ഭവന പദ്ധതി അഴിമതി നഗരസഭ ചെയര്‍പേഴ്‌സണും പങ്ക്: ബിജെപി സമരം ശക്തമാക്കി ബിജെപി കൗണ്‍സിലര്‍ കുഴഞ്ഞ് വീണു

Monday 30 January 2017 9:29 pm IST

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഭവന പുനരുദ്ധാരണ പദ്ധതി അഴിമതിയില്‍ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിമിനും പങ്കുണ്ടെന്ന് ബിജെപി കൗണ്‍സിലറും പ്രതിപക്ഷ നേതാവുമായ പി.രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും. അഴിമതി ആരോപണ വിധേയയായ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ വിളിച്ച് ചേര്‍ത്ത കൗണ്‍സില്‍ യോഗം ബിജെപി ഉപരോധത്തെ തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ പിരിച്ച് വിടേണ്ടി വന്നു. തുടര്‍ന്ന് നഗരസഭയിലെ അഴിമതി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചെയര്‍പേഴ്‌സന്റെ മുറിയിലേക്ക് പോയ ബിജെപി കൗണ്‍സിലര്‍മാരെ പിന്നാലെയെത്തിയ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ കൈയ്യേറ്റം ചെയ്യുകയും ദേഹോപദ്രമേല്‍പ്പിക്കുകയും ചെയ്തു. ലീഗ് അംഗങ്ങളുടെ അക്രമണത്തിനിടയില്‍ മുതിര്‍ന്ന് ബിജെപി കൗണ്‍സിലര്‍ സവിത ടീച്ചര്‍ കുഴഞ്ഞ് വീണു. ദേഹാസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ പിന്നീട് അനര്‍ഹരെ കൂട്ടിച്ചേര്‍ക്കുകയും അവരുടെ പേരില്‍ പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ബിഫാത്തിമയെനന്ന വ്യക്തി രണ്ടാമത്തെ പട്ടിക വരുമ്പോള്‍ ബിഫാത്തി ബഷീറോ, കരീമോ മറ്റോ ആയി മാറുന്നു. ഇങ്ങനെ വരുമ്പോള്‍ പുതിയ വ്യക്തിയുടെ പേരിലേക്ക് ഡിഡി മാറ്റുമ്പോള്‍ ബാങ്കിന് സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം. അതാ ആരാണ് എതാ അക്കൗണ്ടില്‍ നിന്നാണ് നല്‍കിയതെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കണം. ബിഫാത്തിമയെന്ന പേരില്‍ പാസ്സാക്കിയ ഡിഡി ഇപ്പോഴും ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിമിന്റെ കൈവശമുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കൈവശം സൂക്ഷിക്കുന്ന ഹാജര്‍ പുസ്തകം ചെയര്‍പേഴ്‌സണ്‍ ചേംബറിലേക്ക് വിളിപ്പിച്ച് വരുത്തുകയായിരുന്നു. അത് ആ ഉദ്യോഗസ്ഥന് തിരിച്ച് നല്‍കുമ്പോള്‍ അതില്‍ നിന്ന് പേജുകള്‍ കീറികളഞ്ഞ നിലയിലായിരുന്നു. ബിജെപി അംഗങ്ങള്‍ രജിസ്റ്റര്‍ കീറിയെന്ന കള്ളപ്പരാതിയുമായി ലീഗ് രംഗത്തെത്തിയിരുന്നു. ബിജെപി അംഗങ്ങള്‍ രേഖാമൂലം പരാതി നല്‍കി മുന്നോട്ട് പോയപ്പോള്‍ നഷ്ടപ്പെട്ട പേജുകള്‍ ഒട്ടിച്ച് ചേര്‍ത്ത് പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു ചെയ്തത്. മുസ്ലിം ലീഗ് ഓഫീസില്‍ രജിസ്റ്ററെത്തിച്ചാണ് നഷ്ടപ്പെട്ട പേജുകള്‍ ഒട്ടിച്ച് ചേര്‍ത്തതെന്ന് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. മുന്‍ ചെയര്‍മാന്‍ ഓഫീസ് സമയത്തിന് ശേഷം നഗരസഭയിലെത്തി ഫയലുകള്‍ പരിശോധിക്കുന്നതായി ബിജെപി അംഗങ്ങള്‍ ആരോപിച്ചു. വൈസ് ചെയര്‍മാന്റെ താല്‍ക്കാലിക പി.എ ആയിരുന്ന എം.