കറുപ്പിന്റെ കുതിപ്പ്

Monday 30 January 2017 9:44 pm IST

ലോക ടെന്നീസില്‍ കറുപ്പിനഴക് വിരിയിച്ച സഹോദരിമാരാണ്  വീനസ് വില്യംസും സെറീന വില്യംസും. വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍, യുഎസ്, ഫ്രഞ്ച് ഓപ്പണുകള്‍ ഉള്‍പ്പെടെ ഗ്രാന്‍ഡ്സ്ലാം കിരീടപ്പോരാട്ടങ്ങളില്‍ ടെന്നീസിലെ പുതുയുഗത്തിന്റെ പിറവി അറിയിച്ചാണ് അമേരിക്കയുടെ ഈ കറുത്ത മുത്തുകള്‍ ജൈത്രയാത്ര നടത്തിയത്. ചേച്ചിയും അനുജത്തിയും തമ്മിലുള്ള കിരീടപ്പോരാട്ടങ്ങള്‍ക്ക് നിരവധി തവണ ടെന്നീസ് കോര്‍ട്ടുകള്‍ സാക്ഷ്യം വഹിച്ചു. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലും സഹോദരിപ്പോരായിരുന്നു. ചേച്ചി വീനസിനെ കീഴടക്കി  കിരീടം നേടിയപ്പോള്‍ അത് ഒരു ചരിത്രമായി. മറ്റൊരു ചരിത്രം കൈവിടുകയും ചെയ്തു. ഓപ്പണ്‍ യുഗത്തില്‍ 23 എന്ന ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളുടെറെക്കോര്‍ഡാണ് സെറീന സ്വന്തമാക്കിയത്്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോര്‍ഡാണ്  തോല്‍വിയോടെ വീനസിന് കൈയകലത്തില്‍ നഷ്ടമായത്. 22 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ ജര്‍മന്‍താരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നത്. സെറീനയുടെ ഏഴാം ഓസല്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടമാണിത്. സെറീന വില്യംസിന്് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തം പേരിലുണ്ട്. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം വിജയം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സെറീനയുടെ പേരില്‍ കുറിച്ചത്. ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത്. 1995ല്‍ പതിനാലാം വയസില്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയ സെറീന, ഈ കാലഘട്ടത്തിലെ ഇതിഹാസ താരമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. 1999 ല്‍ ഗ്രാന്‍ഡ്സ്ലാം കിരീടവേട്ടയ്ക്ക് തുടക്കമിട്ട സെറീന,നേടിയ 22 കിരീടങ്ങളില്‍ ആറെണ്ണം  സ്വന്തം നാട്ടുകാരുടെ മുന്നില്‍വച്ച് നേടിയ യുഎസ് ഓപ്പണ്‍ കിരീടമാണ്. ഇത് ഒമ്പതാം തവണയാണ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ഫൈനലില്‍ സെറീനയും വീനസും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴിലും ജയം സെറീനക്കൊപ്പം നിന്നു. രണ്ടു പേരും റെക്കോര്‍ഡിനായി റാക്കറ്റ് ഏന്തിയപ്പോള്‍ വനിതാ ടെന്നിസിലെ ഏറ്റവും വിലപിടിച്ച സോദരീ സംഗമമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കണ്ടത്. ചേച്ചിയെ മറികടന്ന് അനുജത്തി ഗ്രാന്‍ഡ്സ്ലാം കിരീടവും റെക്കോര്‍ഡും സ്വന്തമാക്കിയപ്പോള്‍ കൊച്ചനിയത്തിയിലൂടെ താനും വിജയിയായെന്ന് ചേച്ചി പറയുന്നു.  ഇത് കളിയിലെ ആവേശ മുഹൂര്‍ത്തങ്ങള്‍. സഹോദര സ്‌നേഹത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളും കൈകോര്‍ത്തു നിന്ന ഫൈനല്‍ പോരാട്ടം  പുത്തന്‍ അനുഭവമായി. വിജയത്തോടെ ലോക ഒന്നാം റാങ്ക്, ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബറില്‍ നിന്നു സെറീന   തിരിച്ചെടുക്കുകയും ചെയ്തു. ചരിത്രവിജയത്തിന്റെ ഉന്മാദത്തിലും സെറീന തന്റെ സഹോദരിയെ അഭിനന്ദിക്കാനാണ് ആദ്യം തന്നെ മുതിര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.'എന്റെ ഈ ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ എത്തില്ലായിരുന്നു. വില്യംസ് സഹോദരിമാര്‍ നിലനിന്നെങ്കില്‍ അതിനു കാരണം എന്റെ സഹോദരി മാത്രമാണ്. എന്നെ എന്റെ ഏറ്റവും മികച്ച നിലയിലേക്ക് ഉയര്‍ത്തിയതിന് നന്ദി'– സെറീന പറയുന്നു. മല്‍സരശേഷം ജയിച്ച പോരാളിയെപ്പോലെയായിരുന്നു തോറ്റ വീനസ്. 'ഇതെന്റെ കൊച്ചനുജത്തിയാണു കൂട്ടരേ. അഭിനന്ദനങ്ങള്‍ മോളേ! 23 വിജയങ്ങളിലും ഞാന്‍ നിന്റെ ഒപ്പമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാനാണ് നിനക്കു മുന്നില്‍ തോറ്റത്. പക്ഷേ, നിന്റെ വിജയങ്ങള്‍ എന്നും എന്റേതുംകൂടിയായിരുന്നു. എനിക്ക് അഭിമാനമാണ് തോന്നുന്നത്. നീയാണ് എന്റെ ലോകം.'–അനിയത്തിക്കു ചേച്ചിയുടെ ആദരവ് കലര്‍ന്ന ആശംസകള്‍. വില്യംസ് സഹോദരിമാരുടെ പേരാട്ടത്തിളക്കത്തില്‍ പുരുഷ വിഭാഗം ഫൈനലിന്റെ മാറ്റ് കുറഞ്ഞെങ്കിലും ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയ ക്ലാസിക് ഫൈനലിലായിരുന്നു.  അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ റാഫേല്‍ നദാലിനെ തോല്‍പിച്ച്  റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. മുപ്പത്തഞ്ചാം വയസ്സില്‍ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയ ഫെഡറര്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. കരിയറിലെ എണ്‍പത്തിയൊമ്പതാം കിരീടവും. ഇന്ത്യയുടെ നേട്ടം സാനിയ മിര്‍സ ഉള്‍പ്പെട്ട സഖ്യം  മിക്‌സ്ഡ് ഡബിള്‍സില്‍ ഫൈനലില്‍ കടന്നതായിരുന്നു. ഇവാന്‍ ഡോഡിഗിനൊപ്പം ഫൈനലില്‍ എത്തിയ സാനിയയ്ക്ക് ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടവിജയം നേടാനായില്ല. ഫൈനലില്‍ യുഎസ്-കൊളംബിയ ജോഡികളായ അബിഗെയ്ല്‍ സ്പിയേഴ്‌സ്-യുവാന്‍ സെബാസ്റ്റിയന്‍ കബാല്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.