായി വളര്‍ത്തി സാങ്കേതിക സഹായം നല്കുമെന്ന് കേന്ദ്രകിഴങ്ങ് വര്‍ഗ്ഗഗവേഷണകേന്ദ്രം ഡയറക്ടര്‍ ജെയിംസ് ജോര്‍ജ്ജ് പറഞ്ഞു. വീട്ടിലെത്തിയ മന്ത്രി ശ്രീകാര്യം കേന്ദ്രഗവേഷണകേന്ദ്രം വികസിപ്പിക്കുന്ന മുന്തിയയിനം വിളകളുടെ ജില്ലയിലെ പരീക്ഷണ നടിയല്‍ കേന്ദ്രമായി റോബിന്‍സന്റെ കൃഷിത്തോട്ടം തെരഞ്ഞെടുത്തതിന്റെ ഉത്ഘാടനവും നിര്‍വര്‍ഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി വിവിധയിനം കൂര്‍ക്കയും ചേമ്പും ചേന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ നടുന്നത്. വളം ജൈവകീടനാശിനി തുടങ്ങിയവയെല്ലാം ഗവേഷണകേന്ദ്രം നല്‍കും. മാതൃകാകൃഷിക്കാരനെ അഭിനന്ദിച്ച മന്ത്രി ഇത്തരം കൃഷിരീതികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അറിയിച്ചു. വീട്ടുകാര്‍ നല്കിയ കപ്പയും പുഴുക്കും ഇളംനീരും കഴിച്ചാണ് മന്ത്രി മടങ്ങിയത്. ഗവേഷണകേന്ദ്രം ഡയറക്ടര്‍ ജെയിംസ് ജോര്‍ജ്ജ് , ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്കുമാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.