ആലപ്പുഴ: പാതയോരത്ത് ദിവസങ്ങളായി കിടന്നിരുന്ന മാരുതി വാനില്‍ നിന്നും നേരിയ തോതില്‍ ഗ്യാസ് ലീക്ക് ചെയ്തത് പരിഭ്രാന്തി പടര്‍ത്തി. തോണ്ടന്‍കുളങ്ങര ജങ്ഷന് തെക്കുവശം റോഡരുകില്‍ ട്രാന്‍സ്ഫോര്‍മറിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ നിന്നാണ് ഗ്യാസ് ചോര്‍ന്നത്.
ദിവസങ്ങളായി വാഹനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത് സമീപവാസികള്‍ നോര്‍ത്ത് പോലീസില്‍ ഇന്നലെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് നേരിയ തോതില്‍ ഇന്ധന ടാങ്കില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി കണ്ടെത്തിയത്.
വാഹനത്തില്‍ പത്തുലിറ്ററോളം പെട്രോള്‍ അടങ്ങുന്ന കന്നാസുമുണ്ടായിരുന്നു. പോലീസ് വാഹനത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. രജിസ്ട്രേഷന് രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാറ്ററിങ് സര്‍വീസ് നടത്തുന്ന കമ്പനിയുടെ വാഹനമാണെന്നും കേടായതുമൂലം കഴിഞ്ഞദിവസം റോഡരുകില്‍ പാര്‍ക്ക് ചെയ്തതാണെന്നും അറിയാന്‍ കഴിഞ്ഞു. പോലീസ് റിക്കവറി വെഹിക്കിളുപയോഗിച്ച് വാഹനം നോര്‍ത്ത് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: