സിപിഎമ്മിന് എന്നാണ് ഗാന്ധിജി പ്രിയപ്പെട്ടവനായത് : കെ.പി.ഹരിദാസ്

Monday 30 January 2017 9:23 pm IST

കല്‍പ്പറ്റ : ഗാന്ധിജി വധിക്കപ്പെട്ട് 69 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് അദ്ദേഹം പ്രിയ്യപ്പെട്ടവനായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പി.ഹരിദാസ്. മാര്‍ക്സിസ്റ്റ്‌ അക്രമത്തിനെതിരെ കല്‍പ്പറ്റയില്‍ നടത്തിയ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ അംഗീകരിച്ചില്ലെന്നുമാത്രമല്ല, മിസ്റ്റര്‍ ഗാന്ധി എന്നാണ് മഹാത്മാഗാന്ധിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭിസംബോധന ചെയ്തത്. ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് വിധിയുണ്ടായിട്ടും കാര്യലാഭത്തിനായി ആര്‍എസ്എസിന്റെ മേല്‍ കുറ്റം കെട്ടിവെക്കുകയാണ് ചെയ്യുന്നത്. കേരള പിറവിക്കുശേഷം 225 ഓളം രാഷ്ട്രീയ കൊലപാതകം സംസ്ഥാനത്ത് നടന്നു. ഇതില്‍ ബഹുഭൂരിപക്ഷത്തിലും മാര്‍കിസ്റ്റ് പാര്‍ട്ടിയാണ് പ്രതിസ്ഥാനത്ത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം സംഘപരിവാറിലെ 87ഓളം പ്രവര്‍ത്തകരെ സിപിഎം കൊലകത്തിക്കിരയാക്കി. പാലക്കാട് വീട്ടമ്മയെ ചുട്ടുകരിച്ചതടക്കം നിരവധി പൈശാചിക കൊലപാതകങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയത്. അതില്‍ പട്ടികളും പാപ്പിനിശേരിയിലെ പാമ്പുകളടക്കമുള്ള ജീവികളും ആവാസ വ്യവസ്ഥയില്‍ മുഖ്യസ്ഥാനം വഹിക്കുന്ന കണ്ടല്‍ക്കാടുകളുംപ്പെടും. പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുശേഷം മൂന്ന് കത്തുകള്‍ ജിഷ്ണുവിന്റെ മാതാവ് മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും ഒരു മറുപടിയും നല്‍കാനോ വീട്ടില്‍വന്ന് ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രിക്ക് സമയമുണ്ടായില്ല. ജിഷ്ണുവിന്റെ കുടുംബം പാര്‍ട്ടി അനുഭാവികളായിട്ടുകൂടി മുഖ്യമന്ത്രി കൈയ്യൊഴിയുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ എന്‍എസ്എസിനോ എസ്എന്‍ഡിപിക്കോ പ്രവര്‍ത്തിക്കണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി കിട്ടേണ്ട അവസ്ഥയാണ്. ഫസല്‍ വധത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയപ്പോള്‍ നുണക്കഥയുണ്ടാക്കി സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ കേസ്സെടുക്കുകയാണ് പിണറായിയുടെ പോലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.