ഹാട്രിക് നേടും: മന്‍ജിത് സിങ്

Monday 30 January 2017 12:39 am IST

ജലന്ധറിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പതിവിലും ശാന്തമായിരുന്നു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തളളിക്കയറ്റമോ ബഹളമോ ഇല്ല. ആകെയുള്ള കുറച്ചു പേര്‍ അവരവരുടെ ജോലിയില്‍ മുഴുകിയിരിക്കുന്നു. ആളനക്കമില്ലല്ലോയെന്ന ചോദ്യത്തിന് നേതാക്കളെല്ലാം പ്രചാരണ പരിപാടികളിലാണെന്നായിരുന്നു ഓഫീസ് ചുമതലയുളള സുധീര്‍ ഗുലേരിയയുടെ മറുപടി. പിന്നാലെ, ഓഫീസിലല്ലല്ലോ ജനങ്ങള്‍ക്കിടയിലല്ലേ നേതാക്കളുണ്ടാകേണ്ടതെന്ന മറുചോദ്യവും വന്നു. രാത്രി വൈകിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍ജിത് സിങ് റായ് ഓഫീസിലെത്തിയത്. സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മന്‍ജിത് സിങ് മികച്ച പ്രാസംഗികനുമാണ്. കേരളത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം സന്തോഷം മറച്ചുവെച്ചില്ല. കേരളത്തിലെ പ്രവര്‍ത്തകരെ നമിക്കുന്നുവെന്ന് പറഞ്ഞ് കൈകൂപ്പിയപ്പോള്‍ ആദ്യമൊന്നമ്പരന്നു. കണ്ണൂരിനെ കുറിച്ചായിരുന്നു പിന്നീട് അദ്ദേഹം സംസാരിച്ചത്. കോഴിക്കോട് ദേശീയ സമിതി യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ഭീകരതയെ കുറിച്ച് മന്‍ജിത് സിങ് മനസിലാക്കിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ബലിദാനികളുടെ ജീവത്യാഗവും വിശദീകരിക്കുന്ന 'ആഹുതി'യുടെ പേര് അദ്ദേഹം ഓര്‍ത്തെടുത്തു. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭീകരത ഞെട്ടിപ്പിക്കുന്നതാണ്. ബിജെപിക്കും ആര്‍എസ്എസിനും സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഇടത്പാര്‍ട്ടികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. അവിടങ്ങളില്‍ തിരിച്ചടിച്ചാല്‍ എന്താകും സ്ഥിതിയെന്ന് സിപിഎം ചിന്തിക്കണം. അദ്ദേഹം പറഞ്ഞു. ബിജെപി- അകാലിദള്‍ സഖ്യത്തില്‍ 23 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളെ പ്രത്യേകമായി പരിഗണിച്ചാണ് പ്രചാരണം മുന്നേറുന്നത്. മോദിയുടെ രണ്ട് റാലികള്‍ വന്‍ വിജയമായതിന്റെ ആത്മവിശ്വാസം മന്‍ജിത് സിങ്ങിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ? രണ്ട് തവണ സഖ്യത്തെ ജനങ്ങള്‍ തെരഞ്ഞടുത്തു. ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത് ഇത്തവണയും ജയിച്ച് ഹാട്രിക് നേടി ബിജെപിയും അകാലിദളും ചരിത്രം കുറിക്കും. ഭരണവിരുദ്ധ വികാരമല്ല, ഭരണത്തിന് അനുകൂലമായ വികാരമാണ് ജനങ്ങളിലുള്ളത്. പത്ത് വര്‍ഷം മുന്‍പത്തെ കോണ്‍ഗ്രസ് ഭരണം ജനങ്ങള്‍ മറന്നിട്ടില്ല. അഴിമതി മാത്രമായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ നേട്ടം. അന്ന് കര്‍ഷകര്‍ക്ക് വൈദ്യുതി ലഭിക്കാതിരുന്ന പഞ്ചാബ് ഇന്ന് വൈദ്യുതി മിച്ച സംസ്ഥാനമാണ്. പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടങ്ങള്‍ ജനം അംഗീകരിക്കുമെന്നാണ് വിശ്വാസം. ? മുഖ്യമന്ത്രി ബാദലിനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളുണ്ടല്ലോ സര്‍ക്കാരിന്റെ പ്രതിഛായ നശിപ്പിക്കാന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ ബാദലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തും, പഞ്ചാബിലെ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്തും 17 വര്‍ഷത്തോളം ബാദല്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയാണ് ബാദല്‍. ? ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്വാധീനം എഎപിക്ക് ഇപ്പോള്‍ പഞ്ചാബിലില്ല. പറഞ്ഞതിന് വിപരീതമായാണ് അവരുടെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പണം വാങ്ങിയാണ് കെജ്‌രിവാള്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്നതും പരസ്യമായി. എഎപി അഴിമതിപ്പാര്‍ട്ടിയാണ്. കെജ്‌രിവാളിനെ ജയിപ്പിച്ച ദല്‍ഹിയിലെ അവസ്ഥയെന്താണ്? അവിടെ ഭരണമുണ്ടോ? എല്ലാ മതങ്ങളുടെയും വികാരത്തെ ചൂഷണം ചെയ്ത് വോട്ടുനേടാനാണ് ആപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്. ? നോട്ട് റദ്ദാക്കല്‍ ജനവിധിയില്‍ പ്രതിഫലിക്കുമോ  നോട്ട് റദ്ദാക്കല്‍ ബിജെപിക്ക് അനുകൂലമാകും. കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന് ഒരു വോട്ടുപോലും ഈ വിഷയത്തില്‍ ലഭിക്കില്ല. നോട്ട് റദ്ദാക്കിയതിന് ശേഷം നടന്ന ചണ്ഡീഗഢ് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് ചരിത്രവിജയമാണ്. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാകും നോട്ട് നിരോധനം പ്രതിപക്ഷം ഇപ്പോള്‍ പ്രചാരണത്തില്‍ അത്രയേറെ ഉന്നയിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.