കമറുദ്ദീന്‍ അനര്‍ഹമായി ഭവന നിര്‍മ്മാണ പദ്ധതിയുടെ തുക കൈപ്പറ്റിയിട്ടുണ്ട്. പണി പൂര്‍ത്തിയാക്കാത്ത അദ്ദേഹത്തിന്റെ ഭവനത്തിന് മുഴുവന്‍ തുകയും അനുവദിച്ചു. അഴിമതിയാരോപണം ഉയര്‍ന്നതോടെ മുഖം രക്ഷിക്കാനായി കമറുദ്ദീനെ തല്‍സ്ഥാനത്ത് നിന്ന് പിരിച്ചു വിട്ടിരുന്നു. അത് പോലെ നൈമുനിസയെയും മാറ്റി നിര്‍ത്താന്‍ ലീഗ് തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മറ്റൊരു കൗണ്‍സിലറായ സിയാനയുടെ ബന്ധുവിന് അനര്‍ഹമായി തുക നല്‍കിയിട്ടുണ്ട്. ഭവനപുനരുദ്ധാരണ പദ്ധതിയുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ അര്‍ഹരെ ഒഴിവാക്കിയും അനര്‍ഹരെ തിരുകിക്കയറ്റിയും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും ചില ഭരണപക്ഷ കൗണ്‍സിലര്‍മാരും നടത്തിയത്. ആദ്യം ഈ പദ്ധതിയില്‍ 60 പേരെ ഉള്‍പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കിയത്. പിന്നീട് തയ്യാറാക്കിയ പട്ടികയില്‍ 19 പേരെ കൂടി ഉള്‍പ്പെടുത്തുകയും ആദ്യത്തെ ലിസ്റ്റില്‍ നിന്ന് പലരെയും ഒഴിവാക്കുകയും ചെയ്തു. പട്ടികയില്‍ നഗരസഭാ ഭരണസമിതിക്ക് വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റി. ഈ ക്രമക്കേടുകള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനാണ്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് നഗരസഭാ ചെയര്‍പേഴ്‌സണും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും വഴിവിട്ട കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത്. ലിസ്റ്റില്‍ ഉള്‍പെട്ട ബീഫാത്വിമ എന്ന സ്ത്രീയുടെ പേരിലുള്ള ഡി ഡി അവര്‍ക്ക് നല്‍കാതെ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം കൈവശം വെക്കുകയായിരുന്നു. ബീഫാത്തിമ തനിക്ക് ഡി ഡി വന്നിട്ടുണ്ടോയെന്ന് നഗരസഭയില്‍ അന്വേഷിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ കൈമലര്‍ത്തുകയായിരുന്നു. അഴിമതി സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് നഗരസഭാ കാര്യാലയത്തില്‍ പരിശോധനക്കെത്തിയപ്പോള്‍ ചെയര്‍പേഴ്‌സണിന്റെ ഫോണില്‍ ബീഫാത്തിമയെ വിളിക്കുകയും ഡി ഡി ഒപ്പിട്ട് വാങ്ങണമെന്ന് നിര്‍ദേശിക്കുകയുമാണുണ്ടായത്. തട്ടിപ്പ് പുറത്തുവരുമെന്ന് ഭയന്ന് ചെയര്‍പേഴ്‌സണ്‍ തന്നെയാണ് ബീഫാത്തിമയെ ഫോണില്‍ വിളിച്ചതെന്നതിനും തെളിവുണ്ടെന്ന് പി.രമേശ് ചൂണ്ടിക്കാട്ടി. അഴിമതി ആരോപണത്തിന് വിധേയയായ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണെ പുറത്താക്കാന്‍ നഗരസഭാ ചെയര്‍പേഴ്ണ്‍ തയ്യാറാകാത്തത് അഴിമതിയില്‍ അവര്‍ക്കും പങ്കാളിത്തമുള്ളതുകൊണ്ടാണ്. ലീഗിലെ ഒരുവിഭാഗം അഴിമതി വിഷയം വര്‍ഗീയവല്‍ക്കരിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നത്. അഴിമതിക്ക് മതമില്ല. ആര് അത് നടത്തിയാലും അംഗീകരിക്കാനുമാവില്ലെന്ന് രമേശ് വ്യക്തമാക്കി. അഴിമതി നടത്തിയവര്‍ ആസാഥനത്ത് തുടരുന്നതിലൂടെ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, അനുകൂലമായ തെളിവുകള്‍ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ അവരെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി കൗണ്‍സിലര്‍മാരായ കെ.ജി.മനോഹരന്‍, സതീഷ് അണങ്കൂര്‍, രവികറന്തക്കാട്, അരുണ്‍ഷെട്ടി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.